പാണാകേരി പാടശേഖരത്തിലെ കര്‍ഷകര്‍ ആശങ്കയില്‍

തിരുവല്ല:  പെരിങ്ങര പഞ്ചായത്തിലെ പാണാകേരി പാടശേഖരത്തിലെ കര്‍ഷകര്‍ ആശങ്കയില്‍. വിളവെടുപ്പിന് പാകമായ നെല്‍പ്പാടങ്ങളില്‍ കൊയ്ത്ത് യഥാസമയം നടക്കാതെ വന്ന സാഹചര്യത്തിലാണ് കര്‍ഷകര്‍ അങ്കലാപ്പില്‍ ആയിട്ടുള്ളത്.
225 ഏക്കറോളം വിസ്തൃതിയുള്ള പാണാകേരി പാടശേഖരത്ത് കഴിഞ്ഞ 12ന് കൊയ്ത്തിന് തുടക്കം കുറിച്ചുവെങ്കിലും ശരിയായ വിളവ് ആയിട്ടില്ലെന്ന കാരണത്താല്‍ തമിഴ്‌നാട്ടില്‍ നിന്നും എത്തിയ കൊയ്ത്ത് യന്ത്രങ്ങള്‍ കുട്ടനാട്ടിലും, മറ്റ് പാടശേഖരങ്ങളിലും കൊയ്ത്തിന് പോയതോടെ യന്ത്രം കിട്ടാതെ വന്നതാണ് കര്‍ഷകര്‍ക്ക് വിനയായത്.
ഇതിനോടകം ഏകദേശം 50 ഏക്കറോളം പാടശേഖരത്തിലെ കൊയ്ത്ത് മാത്രമാണ് പൂര്‍ത്തിയായത്. ഇനി 175 ഏക്കറോളം കൊയ്യാനുമുണ്ട്. അടുത്ത ദിവസങ്ങളില്‍ പ്രകൃതിയിലുണ്ടായിട്ടുള്ള മാറ്റങ്ങള്‍ കര്‍ഷകരെ ഭീതിയിലാക്കിയിരിക്കുകയാണ്. വേനല്‍മഴ കനത്താല്‍ കൃഷി നാശം തന്നെ സംഭവിക്കാനിടയാകുമെന്ന ഭീതിയിലാണ് കര്‍ഷകര്‍. ഇത് തരണം ചെയ്യാന്‍ കൊയ്ത്ത് യന്ത്രങ്ങള്‍ തേടി കര്‍ഷകര്‍ അലയുകയാണ്.
സ്ഥിരമായി തമിഴ്‌നാട്ടില്‍ നിന്നും ഇടപാടുകാര്‍ മുഖേന എത്തിയിരുന്ന കൊയ്ത്ത് യന്ത്രങ്ങള്‍ ലഭിക്കാതെ വന്നതോടെ കാവുംഭാഗം ആഗ്രോ ഇന്‍ഡസ്ട്രീസില്‍ നിന്നും ഏര്‍പ്പെടുത്തിയ ഒരു കൊയ്ത്ത് യന്ത്രം ഉപയോഗിച്ച് കഴിഞ്ഞ ദിവസം കൊയ്ത്ത് ആരംഭിച്ചുവെങ്കിലും തുടര്‍ച്ചയായി യന്ത്രം തകരാറിലാകുന്ന അവസ്ഥ സംജാതമായതോടെ നിരാശയിലാണ് കര്‍ഷകര്‍.
ഇതിനിടെ തമിഴ്‌നാട്ടില്‍ നിന്നുള്ള മറ്റൊരു യന്ത്രം ക്രമീകരിച്ചിട്ടുണ്ടെങ്കിലും മുഴുവന്‍ പാടശേഖരങ്ങളിലെയും വിളവെടുപ്പ് സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ ആവില്ല. മറ്റ് യന്ത്രങ്ങള്‍ തേടി അലയുമ്പോഴും, മഴ ചതിക്കല്ലേ എന്ന പ്രാര്‍ത്ഥന മാത്രമാണ് പാവപെട്ട കര്‍ഷകര്‍ ഓരോ നിമിഷവും ഉരുവിടുന്നത്.

RELATED STORIES

Share it
Top