പാടം മണ്ണിട്ടു നികത്തിയെന്നു പരാതി; എ ആര്‍ റഹ്മാന് നോട്ടീസ്

കൊച്ചി: സംഗീതനിശയുടെ മറവില്‍ ഇരുമ്പനത്ത് 26 ഏക്കര്‍ പാടശേഖരം മണ്ണിട്ടു നികത്തുന്നതായും പുറമ്പോക്കു കൈയേറുന്നതായും ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹരജിയില്‍ പ്രശസ്ത സംഗീത സംവിധായകന്‍ എ ആര്‍ റഹ്മാന്‍ അടക്കമുള്ളവര്‍ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. ചോറ്റാനിക്കര സ്വദേശി വല്‍സല കുഞ്ഞമ്മ സമര്‍പ്പിച്ച ഹരജിയിലാണു സംസ്ഥാന സര്‍ക്കാരിനും ജില്ലാ കലക്ടര്‍ക്കും സ്വകാര്യ ടിവി ചാനലിനും സ്വകാര്യ ആശുപത്രിക്കും എ ആര്‍ റഹ്മാനും സിംഗിള്‍ബെഞ്ച് നോട്ടീസ് അയച്ചത്. ഇന്ന് വൈകീട്ടാണ് ഈ സ്ഥലത്ത്് ചാനലിന്റെ നേതൃത്വത്തില്‍ എ ആര്‍ റഹ്മാന്‍ സംഗീത നിശ സംഘടിപ്പിച്ചിട്ടുള്ളത്.
പാടശേഖരം നികത്തുന്നതോെടാപ്പം പുറമ്പോക്ക് കൈയേറ്റം നടക്കുന്നതായും ആറു മീറ്റര്‍ വീതിയില്‍ ഒരു കിലോമീറ്ററോളം തോട് ഇല്ലാതാക്കിയതായും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു. കൃഷിഭൂമി കൃഷിയാവശ്യത്തിനല്ലാതെ നികത്താന്‍ പാടിെല്ലന്ന നിയമം നിലനില്‍ക്കെയാണ് ഇതെല്ലാം കാറ്റില്‍പ്പറത്തി ഉദ്യോഗസ്ഥരുടെ മൗനാനുവാദത്തോടെ പാടശേഖരം നികത്തുന്നത്.
ഇത് പരിസ്ഥിതിക്ക് കനത്ത ആഘാതം സൃഷ്ടിക്കും. നികത്തല്‍ പ്രദേശത്തെ കുടിവള്ള ലഭ്യതയെ തകരാറിലാക്കും. തോടിലൂടെ മഴവെള്ളം ഒഴുകിപ്പോവാത്തതിനാല്‍ വെള്ളപ്പൊക്കമുണ്ടാവും.
അതിനാല്‍ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിന്റെയും കേരള ഭൂവിനിയോഗ ഉത്തരവിന്റെയും അടിസ്ഥാനത്തില്‍ ഉത്തരവാദികള്‍ക്കെതിരേ നിയമനടപടി സ്വീകരിക്കണം. നികത്തിയ ഭൂമി പൂര്‍വസ്ഥിതിയിലാക്കണമെന്നും സ്റ്റേജ് നിര്‍മാണം തടയണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു. നേരത്തെ ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് സര്‍ക്കാരിനും കലക്ടര്‍ക്കും നിവേദനം നല്‍കിയെങ്കിലും നടപടിയൊന്നും ഉണ്ടാവാത്തതിനാലാണു ഹരജി കോടതിയില്‍ നല്‍കിയതെന്നു വല്‍സല കുഞ്ഞമ്മ ചൂണ്ടിക്കാട്ടി.

RELATED STORIES

Share it
Top