'പാടം പൂട്ടി മെതിക്കൂല... മെതിച്ചാലോ അതു കൊയ്യൂലാ...'

ടി പി  ജലാല്‍
മലപ്പുറം: എന്തു കൊണ്ടാണു മലപ്പുറത്തുകാര്‍ ഫുട്‌ബോളിനോട് ആവേശം കാണിക്കുന്നത്. 'പന്ത് പറഞ്ഞ മലപ്പുറം കിസ്സ' എന്ന പുസ്തകത്തിലൂടെ ഇതിന്റെ  ചരിത്രപരമായ കാരണങ്ങള്‍ തേടുകയാണു വടശ്ശേരി സ്വദേശി ജാഫര്‍ ഖാന്‍.
'പാടം പൂട്ടി മെതിക്കൂല... മെതിച്ചാലത് കൊയ്യൂല...' എടവണ്ണക്കാര്‍ പന്തു കളിച്ചിരുന്ന കമ്പനിപ്പറമ്പില്‍ കൃഷിയിറക്കാനെത്തിയ ഉടമയ്‌ക്കെതിരേ മുഴക്കിയ മുദ്രാവാക്യമാണിത്. ഒരു കാലത്ത് ബ്രിട്ടീഷുകാരുമായി ഫുട്‌ബോളില്‍ ഏറ്റുമുട്ടിയ നാടായിരുന്നു മലപ്പുറം. ഈ കഥയ്ക്ക് കവാത്തുപറമ്പിന് (ഇന്നത്തെ കോട്ടപ്പടി മൈതാനം) പറയാന്‍ കഥകള്‍ നിരവധി. അന്നു മുതല്‍ തുടങ്ങിയ ഫുട്‌ബോള്‍ ആവേശം നിലനിര്‍ത്തുകയെന്ന ദൗത്യമാണു മലപ്പുറത്തെ ഫുട്‌ബോള്‍ പ്രേമികള്‍ ചെയ്യുന്നത്.  ഇത്തരം ചരിത്രപരമായ അന്വേഷണങ്ങളാണു കളിയെഴുത്തുകാരന്‍ കൂടിയായ ജാഫര്‍ഖാന്‍ പുസ്തകത്തില്‍ പറയുന്നത്.
നാടന്‍ കളിക്കാര്‍ മുതല്‍ ചാക്കോള ട്രോഫി ഉള്‍പ്പെടെ നേടി തിലകക്കുറി ചാര്‍ത്തിയിരുന്ന എംആര്‍ഇ മലപ്പുറം ഇപ്പോ ള്‍ സോക്കര്‍ വഴി സാറ്റ് തിരൂര്‍ വരെ എത്തിയിരിക്കുക      യാണ്.
ഫുട്‌ബോളിന്റെ കളിയരങ്ങുകളായ മലപ്പുറം, അരീക്കോട്, മമ്പാട്, മങ്കട, എടവണ്ണ തുടങ്ങിയ സ്ഥലങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍,  ജില്ലയിലെ ഫുട്‌ബോളിന്റെ വളര്‍ച്ചയുടെ വിവിധ കാലഘട്ടങ്ങള്‍, ഇരുമ്പന്‍ മൊയ്തീന്‍ കുട്ടി, ഇന്റര്‍ നാഷനല്‍ മൊയ്തീന്‍ കുട്ടി, ഡിക്രൂസ്, മലപ്പുറം അസീസ്, അബൂബക്കര്‍ സീനിയര്‍, ജൂനിയര്‍ തുടങ്ങിയ പഴയ കാല കളിക്കാര്‍ മുതല്‍ അനസ് എടത്തൊടിക, എം പി സക്കീര്‍, ആഷിഖ് കുരുണിയന്‍, ജിഷ്ണു ബാലകൃഷ്ണന്‍ തുടങ്ങി പുത്തന്‍ താരോദയങ്ങളുടെ വരെ ജീവചരിത്രങ്ങളും  സെവന്‍സ് ഫുട്‌ബോളിന്റെ വിവരങ്ങളും പുസ്തകത്തിലുണ്ട്.
ഡിഎഫ്എ രൂപീകരണം, ഐഎസ്എല്‍-മലപ്പുറം ബന്ധം തുടങ്ങിയ ഫുട്‌ബോള്‍ കഥയും കിസ്സയിലുണ്ട്. ഗായകനും സംഗീത സംവിധായകനും മുന്‍ ഫുട്‌ബോള്‍ താരവുമായിരുന്ന ഷഹബാസ് അമന്റെ ആമുഖത്തോടെയാണ് കിസ്സ ആരംഭിക്കുന്നത്. പുസ്തകം ഉടന്‍ വിപണിയിലെത്തും.

RELATED STORIES

Share it
Top