പാണമ്പ്ര വളവിലെ അപകടം: സമരവുമായി വടിക്കാക്ക

മലപ്പുറം: തേഞ്ഞിപ്പലം പാണമ്പ്ര വളവില്‍ നിരന്തരം ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന വാഹനാപകടങ്ങള്‍ക്ക് അറുതിവരുത്തണമെന്ന ആവശ്യവുമായി മലപ്പുറം കലക്ടറേറ്റിനുമുന്നില്‍ ഒറ്റയാള്‍ സമരം. കൊണ്ടോട്ടി നീറാട് സ്വദേശി 'വടിക്കാക്ക' എന്ന പേരിലറിയപ്പെടുന്ന അബ്ദുല്‍മജീദാണ് ഇന്നലെ ഉച്ചയ്ക്ക് ഫഌക്‌സുമായി മലപ്പുറം കലക്ടറേറ്റിനുമുന്നില്‍ ഒറ്റയാള്‍ സത്യഗ്രഹമമിരുന്നത്.
നാനൂറിലധികം വ്യവസായ സ്ഥാപനങ്ങളും ഓഫിസുകളും പ്രവര്‍ത്തിക്കുന്ന തേഞ്ഞിപ്പലത്ത് ഫയര്‍ സ്റ്റേഷന്‍ അനുവദിക്കുക, തേഞ്ഞിപ്പലം ഐഒസി പ്ലാന്റില്‍ ഫയര്‍ എന്‍ജിനുകള്‍ സ്ഥിരം സംവിധാനിക്കുക, പാണമ്പ്ര വളവില്‍ തെരുവുവിളക്കുകളും ഡിവൈഡര്‍ റിഫഌക്ടറുകളും റോഡിനു മുന്നില്‍ അപകട മുന്നറിയിപ്പു ബോര്‍ഡുകളും സ്ഥാപിക്കുക, അപകടങ്ങള്‍ക്കു കാരണമാവുന്ന അശാസ്ത്രീയ വളവ് നിവര്‍ത്തുക, റോഡിലെ ക്ലിപ് ഹംപുകള്‍ പുതുക്കി പണിയുക, ഫയര്‍ സ്റ്റേഷന് ആവശ്യമായ ഭൂമി കാലിക്കറ്റ് സര്‍വകലാശാല അനുവദിക്കുക ആവശ്യങ്ങളാണ് അദ്ദേഹം ഉന്നയിച്ചത്. കഴിഞ്ഞ ദിവസവും പാണമ്പ്ര വളവില്‍ ഗ്യാസ് ടാങ്കര്‍ ലോറി മറിഞ്ഞ് വാതക ചോര്‍ച്ചയുണ്ടായിരുന്നു. കഴിഞ്ഞ പത്തുവര്‍ഷത്തിനുള്ളില്‍ നൂറിലേറെ പേര്‍ക്കാണ് ഇവിടെ വാഹനാപകടങ്ങളിലൂടെ ജീവഹാനി നേരിട്ടത്. പ്രശസ്ത സിനിമാ താരം ജഗതി ശ്രീകുമാര്‍ ഉള്‍പ്പെടെ നിരവധി പേര്‍ അപകടങ്ങളില്‍പ്പെട്ട് നിത്യദുരിതത്തിലുമാണ്. സാമൂഹിക സേവനം ജീവിത തപസ്യയാക്കിയ വടിക്കാക്ക ഈ പശ്ചാത്തലത്തിലാണ് ഒറ്റയാള്‍ സമരത്തിനെത്തിയത്. വൈകീട്ട് ആറുവരെ ഇദ്ദേഹം കലക്ടറേറ്റിനുമുന്നില്‍ സത്യഗ്രഹമിരുന്നു.
റോഡിലൂടെ നടന്നുപോവുന്ന നിരാലംബര്‍ക്ക് ഊന്നുവടികള്‍ സൗജന്യമായി നല്‍കുന്ന പതിവുള്ളതുകൊണ്ടാണ് അബ്ദുല്‍മജീദിനെ വടിക്കാക്ക എന്നുവിളിക്കുന്നത്. പാണമ്പ്രയിലെ അപകടങ്ങള്‍ക്കെതിരേ ബോധവല്‍ക്കരണ സത്യഗ്രഹവുമായെത്തിയ അബ്ദുല്‍ മജീദ് ജില്ലാ കലക്ടര്‍ക്കും ദേശീയപാത അതോറിറ്റിക്കും തന്റെ നിര്‍ദേശങ്ങള്‍ എഴുതി സമര്‍പ്പിക്കാനിരിക്കുകയാണ്. വാഹനാപകടങ്ങളില്ലാത്ത പാണമ്പ്ര വളവെന്ന സ്വപ്‌നമാണ് തനിക്കുള്ളതെന്ന് അദ്ദേഹം പറഞ്ഞു.

RELATED STORIES

Share it
Top