പാഠപുസ്തകത്തില്‍ മാത്രം ഒതുങ്ങുന്നതല്ല വിദ്യാഭ്യാസം: പ്രഫ. പി ജെ കുര്യന്‍പത്തനംതിട്ട: ആഴത്തിലുള്ള വായന പുതിയ തലമുറയ്ക്ക് ഇല്ലാതെ പോകരുതെന്ന് രാജ്യസഭാ ഉപാധ്യക്ഷന്‍ പി ജെ കുര്യന്‍ പറഞ്ഞു. 10,12, ബിരുദ ക്ലാസുകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ ആദരിക്കുന്നതിനായി ഡിസിസി സംഘടിപ്പിച്ച അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്യുകായിരുന്നു അദ്ദേഹം. പാഠപുസ്തകത്തിലെ അറിവില്‍ മാത്രം ഒതുങ്ങുന്നതല്ല വിദ്യാഭ്യാസം. പാഠപുസ്തകത്തിനും അപ്പുറത്തുള്ള ലോകത്തേക്ക് ഇറങ്ങി ചെല്ലാന്‍ ഓരോ വിദ്യാര്‍ത്ഥിയ്ക്കും കഴിയണം. എന്നാല്‍ പാഠപുസ്തകത്തിലെ വായനയില്‍ മാത്രം ഒതുങ്ങുകയാണ് ഇന്ന് പലരും. മാര്‍ക്കു നേടുന്നതു മാത്രമല്ല വിദ്യാഭ്യാസത്തിലൂടെ ലക്ഷ്യംവെയ്ക്കുന്നത്. അതിനും അപ്പുറമുള്ള വലിയ ലക്ഷ്യങ്ങളിലേക്ക് വിദ്യാര്‍ത്ഥികള്‍ മുന്നേറണം. മാര്‍ക്കു നേടുന്നതിനോടൊപ്പം ഉത്തമ പൗരന്മാരായി തീരുകയും ചെയ്യുമ്പോഴാണ് വിദ്യാഭ്യാസം അതിന്റെ ലക്ഷ്യത്തിലേക്ക് എത്തുന്നതെന്നും രാജ്യസഭാ ഉപാധ്യക്ഷന്‍ പറഞ്ഞു. ഡിസിസി പ്രസിഡന്റ് ബാബു ജോര്‍ജ് അധ്യക്ഷത വഹിച്ചു. മുന്‍ ഡിസിസി പ്രസിഡന്റ് പി മോഹന്‍രാജ്, യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ പന്തളം സുധാകരന്‍, കെപിസിസി സെക്രട്ടറി പഴകുളം മധു, പ്രഫ. സതീഷ് കൊച്ചുപറമ്പില്‍ സംസാരിച്ചു. മുന്‍ ഡിജിപി ഡോ. അലക്‌സാണ്ടര്‍ ജേക്കബ്, ഡല്‍ഹി ഐഐടി റിട്ട. പ്രഫ. കെ ജി ബാലകൃഷ്ണന്‍ കരിയര്‍ ഗൈഡന്‍സ് ക്ലാസിന് നേതൃത്വം നല്‍കി. മദ്രാസ് ഐഐടി റാങ്ക് ജേതാവ് അഖില്‍ കൃഷ്ണനെയും ചടങ്ങില്‍ ആദരിച്ചു.

RELATED STORIES

Share it
Top