പാചകവാതക വിതരണക്കൂലി പുതുക്കി നിശ്ചയിച്ചു

കൊച്ചി:  ജില്ലയിലെ പാചകവാതക വിതരണക്കൂലി പുതുക്കി നിശ്ചയിച്ചു. പുതുക്കിയ വിതരണക്കൂലി മെയ് ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും. അഞ്ചുകിലോമീറ്റര്‍ വരെ വിതരണം സൗജന്യമായിരിക്കും. അഞ്ച് മുതല്‍ പത്തുവരെ കിലോമീറ്ററില്‍ 26 രൂപയും 10 മുതല്‍ 15 കിലോമീറ്റര്‍ വരെ 33 രൂപയും 15 കിലോമീറ്ററിനു മുകളില്‍ 39 രൂപയും വിതരണക്കൂലി നല്‍കണം. മുമ്പ് ഇത് അഞ്ചുമുതല്‍ 10 കിലോമീറ്റര്‍ വരെ 20, 10 മുതല്‍ 15 കിലോമീറ്റര്‍ വരെ 25, 15 കിലോമീറ്ററിനു മുകളില്‍ 30 രൂപ എന്നിങ്ങനെയായിരുന്നു.
പുതുക്കി നിശ്ചയിച്ച വിതരണക്കൂലി എല്ലാ ഗ്യാസ്  ഏജന്‍സികളും നിര്‍ബന്ധമായും പ്രദര്‍ശിപ്പിയ്ക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. വീഴ്ച വരുത്തുന്ന എല്‍പിജി വിതരണ ഏജന്‍സികള്‍ക്കെതിരേ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കും. ഇതിനുമുമ്പ് പാചകവാതക വിതരണക്കൂലി ജില്ലയില്‍ നിശ്ചയിച്ചത് 2014 ജൂണിലെ ജില്ലാ കലക്ടറുടെ ഉത്തരവനുസരിച്ചാണ്.
തൊഴിലാളികളുടെ ശമ്പളത്തിലും ആനുകൂല്യങ്ങളിലും കാലാകാലങ്ങളില്‍ ഉണ്ടായ ഗണ്യമായ വര്‍ദ്ധനവ്, വിതരണ വാഹനങ്ങളുടെ അറ്റകുറ്റ പണികളുടെ ചെലവുകളും, ഡീസല്‍ വിലയുടെ ഉയര്‍ച്ച, മറ്റ് അധിക ചിലവുകള്‍ എന്നിവ കണക്കിലെടുത്ത് പാചക വാതക വിതരണക്കൂലി പുതുക്കി നിശ്ചയിക്കണമെന്ന് അപേക്ഷിച്ച് എല്‍പി ജി ഡിസ്ട്രിബ്യൂട്ടേഴ്‌സ് ഫോറം സെക്രട്ടറി നിവേദനം സമര്‍പ്പിച്ചിരുന്നു.
ഇതെത്തുടര്‍ന്ന് ജില്ലാ കളക്ടറുടെ നിര്‍ദ്ദേശപ്രകാരം അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എല്‍പിജി വിതരണ ഏജന്‍സി ഭാരവാഹികള്‍, റസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍, ഓയില്‍ കമ്പനി പ്രതിനിധികള്‍ എന്നിവരുമായി ചര്‍ച്ച നടത്തി.
തുടര്‍ന്ന് ജില്ലാ സപ്ലൈ ആഫീസര്‍, എല്‍പിജി വിതരണ ഏജന്‍സി ഭാരവാഹികള്‍, റസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍, ഓയില്‍ കമ്പനി പ്രതിനിധികള്‍ എന്നിവരെ ഉള്‍പ്പെടുത്തി ഒരു കമ്മിറ്റി  രൂപീകരിച്ചു. കമ്മിറ്റി മാര്‍ച്ചില്‍ ചേര്‍ന്ന യോഗത്തില്‍ ഏജന്‍സികളുടെ ന്യായമായ ആവശ്യം പരിഗണിച്ചും മറ്റ് സമീപ ജില്ലകളിലെ നിരക്ക് കൂടി പരിഗണിച്ചും ഉപഭോക്താക്കളെ ബുദ്ധിമുട്ടിക്കാത്ത രീതിയില്‍ 30% നിരക്ക് വര്‍ദ്ധനവ്              അംഗീകരിയ്ക്കുകയായിരുന്നു.

RELATED STORIES

Share it
Top