പാടശേഖരങ്ങള്‍ ഓരുവെള്ള ഭീഷണിയില്‍;നദികളില്‍ ജലനിരപ്പ് താഴുന്നു

സ്വന്തം പ്രതിനിധി

എടത്വ: സമുദ്ര നിരപ്പിനേക്കാള്‍ താഴ്ന്നു കിടക്കുന്ന കുട്ടനാട്ടില്‍  ജല സ്രോതസുകളില്‍  ജലനിരപ്പു  ഗണ്യമായി താഴ്ന്നു. അതിനാല്‍ നെല്‍കൃഷി ഇറക്കിയിരിക്കുന്ന പാടശേഖരങ്ങളില്‍  ശുദ്ധജലം ലഭിക്കാതെ  കര്‍ഷകര്‍ ദുരിതത്തിലായി.  ജലനിരപ്പു  താഴ്ന്നതോടെ നദികളില്‍ ഓരുവെള്ളത്തിന്റെ സാധ്യതയും ഏറിയിട്ടുണ്ട്.  വറ്റി വരണ്ടു കിടക്കുന്ന പാടശേഖരങ്ങളിലേക്ക് വെള്ളം എത്തിക്കുന്നതിനായി   തോടുകള്‍  ആഴം കൂട്ടിയ ശേഷം   നദികളില്‍ നിന്നും പാടശേഖരങ്ങളിലേക്ക്  വെള്ളം  പമ്പ് ചെയ്യാന്‍ ആരംഭിച്ചിട്ടുണ്ട്.  എന്നാലും പാടശേഖരങ്ങളില്‍ വെള്ളം എത്തിക്കാന്‍ കര്‍ഷകര്‍  ഏറെ പ്രയാസപ്പെടുകയാണ്.  ഇതിനിടെ  ജലാശയങ്ങളില്‍  ഓരുവെള്ളവും  എത്തി തുടങ്ങി.  അപ്പര്‍കുട്ടനാട്ടിലെ തകഴിയിലാണ്  ഓരുവെള്ളത്തിന്റെ സാന്നിദ്ധ്യം  ഇപ്പോഴുള്ളത്.  തണ്ണീര്‍മുക്കം ബണ്ട്,  തോട്ടപ്പള്ളി  സ്പില്‍ വെ.  കായംകുളം കായല്‍ എന്നിവിടങ്ങളിലൂടെയാണ്  ഓരുവെള്ളം എത്തുന്നത്. തോട്ടപ്പള്ളി സ്പില്‍വെയില്‍ കായലും കടലും സംഗമിക്കുന്ന ഭാഗത്തെ പൊഴി മണലടിഞ്ഞ്  മൂടി കിടക്കുന്നതിനാല്‍  അത് വഴിയുള്ള സാധ്യത കുറവാണ്. എന്നാല്‍ തണ്ണീര്‍മുക്കം ബണ്ട് വഴി ഓരുവെള്ളം തകഴി യില്‍ എത്തിക്കഴിഞ്ഞു. നദികളിലെ  ജലനിരപ്പ്  അല്‍പം കൂടി താഴ്ന്നാല്‍  ഓരുവെള്ളം  പാടങ്ങളിലേക്ക് വ്യാപിക്കും. തകഴി കൃഷിഭവന്‍ പരിധിയിലെ മിക്ക പാടശേഖരങ്ങളും  ഓരുവെള്ള ഭീഷണിയിലാണ്.   പാടശേഖരങ്ങളില്‍ ഓരുവെള്ളം  കയറിയാല്‍ ചെടികളുടെ കരുത്ത് നശിക്കുകയും  നെന്മണികള്‍ക്ക് കറുത്ത നിറം അനുഭവപ്പെട്ട് വെങ്കതിരായി തീരുകയും ചെയ്യും.  നെല്ല് പതിരായി മാറുന്നു എന്നതാണ്  ഓരു വെള്ളം  കയറുന്നത്  വഴിയുള്ള പ്രധാനപ്രശ്‌നം. തലവടി വീയപുരം കൃഷിഭവന്‍ പരിധികളിലാണ് ജലനിരപ്പ് താഴ്ന്നതിനെ തുടര്‍ന്ന് ജലക്ഷാമം രൂക്ഷമായിരിക്കുന്നത്.  365 ഏക്കര്‍ വിസ്തൃതിയുള്ള വീയപുരം മുണ്ട്, പോളത്തുരുത്ത് പാടശേഖരത്തിന്റ കച്ചാല്‍ തോടുകള്‍ ദിവസങ്ങളായി ആഴം കൂട്ടുന്ന  തിരക്കിലാണ് കര്‍ഷകര്‍. 70 ദിവസം പിന്നിട്ട ഇവിടെ കൃഷിക്ക് വെള്ളം അത്യന്താപേക്ഷിതമാണ്.  തലവടി കൃഷിഭവന്‍ പരിധിയില്‍ ജലക്ഷാമം രൂക്ഷമായതിനെ തുടര്‍ന്ന് പാടത്തേക്ക്  വെള്ളം  പമ്പ് ചെയ്യുന്ന ജോലികളും കര്‍ഷകര്‍ ആരംഭിച്ചു കഴിഞ്ഞു.  അപ്പര്‍കുട്ടനാട്ടിലെ വീയപുരം  ചെറുതന കരുവറ്റ  ചെന്നിത്തല  പള്ളിപ്പാട്  പ്രദേശങ്ങളില്‍ ഓരുവെള്ളമെത്തുന്നത്  കായംകുളം കായലില്‍ നിന്നാണ്. വലിയഴീക്കല്‍ പൊഴി തുറന്നു കിടക്കുന്നതിനാല്‍ ഇതുവഴി വളരെ വേഗത്തില്‍ ഓരുവെള്ളമെത്തും. ഓരുമുട്ടുകള്‍ സ്ഥാപിച്ചെങ്കിലേ ഇതിന് തടയിടാന്‍ കഴിയൂ. ഏഴോളം  ഓരുമുട്ടുകളാണ് പരിധിയിലുള്ളത്.

RELATED STORIES

Share it
Top