പാക് വെടിവയ്പില്‍ സൈനികര്‍ കൊല്ലപ്പെട്ട സംഭവം : കേന്ദ്രത്തിനെതിരേ വിമര്‍ശനവുമായി സൈനികരുടെ ബന്ധുക്കള്‍ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനവുമായി നിയന്ത്രണ രേഖയില്‍ പാക് വെടിവയ്പില്‍ കൊല്ലപ്പെട്ട സൈനികരുടെ ബന്ധുക്കള്‍. പാകിസ്താന്റെ മൊത്തം ജനസംഖ്യയേക്കാള്‍ വലുതാണ് ഇന്ത്യയുടെ സൈനിക ശക്തിയെന്ന് അവകാശപ്പെടുന്ന ഇന്ത്യ എന്തുകൊണ്ടാണ് തിരിച്ചടിക്കാന്‍ തയ്യാറാവാത്തതെന്ന് കഴിഞ്ഞ ദിവസം കശ്മീരില്‍ കൊല്ലപ്പെട്ട സുബേദാര്‍ പരംജീത് സിങിന്റെ സഹോദരന്‍ രന്‍ജീത് ചോദിച്ചു. പ്രധാനമന്ത്രിയും കേന്ദ്ര സര്‍ക്കാരും എന്തു ചെയ്യുകയാണെന്നും അദ്ദേഹം ചോദിക്കുന്നു. പാക് പ്രധാനമന്ത്രി നവാസ് ശരീഫിന്റെ ജന്മദിനത്തിന് അദ്ദേഹത്തിന് ആശംസകളുമായി പാകിസ്താനില്‍ പോയ മോദിയുടെ നടപടിയേയും അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. കഴിഞ്ഞവര്‍ഷം നടത്തിയ മിന്നലാക്രമണം പോലെ കൂടുതല്‍ ആക്രമണങ്ങള്‍ നടത്തണമെന്ന് രന്‍ജീത് ആവശ്യപ്പെട്ടു. പാകിസ്താനിലേക്ക് പോയി 100 സൈനികരുടെ തലയറുത്ത് കൊണ്ടുവരാന്‍ താന്‍ തയ്യാറാണെന്ന് പറഞ്ഞ രന്‍ജീത്, വിട്ടുവീഴ്ചകളെ കുറിച്ച് മാത്രമാണ് ഇന്ത്യയിലെ നേതാക്കള്‍ ചിന്തിക്കുന്നതെന്നും വാചകമടിയല്ല, തിരിച്ചടിയാണ് വേണ്ടതെന്നും കൂട്ടിച്ചേര്‍ത്തു. സഹോദരന്റെ ശിരസ്സില്ലാത്ത മൃതദേഹം കുടുംബം ഏറ്റുവാങ്ങില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പാക് സൈന്യം വികൃതമാക്കിയ ഭര്‍തത്താവിന്റെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് പരംജീതിന്റെ വിധവയും പറഞ്ഞു. ശരീരത്തിന്റെ മുഴുവന്‍ ഭാഗങ്ങളുമില്ലെങ്കില്‍ അതു ഞങ്ങള്‍ക്ക് വേണ്ടെന്നും അവര്‍ പറഞ്ഞു. ഭര്‍ത്താവിന്റെ മരണത്തെ കുറിച്ച് സര്‍ക്കാരില്‍ നിന്നോ മറ്റ് അധികൃതരില്‍ നിന്നോ ഒരു അറിയിപ്പും ലഭിച്ചിട്ടില്ലെന്നും അവര്‍ പറഞ്ഞു.  രാജ്യത്തിനു വേണ്ടി രക്തസാക്ഷിയായ തന്റെ പിതാവിന്റെ തലയ്ക്ക് പകരം 50 പാക് സൈനികരുടെ തലയറുക്കണമെന്ന് പാക് സൈന്യം കൊലപ്പെടുത്തിയ ബിഎസ്എഫ് കോണ്‍സ്റ്റബിള്‍ പ്രേം സാഗറിന്റെ മകള്‍ സരോജ് പറഞ്ഞു.

RELATED STORIES

Share it
Top