പാടങ്ങളില്‍ പൊടിവിതയ്ക്ക് തുടക്കമായി

പട്ടാമ്പി: വേനല്‍മഴയില്‍ പ്രതീക്ഷയര്‍പ്പിച്ച് കര്‍ഷകര്‍ ഒന്നാംവിള പൊടിവിതയ്ക്ക് തുടക്കംകുറിച്ചു. പട്ടാമ്പി, കൊപ്പം, മുതുതല, തൃത്താല,  പടിഞ്ഞാറങ്ങാടി, ചാലിശ്ശേരി മേഖലയിലെ വിവിധ പാടശേഖശരങ്ങളിലാണ് പൊടിവിത നടത്തുന്നത്. കാലാവസ്ഥ അനുകൂലമാകുമെന്നു തന്നെയാണ് കര്‍ഷകരുടെ കണക്കുകൂട്ടല്‍.
കഴിഞ്ഞ രണ്ടു മാസമായി ലഭിച്ച വേനല്‍മഴ, താലൂക്കിന്റെ വിവിധ പാടശേഖരങ്ങള്‍ക്ക് ഗുണകരമായിട്ടുണ്ട്. പാടങ്ങളില്‍ ഈര്‍പ്പം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് പലയിങ്ങളിലും കര്‍ഷകര്‍ പൊടിവിതയ്ക്ക് ഇറങ്ങിയത്. സാധാരണ ഗതിയില്‍ ഒന്നാം വിളയായി പൊടിവിത അപൂര്‍വമായാണ് കര്‍ഷകര്‍ ഇറക്കാറ്. പലരും പരീക്ഷണാടിസ്ഥാനത്തിലാണ് പൊടിവിതയുമായി ഇറങ്ങിയിട്ടുള്ളത്. ശങ്കരമംഗലം പാടശേഖരത്ത് 15 വര്‍ഷത്തിന് ശേഷമാണ് ഇത്തവണ പൊടിവിത ഇറക്കിയിട്ടുള്ളത്. 16 എക്കറോളം സ്ഥലത്ത് ഇവിടെ പൊടിവിത നടത്തുന്നുണ്ട്.
ജ്യോതി നെല്‍വിത്താണ് ഉപയോഗിച്ചിരിക്കുന്നത്. ഓങ്ങല്ലൂര്‍ പാടശേഖരങ്ങളിലും കഴിഞ്ഞ വര്‍ഷത്തേക്കാള്‍  ഇരട്ടി സ്ഥലങ്ങളില്‍ കൃഷിയിറക്കുന്നുണ്ട്.
താലൂക്കിലെ മറ്റ് പാടശേഖരങ്ങളിലും പൊടിവിത നടത്താനുള്ള ഒരുക്കത്തിലാണ് കര്‍ഷകര്‍. ഇത്തവണ മിക്ക പഞ്ചായത്തുകളിലും ഒന്നാംവിള നെല്‍ക്കൃഷി കൂടുതല്‍ സ്ഥലത്തേക്ക് വ്യാപിപ്പിക്കാനുള്ള നടപടി കൃഷിഭവന്റെയും പഞ്ചായത്തുകളുടെയും നേതൃത്വത്തില്‍ നടത്തുന്നുണ്ട്.

RELATED STORIES

Share it
Top