പാടശേഖരങ്ങളില്‍ കീടനാശിനി ഒഴിവാക്കി; ദേശാടന പക്ഷികള്‍ എത്തിത്തുടങ്ങി

പൊന്നാനി: തൃശൂര്‍  മലപ്പുറം ജില്ലകളിലായി പരന്നുകിടക്കുന്ന കോള്‍നിലങ്ങളിലെ നെല്‍കൃഷിയില്‍ കീടനാശിനി ഉപയോഗം കുറച്ചതോടെ പക്ഷികള്‍ കൂട്ടത്തോടെ എത്തിത്തുടങ്ങി. പാടശേഖരങ്ങളില്‍ കീടനാശിനി ഒഴിവാക്കി പഴയ കാര്‍ഷികരീതികള്‍ തിരിച്ചെത്തിയതോടെയാണ്  കീടങ്ങളെ തിന്നൊടുക്കാന്‍ കൂട്ടംകൂട്ടമായി നാട്ടുകിളികളും ദേശാടനക്കിളികളും എത്തിത്തുടങ്ങിയത്.
രാസവളത്തോട് വിടപറഞ്ഞ് ജൈവവളങ്ങളെ മാത്രം കര്‍ഷകര്‍ ആശ്രയിച്ചത് നെല്‍ച്ചെടികളില്‍ തലപൊക്കുന്ന കീടങ്ങളെ അകത്താക്കാന്‍ ദേശാടനപ്പക്ഷികളടക്കമുള്ള കിളികള്‍ക്കും സൗകര്യമാവുകയായിരുന്നു. കോള്‍ മേഖലയിലെ വിവിധ കോള്‍പടവുകളും  കര്‍ഷകമിത്രങ്ങളായി മാറിയതാണ്  പക്ഷികള്‍ക്ക് വരാന്‍ സൗകര്യമായതെന്ന് പക്ഷിനിരീക്ഷകര്‍ സാക്ഷ്യപ്പെടുത്തുന്നു. നെല്‍ച്ചെടികള്‍ക്കിടയില്‍ മടലുകള്‍ കുത്തിനിര്‍ത്തി പക്ഷികളെ വിളിച്ചുവരുത്തുന്ന സമ്പ്രദായം പലകോള്‍ പടവുകളിലും  വിജയംകണ്ടത് മറ്റു പാടശേഖരങ്ങളിലുള്ളവര്‍ക്കും പ്രചോദനമായിട്ടുണ്ട്.
ഇരിപ്പിടമൊരുക്കിക്കൊടുത്തതോടെ വയലുകളില്‍ കീടങ്ങളെ മുഴുവന്‍ തിന്നൊടുക്കി ആഘോഷിക്കുന്നത് ആനറാഞ്ചിയും കാക്കത്തമ്പുരാട്ടിയുമൊക്കെയാണ്. വയലുകളില്‍ കീടനാശിനിപ്രയോഗം നിലച്ചത് സൈബീരിയന്‍ ദേശാടകര്‍ക്കും പ്രാദേശികര്‍ക്കുമൊക്കെ പ്രിയങ്കരമായി എന്നുവേണം കരുതാന്‍. കതിരിടുംമുമ്പേ പാടങ്ങളില്‍ കീടനാശിനി അടിച്ചുതുടങ്ങുമായിരുന്ന കര്‍ഷകര്‍ ഇത്തവണ അത് അകറ്റിനിര്‍ത്തിയത് കോളുകളിലെത്തുന്ന പക്ഷികളുടെ എണ്ണത്തിലും വലിയ വര്‍ധനയുണ്ടാക്കിയിട്ടുണ്ട്.
ആനറാഞ്ചിയും വേലിത്തത്തകളും കരിയിലയും വയല്‍കോതിയും കതിര്‍വാലന്‍ കുരുവിയും കാലിമുണ്ടിയുമൊക്കെ കൃഷിയിടങ്ങളിലെ കീടങ്ങളെ തിന്നുതീര്‍ക്കുന്ന തിരക്കിലാണിപ്പോള്‍. രാത്രിയില്‍ തെങ്ങോലമടലുകളെ ആശ്രയിക്കുന്ന മൂങ്ങവര്‍ഗക്കാരും ഇരതേടാനെത്തുന്നുണ്ട്. കൃഷിയിടങ്ങളിലെ വിളഞ്ഞ നെല്ല് നശിപ്പിക്കാനെത്തുന്ന എലികളെ ഒന്നടങ്കം തുരത്തുന്നവരാണിവര്‍. കീടനാശിനി ഉപയോഗിച്ചില്ലെങ്കില്‍ വിള നശിക്കുമെന്ന വാദത്തിന് ഇവിടെ ഒട്ടും സ്വീകാര്യമില്ല. ആഗസ്ത് മുതലാണ്  കോളിലേക്കുള്ള  കിളികളുടെ വരവ് ആരംഭിക്കുന്നത്. ഇത് ഏപ്രില്‍, മെയ് മാസങ്ങള്‍ വരെ തുടരും. മഴയാകുന്നതോടെ ചുരുക്കം കിളികള്‍ ഒഴികെ മറ്റുള്ളവയെല്ലാം ഇവിടം വിട്ട് പോകും. ഓരോ സമയത്തും വ്യത്യസ്തയിനം പക്ഷികളാണ് എത്തുന്നത്. ഭക്ഷണം ധാരാളം ലഭിക്കുന്നതാണിതിന് കാരണം.
മല്‍സ്യക്കെട്ടുകളില്‍ നിന്ന് മീന്‍ പിടിക്കുന്ന സമയമാണിത്. ഈ സമയത്ത് ഒട്ടേറെ മത്സ്യങ്ങളും അനുബന്ധ ജീവജാലങ്ങളും ആവശ്യത്തിലേറെ കിട്ടുന്നതാണ് കിളികളെ മുടക്കമില്ലാതെ കോളിലേക്കെത്തിക്കുന്നത്. കിളികള്‍ ഏറെ ഇഷ്ടപ്പെടുന്ന ഭക്ഷണത്തിന്റെ കലവറയാണ് കോളിലേത്. ഇതാണ് വര്‍ഷാവര്‍ഷം കിളികളെ ഇവിടേക്ക് വീണ്ടും വരുന്നതിനായി പ്രേരിപ്പിക്കുന്നത്.

RELATED STORIES

Share it
Top