പാതാളം റെഗുലേറ്റര്‍ ബ്രിഡ്ജിന് സമീപം പുഴ കറുത്തൊഴുകി

ഏലൂര്‍: പെരിയാറിന്റെ കൈവഴിയായ പാതാളം പുഴയിലേക്ക് വ്യവസായ മാലിന്യം ഒഴുക്കിയതിനെ തുടര്‍ന്ന് പുഴ കറുത്തൊഴുകി. പാതാളം റെഗുലേറ്റര്‍ ബ്രിഡ്ജിന് സമീപം കെട്ടിക്കിടന്ന മാലിന്യം ഷട്ടര്‍ തുറന്ന് ഒഴുക്കികളയാനുള്ള അധികൃതരുടെ നീക്കം നാട്ടുകാരുടെ പ്രതിഷേധത്തിന് ഇടയാക്കി. ഇന്നലെ പുലര്‍ച്ചെ മുതലാണ് പുഴയിലെ വെള്ളത്തില്‍ കറുത്ത നിറത്തിലുള്ള പാടയും ചെളി രൂപത്തിലുള്ള മാലിന്യവും  പാതാളം റെഗുലേറ്റര്‍ ബ്രിഡ്ജിനു സമീപങ്ങളില്‍ നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്ന് നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഏലൂരിലെ മലിനീകരണ നിയന്ത്രണ ബോഡില്‍ നിന്നും ജീവനക്കാരെത്തി മാലിന്യത്തിന്റെ സാംപിള്‍ ശേഖരിച്ചു. പിസിബി അധികൃതര്‍ വ്യവസായശാലകളില്‍ നടത്തിയ പരിശോധനയില്‍ മാലിന്യം ഒഴുക്കിയതായി ഒന്നും കണ്ടെത്താനായിട്ടില്ലെന്ന് പിസിബി അധികൃതര്‍ പറഞ്ഞു. ഇതിനിടെ ബ്രിഡ്ജിനു സമീപം കെട്ടിക്കിടക്കുന്ന മാലിന്യം തുറന്ന്‌വിടാന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ഇറിഗേഷന്‍ വകുപ്പ് ഷട്ടര്‍ തുറക്കാന്‍ ശ്രമിച്ചത് പരിസ്ഥിതി പ്രവര്‍ത്തകരുടെയും നാട്ടുകാരുടെയും പ്രതിഷേധത്തിന് വഴിവച്ചു. ഷട്ടര്‍ തുറന്ന് ബ്രിഡ്ജിന് പുറത്തെ വെള്ളത്തില്‍ കലര്‍ന്നാല്‍ മല്‍സ്യസമ്പത്തിനെ ഗുരുതരമായി ബാധിക്കുമെന്ന് പ്രതിഷേധക്കാര്‍ അറിയിച്ചു. വിവരമറിഞ്ഞ് പറവൂര്‍ തഹസില്‍ദാര്‍ എം എച്ച് ഹരീഷിന്റെ നേതൃത്വത്തില്‍ റവന്യൂ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. തുടര്‍ന്ന് നാട്ടുകാരും മലിനീകരണ നിയന്ത്രണ ബോഡ് ഉദേ്യാഗസ്ഥരുമായി നടത്തിയ ചര്‍ച്ചയില്‍ മാലിന്യത്തിന്റെ ഉറവിടം അറിഞ്ഞതിനുശേഷമേ ഷട്ടര്‍ തുറന്ന് ഒഴുക്കാവൂ എന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. അല്ലെങ്കില്‍ മാലിന്യം കോരി മാറ്റിയശേഷമേ ഷട്ടര്‍ തുറക്കാവൂ എന്നും മാലിന്യം അപകടകരമായ രാസമാലിന്യമാണെങ്കില്‍ അത് അമ്പലമേട്ടിലേക്കെത്തിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. അതേ തുടര്‍ന്ന് മാലിന്യം എടുത്തുമാറ്റാന്‍ തഹസില്‍ദാര്‍ നിര്‍ദേശിക്കുകയായിരുന്നു. അതനുസരിച്ച് പിസിബി, ടി സിസി കമ്പനിയുടൈ സഹായത്തോടെ കെട്ടിക്കിടന്ന മാലിന്യം വൈകീട്ടോടെ  എടുത്ത് മാറ്റി. ഗുരുതരമായ നിലയില്‍ പുഴയില്‍ മാലിന്യം കണ്ടെത്തിയിട്ട് ഏലൂര്‍ നഗരസഭയില്‍ നിന്നും ജനപ്രതിനിധികള്‍ ഉള്‍പ്പെടെ ആരും സംഭവസ്ഥലത്ത് എത്താതിരുന്നത് പ്രതിഷേധത്തിന് വഴിവച്ചു.

RELATED STORIES

Share it
Top