പാഠ്യപദ്ധതിയില്‍ സംരംഭകത്വം ഉള്‍പ്പെടുത്തുന്നത് പരിഗണനയില്‍

കൊച്ചി: സ്‌കൂള്‍, കോളജ് തലം മുതല്‍ പാഠ്യപദ്ധതിയില്‍ സംരംഭകത്വം ഉള്‍പ്പെടുത്തുന്ന കാര്യം സജീവ പരിഗണനയിലാണെന്ന് തൊഴില്‍, നൈപുണി വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി ടോം ജോസ്് പറഞ്ഞു. ഇന്ത്യ സ്‌കില്‍സ് കേരള 2018 പോലുള്ള നൈപുണി മേളകളില്‍ സംരംഭകതാല്‍പര്യമുള്ളവര്‍ക്ക് എല്ലാവിധ പ്രോല്‍സാഹനവും സംസ്ഥാന സര്‍ക്കാര്‍ നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.
വ്യാവസായിക പരിശീലന വകുപ്പും കേരള അക്കാദമി ഫോര്‍ സ്‌കില്‍ എക്‌സലന്‍സും (കെയ്‌സ്) സംയുക്തമായി സംഘടിപ്പിക്കുന്ന നൈപുണി മേളയില്‍ മല്‍സരങ്ങള്‍ നടക്കുന്ന സ്റ്റാളുകള്‍ സന്ദര്‍ശിക്കാനെത്തിയതായിരുന്നു അദ്ദേഹം. കേരളത്തില്‍ സംരംഭകതാല്‍പര്യമുള്ള യുവാക്കള്‍ പൊതുവെ കുറവാണെന്നതാണ് യാഥാര്‍ഥ്യമെന്ന് അദ്ദേഹം പറഞ്ഞു. സ്‌കൂള്‍തലം മുതല്‍ ഈ വിഷയം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയാല്‍ വിദ്യാര്‍ഥികളുടെ മനോഭാവത്തില്‍ വലിയ മാറ്റങ്ങളുണ്ടാവും. ഇതാണ് സര്‍ക്കാരിന്റെ സജീവ പരിഗണനയിലുള്ളത്. ഇന്ത്യ സ്‌കില്‍സ് കേരള 2018ല്‍ ഉരുത്തിരിയുന്ന നൂതനമായ ആശയങ്ങളെയും മാതൃകകളെയും സര്‍ക്കാര്‍ സംവിധാനത്തിലേക്ക് ഏറ്റെടുക്കാനുള്ള പദ്ധതിയുണ്ട്. പൊതുമാനദണ്ഡങ്ങള്‍ പാലിച്ചുള്ള വിലയിരുത്തലിനു ശേഷമായിരിക്കും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നടപടിയെടുക്കുകയെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനമൊട്ടാകെ നടന്ന ഇന്ത്യ സ്‌കില്‍സ് കേരള 2018 മല്‍സരങ്ങളില്‍ ആകെ 7,422 പേരാണ് 20 ട്രേഡുകളിലായി പങ്കെടുത്തത്. അതില്‍ നിന്നു വിജയികളായ 112 പേരാണ് രണ്ടുദിവസങ്ങളിലായി കൊച്ചിയില്‍ നടക്കുന്ന സംസ്ഥാനതല മല്‍സരത്തില്‍ മാറ്റുരയ്ക്കുന്നത്.

RELATED STORIES

Share it
Top