പാട്ടുവിവാദത്തിന്റെ പിന്നാമ്പുറക്കഥകള്‍

'മാണിക്യമലരായ പൂവി' എന്നു തുടങ്ങുന്ന ഗാനം, അധികമൊന്നും അറിയപ്പെടാത്ത ഒരെഴുത്തുകാരന്‍ പണ്ടെന്നോ രചിച്ച മാപ്പിളപ്പാട്ടാണ്. പതിറ്റാണ്ടുകളായി മാപ്പിളപ്പാട്ടുകാര്‍ പാടിയും ശ്രോതാക്കള്‍ കേട്ട് ആസ്വദിച്ചും നിലനിന്നുപോന്ന പാട്ട്. 'ഒരു അഡാറ് ലൗ' എന്ന മലയാള ചിത്രത്തില്‍ ഈ പാട്ട് എടുത്തുചേര്‍ത്തതോടെ അതാ വരുന്നു വിവാദങ്ങളുടെ പെരുമഴ.


പാട്ടിനൊത്തുള്ള ദൃശ്യങ്ങള്‍ മുഹമ്മദ് നബിയെയും ഭാര്യ ഖദീജാബീവിയെയും അപമാനിക്കുന്നുവെന്ന് ഹൈദരാബാദിലും മുംബൈയിലുമുള്ള ചിലര്‍ പരാതി ഉന്നയിക്കുകയും അതേത്തുടര്‍ന്ന് അതൊരു സാമൂഹികപ്രശ്‌നമായി പരിണമിക്കുകയും ചെയ്തു. മുസ്‌ലിം സമൂഹത്തിന്റെ അസഹിഷ്ണുതാപരമായ നിലപാടായി പോലും ഇതേത്തുടര്‍ന്നുള്ള പ്രതികരണങ്ങള്‍ ചിത്രീകരിക്കപ്പെടുകയുണ്ടായി. മുസ്‌ലിം വീണ്ടും വിവാദച്ചുഴിയില്‍പ്പെട്ട് പ്രയാസപ്പെടുന്ന കഥാപാത്രമായി മാറി.
വിവാദത്തിലകപ്പെട്ട പാട്ട് വളരെ മുമ്പേതന്നെ സമൂഹത്തില്‍ പ്രചരിച്ചിട്ടുള്ള പാട്ടാണ്. ഇതേപോലുള്ള ധാരാളം പാട്ടുകള്‍ മാപ്പിളപ്പാട്ടുശാഖയിലുണ്ട്. പ്രവാചക പത്‌നിമാരായ ഖദീജയും ആയിശയും പുത്രി ഫാത്തിമയുമൊക്കെ കഥാപാത്രങ്ങളായ കാവ്യഗുണമുള്ളതും ഇല്ലാത്തതുമായ നിരവധി പാട്ടുകള്‍ പാടിയും കേട്ടുമാണ് മുസ്‌ലിം മനസ്സിന്റെ സാംസ്‌കാരിക മുദ്രകള്‍ രൂപപ്പെട്ടത്. പൊതുസമൂഹത്തിനും ഈ പാട്ടുകള്‍ സ്വീകാര്യമാണ്.
ഇതേവരെ യാതൊരു പ്രയാസവും ഉണ്ടാക്കിയിട്ടില്ലാത്ത ഇത്തരം പാട്ടുകളിലൊന്ന് എന്തേ പൊടുന്നനെ പ്രശ്‌നവല്‍ക്കരിക്കപ്പെട്ടു എന്നതാണ് ദുരൂഹം. നല്ല മുസ്‌ലിം/ മോശം മുസ്‌ലിം എന്ന വിഭജനത്തെ സാധൂകരിക്കുന്ന തരത്തില്‍ മുസ്‌ലിം ജനസാമാന്യത്തെ ഇകഴ്ത്തിക്കാട്ടാനുള്ള ശ്രമം പാട്ടിനെതിരായ നീക്കങ്ങള്‍ക്കു പിന്നിലുണ്ടോ എന്നു ന്യായമായും സംശയിക്കണം.
പ്രവാചകനെയോ ഖദീജാബീവിയെയോ നിന്ദിക്കാനുള്ള ഉദ്ദേശ്യം ഗാനരചയിതാവിന് ഇല്ലെന്നു തീര്‍ച്ചയാണ്. അതു സിനിമയില്‍ എടുത്തുചേര്‍ത്തവര്‍ക്കും ദുഷ്ടലാക്ക് ഉണ്ടാകാനിടയില്ല. ആ പാട്ടിന്റെ പേരില്‍ മുസ്‌ലിം സമൂഹത്തില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടാവാനും സാധ്യത കമ്മി. എന്നിട്ടും അതു വിവാദമാവുമ്പോള്‍, അതിനു പിന്നില്‍ മുസ്‌ലിംകളെ കറുത്ത ചായത്തില്‍ വരയ്ക്കാനുള്ള തത്രപ്പാട് ഊഹിക്കാവുന്നതേയുള്ളൂ. സംഘപരിവാര ശക്തികളുടെ ആസൂത്രണം ഈ വിവാദത്തിനു പിന്നിലുണ്ടെന്നു സൂചിപ്പിക്കുന്ന പല തെളിവുകളുമുണ്ടുതാനും.
കേരളത്തില്‍ ആര്‍ക്കുമില്ലാത്ത എതിര്‍പ്പ് എന്തുകൊണ്ട് ഹൈദരാബാദിലും മുംബൈയിലുമുള്ള ചിലര്‍ക്ക് ഉണ്ടായി? അവര്‍ക്ക് ബിജെപിയോടുള്ള സമീപനമെന്താണ്? ഇതൊന്നും അന്വേഷിക്കാതെ, ഒരു പാട്ടു പോലും പൊറുപ്പിക്കാത്തവരാണ് മുസ്‌ലിംകളെന്ന മട്ടില്‍ വാളെടുക്കുന്നത് കഷ്ടമാണ്.

RELATED STORIES

Share it
Top