പാണ്ടിയില്‍ ചുഴലിക്കാറ്റ്; വീടുകളും വ്യാപാര സ്ഥാപനങ്ങളും തകര്‍ന്നു

അഡൂര്‍: ദേലംപാടി പഞ്ചായത്തിലെ അഡൂര്‍ പാണ്ടിയില്‍ ഇന്നലെ ഉച്ചയോടെയുണ്ടായ ചുഴലിക്കാറ്റില്‍ വ്യാപകമായ നാശനഷ്ടം. അഞ്ച് വീടുകള്‍ക്കും ആറ് വ്യാപാര സ്ഥാപനങ്ങള്‍ക്കും നഷ്ടം സംഭവിച്ചു. പാണ്ടി ജിഎച്ച്എസ്എസിന്റെ നിരവധി ഓടുകള്‍ കാറ്റില്‍ ഇളകി.
നിരവധി ചെറുതും വലുതുമായ മരങ്ങള്‍ കടപുഴകി. പാണ്ടിയിലെ മുഹമ്മദ് കുഞ്ഞിയുടെ കോണ്‍ക്രീറ്റ് വീടിന് മുകളില്‍ തെങ്ങ് വീണു. വീടിന്റെ ഒരു ഭാഗം തകര്‍ന്നു. പാണ്ടിയിലെ നാരായണി, രമേശന്‍, ജാനകി, കൃഷ്ണന്‍ എന്നിവരുടെ ഓടിട്ട വീടുകള്‍ക്കും നാശനഷ്ടമുണ്ടായി. വീടുകളുടെ ഓടുകള്‍ കാറ്റില്‍ നിലംപൊത്തിയതിനാല്‍ പല വീടുകളിലും മഴവെള്ളം കയറി. പാണ്ടി അയ്യപ്പഭജന മന്ദിരത്തിന്റെയും കഞ്ഞിപ്പുരയുടെയും മേല്‍ക്കുര കാറ്റില്‍ തകര്‍ന്നു. പാണ്ടി ടൗണിലെ ആറോളം വ്യാപാര സ്ഥാപനങ്ങളുടെ മേല്‍ക്കൂരയും തകര്‍ന്നു.
കരി, ദിവാകരന്‍ എന്നിവരുടെ സ്‌റ്റേഷനറി കട, ഷാജിയുടെ പച്ചക്കറി കട, ലക്ഷ്മിയുടെ ടൈലറിങ് കട എന്നിവയ്ക്കും നാശനഷ്ടമുണ്ടായി. കടകളുടെ മേല്‍ക്കൂരകളും ബോര്‍ഡുകളും തകര്‍ന്നു. മഴവെള്ളം കടയില്‍ കയറിയതിനാല്‍ സാധനങ്ങള്‍ നശിച്ചു. അഡൂര്‍ സര്‍വീസ് സഹകരണ ബേങ്കിന്റെ ബോര്‍ഡും കാറ്റില്‍ ഇളകി വീണു. നിരവധി സ്ഥലങ്ങളിലെ വൈദ്യുതി തൂണുകള്‍ തകരുകയും അപകടാവസ്ഥയിലുമായി. വൈദ്യുതി ബന്ധവും നിലച്ചു. ഉച്ചയ്ക്ക് രണ്ടരയ്ക്കും മുന്നിനും ഇടയിലാണ് ഇവിടെ ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്.
വീടുകളിലുണ്ടായിരുന്നവര്‍ പുറത്തേക്കോടിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. കാറ്റിനൊപ്പം ശക്തമായ മഴ പെയ്തതിനാല്‍ പല സ്ഥലങ്ങളിലും വെള്ളം കയറി. കൃഷിയിടങ്ങള്‍ക്കും നാശനഷ്ടമുണ്ടായി.പാണ്ടി മുതല്‍ അര്‍ത്ത്യ വരേയുള്ള പാതയോരങ്ങളിലെ വനം വകുപ്പിന്റെ ഉടമസ്ഥതയിലുള്ള 500ഓളം കൂറ്റന്‍ മരങ്ങള്‍ കടപുഴകി വീണു. ഗതാഗതം തടസ്സപെട്ടു. വൈദ്യുതി എച്ച്ടി ലൈനുകള്‍ക്ക് മുകളില്‍ മര വീണ് വൈദ്യുതി ബന്ധം പൂര്‍ണമായും നിലച്ചു.

RELATED STORIES

Share it
Top