പാചകവാതക അദാലത്ത്; കുട്ടനാട്ടില്‍ പരാതികളേറെ

ആലപ്പുഴ: കുട്ടനാടിനെ സംബന്ധിച്ച്  സമയത്ത് ഗ്യാസ് സിലിണ്ടര്‍ ലഭിക്കാത്തതും ഡെലിവറി ചെയ്യുന്നവര്‍ കൂടുതല്‍ തുക ആവശ്യപ്പെടുന്നതുമായ നിരവധി പരാതികള്‍ സിവില്‍സ്റ്റേഷനില്‍  നടന്ന ജില്ലാതല പാചകവാതക അദാലത്തില്‍ ഉയര്‍ന്നു. ഇവ ഒരോന്നും കൃത്യമായി പരിശോധിച്ച് അടിയന്തരമായി പരിഹാരം കാണാന്‍ യോഗം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
അടിയന്തിരമായി പരാതികള്‍ പരിശോധിച്ച് പരിഹാരം നിര്‍ദ്ദേശിക്കുന്ന റിപ്പോര്‍ട്ട് ജില്ലാ സപ്ലൈ ഓഫിസര്‍ക്ക് കൈമാറാന്‍ കുട്ടനാട് താലൂക്ക് സപ്ലൈ ഓഫിസറെ യോഗം ചുമതലപ്പെടുത്തി. സിലിണ്ടര്‍ കയറ്റി ഇറക്കുന്നതിനുള്ള വള്ള ചാര്‍ജ് ഇതുവരെ കുട്ടനാട്ടില്‍ ക്രമീകരിച്ചിട്ടില്ല. ചാര്‍ജ് തീരുമാനിക്കാന്‍ അടിയന്തിരമായി ഇടപെടുമെന്ന്  ഡെപ്യൂട്ടി കലക്ടര്‍ അതുല്‍ എസ് നാഥ് യോഗത്തില്‍ പറഞ്ഞു.  മൂന്നുമാസം കൂടുമ്പോള്‍ താലൂക്കുതല പാചകവാതക അദാലത്ത് നടത്തി പരാതികള്‍ തുടക്കത്തില്‍ തന്നെ തീര്‍ക്കുന്നതിനുള്ള നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫിസര്‍ ഹരിപ്രസാദ് പറഞ്ഞു.
താലൂക്ക് സപ്ലൈ ഓഫിസര്‍മാര്‍ എല്ലാമാസവും പരിശോധനനടത്തി റിപ്പോര്‍ട്ട് ഡിഎസ്ഓയ്ക്ക് നല്‍കണം. അക്കൗണ്ടില്‍ സബ്‌സിഡി തുക ലഭിക്കുന്നില്ലെന്ന പരാതിയില്‍ ഗ്യാസ് കമ്പനിയുടെ ഉദ്യോഗസ്ഥരുമായി നേരിട്ട് ഉപഭോക്താക്കള്‍ സംസാരിക്കാന്‍ അവസരം നല്‍കി. എസ്ബിഐ-എസ്ബിടി ലയന ശേഷം ആധാര്‍ലിങ്ക് ചെയ്യുന്നതില്‍ വരുന്ന കാലതാമസമാണ് പ്രശ്‌നമുണ്ടാക്കുന്നതെന്ന് ഗ്യാസ് കമ്പനികളുടെ വക്താക്കള്‍ അറിയിച്ചു.  ഇതുസംബന്ധിച്ച് ജില്ലാ ലീഡ് ബാങ്ക് മാനേജര്‍ക്ക് വിവരം നല്‍കാന്‍ യോഗം തീരുമാനിച്ചു.  കുട്ടനാട്ടില്‍ നാലുമാസമായി സിലിണ്ടര്‍ കിട്ടാത്ത പരാതിയില്‍ അടിയന്തരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ താലൂക്ക് സപ്ലൈഓഫീസറെ ചുമതലപ്പെടുത്തി.  ഗ്യാസ് സിലിണ്ടറിന് ലീക്കേജ് വരുന്നതായുള്ള പരാതി ഉയര്‍ന്നതിനെത്തുടര്‍ന്ന് പാചകവാതക കമ്പനികളുടെ  അധികൃതര്‍ യോഗത്തില്‍ വിശദീകരണം നല്‍കി.
കുറഞ്ഞ അളവിലുള്ള നിശ്ചിത ലീക്കേജ് പരിധി എല്ലാ സിലിണ്ടറുകള്‍ക്കും ഉണ്ടെന്നും അതിനപ്പുറം ഉള്ളത് മാത്രമേ പ്രശ്‌നങ്ങളായി പരിഗണിക്കേണ്ടതുള്ളൂവെന്നും കമ്പനി അധികൃതര്‍ പറഞ്ഞു. സിലിണ്ടര്‍ എപ്പോള്‍ കിട്ടിയാലും സീല് പൊട്ടിച്ച് ലീക്ക് ഉണ്ടോയെന്നും നിര്‍ദ്ദിഷ്ട തൂക്കം ഉണ്ടോയെന്നും ഉറപ്പു വരുത്താന്‍ ഉപഭോക്താക്കള്‍ക്ക് അവകാശമുണ്ട്.
ഡെലിവറി ബോയ്‌സിനോട് ആവശ്യപ്പെട്ടാല്‍ തൂക്കം, ലീക്ക് എന്നിവ പരിശോധിക്കുന്നതിനുള്ള എല്ലാ സജ്ജീകരണവും അവര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും യോഗത്തില്‍ കമ്പനി അധികൃതര്‍ വ്യക്തമാക്കി. യോഗത്തില്‍ വിവിധ പാചക വാതക കമ്പനി പ്രതിനിധികള്‍, ഏജന്‍സി പ്രതിനിധികള്‍, ഉപഭോക്താക്തൃ സംഘടനാ പ്രതിനിധികള്‍  പങ്കെടുത്തു.

RELATED STORIES

Share it
Top