പാക് സെന്‍സസ് സംഘത്തിനെതിരേ അഫ്ഗാന്‍ വെടിവയ്പ്: ഏഴു മരണംഇസ്‌ലാമാബാദ്: അതിര്‍ത്തി ഗ്രാമത്തില്‍ സെന്‍സസ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവര്‍ക്കു നേരെ അഫ്ഗാന്‍ സൈന്യം നടത്തിയ വെടിവയ്പില്‍ ഏഴു പേര്‍ കൊല്ലപ്പെടുകയും അര്‍ധസൈനികര്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തതായി പാക് സൈന്യം അറിയിച്ചു. അഫ്ഗാന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള ബലൂച് പ്രവിശ്യയിലെ ചമന്‍ ക്രോസിങ് പോയിന്റിനു സമീപമുണ്ടായ വെടിവയ്പില്‍ 33 പേര്‍ക്കു പരിക്കേറ്റിട്ടുണ്ട്. അതിര്‍ത്തിയിലെ ജനങ്ങളോട് ഒഴിഞ്ഞു പോവാന്‍ പാക് സൈന്യം നിര്‍ദേശം നല്‍കി.ആക്രമണ പശ്ചാത്തലത്തില്‍ പാകിസ്താനും അഫ്ഗാനുമിടയിലെ പ്രധാന ക്രോസിങായ ചമന്‍ അടച്ചതായും അതിര്‍ത്തിയില്‍ വെടിവയ്പ് തുടരുന്നതായും പാക് സൈനിക വക്താവ് ആസിഫ് ഗഫൂര്‍ അറിയിച്ചു. പാക് ഭാഗത്തെ ചമന്‍ പ്രദേശത്തെ വിഭജിത ഗ്രാമങ്ങളായ കില്ലി ലുഖ്മാന്‍, കില്ലി ജഹാംഗീര്‍ എന്നിവിടങ്ങളിലെ സെന്‍സസ് പ്രവൃത്തികള്‍ക്ക് അഫ്ഗാന്‍ അതിര്‍ത്തി പോലിസ് ഏപ്രില്‍ 30 മുതല്‍ തടസ്സം സൃഷ്ടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, പാക് സംഘം തങ്ങളുടെ ഭൂപ്രദേശത്താണ് സെന്‍സസ് നടത്തുന്നതെന്ന് അഫ്ഗാന്‍ പോലിസ് വക്താവ് ഗുര്‍സാങ് അഫ്രീദി പറഞ്ഞു.

RELATED STORIES

Share it
Top