പാഡികോ മോഡേണ്‍ റൈസ്മില്‍ കര്‍ഷകര്‍ക്ക് പ്രതീക്ഷയേകുന്നു

പാലക്കാട്: എലപ്പുള്ളിയില്‍ പാഡികോയുടെ റൈസ്മില്‍ നവീകരിച്ചതോടെ കര്‍ഷകരുടെ പ്രതീക്ഷയുമേറി. 1.72 കോടി രൂപ ചെലവഴിച്ചാണ് പാഡി പാര്‍ബോയിലിങ് ആന്റ് ഡ്രൈയര്‍ സംവിധാനത്തോടെ റൈസ്മില്‍ നവീകരിച്ചത്. ഇതോടെ ഇവിടെ പ്രതിദിനം 60 ടണ്‍ നെല്ല് സംസ്‌കരിക്കാനാവും.
നെല്ല് പുഴുക്കി ഉണക്കിയശേഷം പുറത്തുവരും. നിലവില്‍ നെല്ല് പുഴുക്കുന്ന സംവിധാനമുള്ള മില്ലുകളില്‍ ചൂട് വികിരണത്തില്‍ ഏറ്റക്കുറച്ചിലുകളുണ്ടാവും. നിലവിലെ സംവിധാനത്തില്‍ താഴെ ഏറ്റവും കൂടുതല്‍ ചൂടും മുകളില്‍ കുറവു ചൂടുമായതിനാല്‍ അരിയുടെ ഗുണനിലവാരത്തില്‍ വ്യതിയാനമുണ്ടാകും.
എന്നാല്‍, പുതിയ സംവിധാനത്തില്‍ അരിയുടെ ഗുണനിലവാരവും ഏകീകരിക്കാനാവും. ദിവസവും രണ്ടു ഷിഫ്റ്റുകള്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ 30 ടണ്‍ വീതമുള്ള ഓരോ ഷിഫ്റ്റിലും ആദ്യ ഷിഫ്റ്റില്‍ പുഴുക്കി ഉണക്കലും അടുത്തത് അരക്കുന്നതുമാണ്. നിലവിലുണ്ടായിരുന്ന പാഡികോയുടെ മില്‍ പൊളിച്ചുമാറ്റിയാണ് പുതിയത് നിര്‍മിച്ചിരിക്കുന്നത്.
ജില്ലയില്‍ തന്നെ 38 പാടശേഖര സമിതികളില്‍ നിന്നാണ് പാഡികോ നെല്ല് സംഭരിക്കുന്നതെങ്കില്‍ പുതിയ യൂനിറ്റ് പ്രവര്‍ത്തനസജ്ജമാകുന്നതോടെ കൂടുതല്‍ പാടശേഖരസമിതികളില്‍ നിന്നും നെല്ല് സംഭരിക്കാനാവുമെന്നതും മേന്മയാണ്.
നിലവില്‍ സഹകരണമേഖലയ്ക്ക് സംഭരണം നിശ്ചയിച്ചെങ്കിലും അടിസ്ഥാനസൗകര്യമില്ലെന്നു കാണിച്ച് സപ്ലൈകോ തന്നെയാണ് ഇപ്പോഴും ജില്ലയില്‍ നെല്ല് സംഭരണമേറ്റെടുത്തിരിക്കുന്നത്.
ആധുനിക റൈസ്മില്‍ വ്യാഴാഴ്ച വ്യവസായമന്ത്രി പി ജയരാജന്‍ ഉത്ഘാടനം ചെയ്തിരുന്നു. നെല്ലറയുടെ നാടായിട്ടും ജില്ലയില്‍ കാര്‍ഷികമേഖലയിലെ ഏറ്റക്കുറച്ചിലുകള്‍ നെല്‍കര്‍ഷകരെ ദുരിതത്തിലാക്കുന്നുണ്ട്. നെല്ലുത്പാദനം കുറയുന്നതും നെല്ലുസംഭരണത്തിലെ അപാകതകളുമെല്ലാം ദുരിതംതീര്‍ക്കുന്ന കര്‍ഷകര്‍ക്ക് ഇനി അഭിമാനിക്കാനേറെയാണ്.

RELATED STORIES

Share it
Top