പാതിരാത്രി ചൂടുള്ള സംവാദ വേദിയായി അരുന്ധതി റോയിയുടെ കാംപസ് സന്ദര്‍ശനം

ഫറോക്ക്: കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന സാഹിത്യോല്‍സവത്തില്‍ പങ്കെടുക്കാനെത്തിയ എഴുത്തുകാരി അരുന്ധതി റോയ് രാത്രി വൈകിയും വായനക്കാരോടൊപ്പം തിരക്കിലായിരുന്നു. ഫറോക്ക് ഇര്‍ശാദിയ കോളജ് വിദ്യാര്‍ഥി യൂണിയന്‍ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ രാത്രി പത്തരക്ക് അരുന്ധതിയെത്തി. പുസ്തകത്തെക്കുറിച്ച് സംവദിച്ചും വിദ്യാര്‍ഥികളുടെ അന്വേഷണങ്ങള്‍ക്ക് മറുപടി പറഞ്ഞും അവര്‍ രാത്രി പന്ത്രണ്ട് വരെ കാംപസില്‍ ചെലവഴിച്ചു. ദല്‍ഹി ജെഎന്‍യു കാംപസില്‍ പാതിരാവില്‍ സജീവമാവാറുള്ള സംവാദ സദസ്സുകളെ ഓര്‍മ്മിപ്പിക്കുംവിധമായിരുന്നു ഇര്‍ശാദിയ കോളജില്‍ നടന്ന മുഖാമുഖ സദസ്സ്. നേരത്തെ മേധ പട്കര്‍, റാണാ അയ്യൂബ്, ഇറോം ശര്‍മിള തുടങ്ങിയവരൊക്കെ ഇര്‍ശാദിയ കാംപസ് സന്ദര്‍ശിച്ചിട്ടുണ്ട്. പലരും രാത്രി നടക്കുന്ന പരിപാടിയിലാണ് പങ്കെടുത്തിട്ടുള്ളത്. നര്‍മദ, പോസ്‌കോ , കൂടംകുളം, നന്ദിഗ്രാം, പ്ലാച്ചിമട, ചെങ്ങറ തുടങ്ങിയ രാജ്യത്തെ എതാണ്ട് എല്ലാ ജനകീയ പ്രക്ഷോഭങ്ങളിലും ഇര്‍ശാദിയ വിദ്യാര്‍ഥികള്‍ നേരിട്ടെത്തി ഐക്യദാര്‍ഡ്യം അറിയിച്ച പാരമ്പര്യവും കാംപസിനുണ്ട്. ദല്‍ഹി ഐഐടിയിലെ അസി. പ്രൊഫസര്‍ ദിവാ ദിവേദിക്കൊപ്പം കാംപസിലെത്തിയ അരുന്ധതിയെ വിദ്യാര്‍ഥികള്‍ മുദ്രാവാക്യം വിളിച്ച് സ്വീകരിച്ചു. രാത്രിയെ വകവെക്കാതെ പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ അഞ്ഞൂറോളം വിദ്യാര്‍ഥികള്‍ അവരെ കേള്‍ക്കാനെത്തി. ‘മിനിസ്ട്രി ഓഫ് അറ്റ്‌മോസ്റ്റ് ഹാപ്പിനസ് എന്ന അവരുടെ പുസ്തകത്തെക്കുറിച്ച് സംസാരിച്ചാണ് അവര്‍ പ്രഭാഷണം ആരംഭിച്ചത്. വിയോജിക്കുന്നവരെ റദ്ദ് ചെയ്യുന്ന ജനാധിപത്യ കൈയേറ്റങ്ങള്‍ക്കെതിരേ അവര്‍ തുറന്നടിച്ചു. വൈവിധ്യം നിലനില്‍ക്കാതെ ജനാധിപത്യം സാധ്യമല്ല. ആദിവാസിക്കും ദളിതനും ന്യൂനപക്ഷങ്ങള്‍ക്കും അവരുടെയും കൂടിയുള്ള സമൂഹമാണെന്ന് ബോധ്യമാവണം. അവരുടെ സാഹചര്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള പ്രതിരോധങ്ങള്‍ക്ക് ഇടം ലഭിക്കണം. ജാതി പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാതെ വിവേചന രാഷ്ട്രീയത്തെക്കുറിച്ച് സംസാരിക്കുന്നത് അപൂര്‍ണമാണ്. സ്വത്വ പ്രതിസന്ധികള്‍ തീക്ഷണതയില്‍ തന്നെ അവതരിപ്പിക്കപ്പെടണം എന്നാല്‍ സ്വത്വ പ്രശ്‌നങ്ങളെ അതത് വിഭാഗങ്ങള്‍ തന്നെ പരിഹരിക്കട്ടെ എന്ന നിലപാടിലുടെ സമീപിക്കുന്നത് ശരിയല്ല. അവര്‍ പറഞ്ഞു. ഇര്‍ശാദിയ കോളജ് പ്രിന്‍സിപ്പല്‍ ഡോ. ആര്‍ യൂസുഫ് ഉപഹാരം നല്‍കി. വി എം ഇബ്രാഹിം, വി ഹാഷിം,  എ കെ ഹാരിസ്,  പി ബിഎം ഫര്‍മീസ് സംസാരിച്ചു.

RELATED STORIES

Share it
Top