പാക് വിജയത്തില്‍ ആഹ്ലാദ പ്രകടനം നടത്തി; 23 പേര്‍ക്കെതിരെ കേസ്

കാസര്‍കോട്: ക്രിക്കറ്റ് ഫൈനലിലെ പാകിസ്താന്റെ വിജയത്തില്‍ ആഹ്ലാദ പ്രകടനം നടത്തിയ കാസര്‍കോട് സ്വദേശികളായ 23 പേര്‍ക്കെതിരെ കേസ്. ബിജെപി പ്രാദേശിക നേതാവ് രാജേഷ് ഷെട്ടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ബദിയടുക്ക കുമ്പടാജെ ചക്കുടലില്‍ സ്വദേശികളായ ചക്കുള റസാഖ്, മഷൂദ്, സിറാജ് എന്നിവര്‍ക്കും മറ്റ് കണ്ടാലറിയാവുന്നവര്‍ക്കുമെതിരെയാണ് കേസ്. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വിജയിച്ച പാകിസ്താനെ അനുകൂലിച്ച് ഞായറാഴ്ച രാത്രി 11 മണിയോടെ ഒരു കൂട്ടം ചെറുപ്പക്കാര്‍ റോഡില്‍ ആഹ്ലാദപ്രകടനം നടത്തിയതായാണ് പരാതിയില്‍ പറയുന്നത്. കൂടാതെ പാക് അനുകൂല മുദ്രാവാക്യം വിളിക്കുകയും പടക്കം പൊട്ടിക്കുകയും ചെയ്തതായും പരാതിയില്‍ ആരോപിക്കുന്നുണ്ട്.
ന്യായ വിരോധമായ സംഘം ചേരല്‍, ജനങ്ങളില്‍ ഭീതി പരത്തുംവിധം പടക്കം പൊട്ടിക്കല്‍, കൂട്ടം ചേര്‍ന്ന് കുഴപ്പമുണ്ടാക്കല്‍ തുടങ്ങിയ വകുപ്പ് പ്രകാരാണ് കേസെടുത്തിരിക്കുന്നത്. ആറു മാസം മുതല്‍ രണ്ടുവര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റങ്ങളാണിവ.

RELATED STORIES

Share it
Top