പാതിതകര്‍ന്ന കെട്ടിടങ്ങള്‍ ജീവന് ഭീഷണിയാവുന്നു

പൊന്നാനി: പാതി തകര്‍ന്ന പൊന്നാനി അങ്ങാടിയിലെ കെട്ടിടം ഏതു നിമിഷവും നിലംപൊത്തുമെന്ന സ്ഥിതിയില്‍. പൊന്നാനി അങ്ങാടിയിലെ സിംല സ്‌റ്റോറിന് എതിര്‍വശത്തെ കെട്ടിടമാണ് അപകട ഭീഷണിയുയര്‍ത്തി നില്‍ക്കുന്നത്. പൊന്നാനി ടൗണ്‍ നവീകരണത്തിന്റെ ഭാഗമായി കാലപ്പഴക്കമേറിയ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കുമെന്ന അധികൃതരുടെ വാഗ്ദാനങ്ങള്‍ പാഴ് വാക്കായതോടെയാണ് കെട്ടിടം ജീവന് ഭീഷണിയായി നിലകൊള്ളുന്നത്. കെട്ടിടത്തിന്റെ ഒരു ഭാഗം നേരത്തെ തന്നെ തകര്‍ന്നിരുന്നു.
തകര്‍ന്ന ഭാഗത്തെ ഓടുകളും, കഴുക്കോലുമുള്‍പ്പെടെയുള്ള അവശിഷ്ടങ്ങള്‍ ഇപ്പോഴും ഇവിടെ കെട്ടിക്കിടക്കുകയാണ്.
പതിറ്റാണ്ടുകള്‍ പഴക്കമുള്ള കെട്ടിടത്തിന്റെ പാതി തകര്‍ന്ന് വീണതോടെ ബാക്കിയുള്ള ഭാഗവും, പൊളിച്ചു മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും ഇത് നടപ്പായില്ല. പാതി തകര്‍ന്ന കെട്ടിടത്തിന്റെ മുകളിലെ ചുമര്‍ റോഡിലേക്ക് തള്ളി നില്‍ക്കുന്നതാണ് നാട്ടുകാരില്‍ ഭീതിയുണര്‍ത്തുന്നത്. കൂടാതെ കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ ഇപ്പോഴും കടകള്‍ പ്രവര്‍ത്തിക്കുന്നതും, വലിയ അപകടങ്ങള്‍ക്കാണ് ഇടവരുത്തുക. തിരക്കേറിയ അങ്ങാടിയില്‍ ആയിരക്കണക്കിന് പേരാണ് ഇതുവഴി വാഹനങ്ങളിലും, കാല്‍നടയായും സഞ്ചരിക്കുന്നത്. കെട്ടിടം തകര്‍ന്നു വീഴാറായ കെട്ടിടത്തിന് താഴെ നെഞ്ചിടിപ്പോടെയാണ് വാഹനങ്ങള്‍ പോവുന്നത്.
വലിയൊരു കാറ്റും മഴയും വന്നാല്‍ കെട്ടിടം നിലംപൊത്തുമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.നേരത്തെയും, കാറ്റിലും മഴയിലുമാണ് കെട്ടിടത്തിന്റെ ഒരു ഭാഗം തകര്‍ന്ന് വീണത് രാത്രിയിലായതിനാല്‍ വന്‍ ദുരന്തം ഒഴിവായിരുന്നു. നിരവധി തവണ നാട്ടുകാര്‍ ഇതിനെതിരെ പരാതി നല്‍കിയിട്ടും അധികൃതര്‍ക്ക് കുലുക്കമില്ലെന്നാണ് ആക്ഷേപം.വലിയൊരു ദുരന്തം സംഭവിക്കുന്നതിന് മുമ്പേ കെട്ടിടം പൊളിച്ചു മാറ്റണമെന്ന ആവശ്യം ശക്തമാണ്.

RELATED STORIES

Share it
Top