പാക് പതാക: ശ്രീരാമസേനക്കാര്‍ക്ക് തുണയായതു പോലിസ് വീഴ്ച; ഹിന്ദുത്വര്‍ പ്രതിയായ ഒരു കേസ് കൂടി പുകയായി

ബംഗളൂരു: ബീജാപൂര്‍ ജില്ലയിലെ സിന്ദഗി നഗരത്തില്‍ 2012 ജനവരി ഒന്നിനു പാകിസ്താന്‍ പതാക ഉയര്‍ത്തിയെന്ന കേസും എങ്ങുമെത്താതെ തീരുമെന്ന് ഉറപ്പായി. കേസില്‍ പ്രതികളായ ഏഴു ഹിന്ദുത്വരെ ജില്ലാ സെഷന്‍സ് കോടതി വെറുതെവിട്ടിരുന്നു. കുറ്റപത്രം തയ്യാറാക്കുന്നതില്‍ പോലിസിന്റെ വീഴ്ചയാണു കുറ്റവാളികള്‍ക്കു തുണയായതെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.
കുറ്റപത്രത്തില്‍ നിരവധി സാങ്കേതിക തെറ്റുകള്‍ കോടതി കണ്ടെത്തിയെന്നും കുറ്റപത്രം ഫയല്‍ ചെയ്യുന്നതിലെ സാങ്കേതികവീഴ്ചയാണു പ്രതികളെ കുറ്റവിമുക്തരാക്കിയതിനു സഹായകമായതെന്നും പ്രതിഭാഗം അഭിഭാഷകന്‍ എസ് എച്ച് ലഗാലി വെളിപ്പെടുത്തിയതായി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.
ശ്രീരാമസേന സിന്ദഗി നഗരം ഘടകം പ്രസിഡന്റ് രാകേഷ് സിദ്ദരാമയ്യ മഠ (19), പരശുരാം വാഗ്‌മോറെ (20), മല്ലനഗൗഡ പാട്ടീല്‍, രോഹിത് നവി (18), സുനില്‍ അഗാസാര്‍ (18), അരുണ്‍ വാഗ്‌മോറെ (20), അനില്‍ സോല്‍കാര്‍ എന്നിവരെയാണ് ഫസ്റ്റ് അഡീഷനല്‍ ജില്ലാ ജഡ്ജി കെ ബി ഗീത വെറുതെവിട്ടത്.
കേസില്‍ നിന്ന് ഒഴിവായ പ്രതികളിലുള്‍പ്പെടുന്ന പരശുരാം വാഗ്‌മോറെയെ ഗൗരി ലങ്കേഷ് വധക്കേസില്‍ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തിട്ടുണ്ട്്. ഗൗരി ലങ്കേഷിനു നേരെ വെടിയുതിര്‍ത്തതിനെക്കുറിച്ച് കൃത്യമായ വിവരം പരശുറാമിനുണ്ടെന്നു പോലിസ് കരുതുന്നു. പ്രതികള്‍ എല്ലാവരും പ്രമോദ് മുത്താലിക് നയിക്കുന്ന ശ്രീരാമസേനയുടെ അംഗങ്ങളാണ്.
2012 ജനവരി ഒന്നിനു സിന്ദഗി നഗരത്തിലെ തഹസില്‍ദാര്‍ ഓഫിസിന് പുറത്തു പ്രതികള്‍ പാകിസ്താന്‍ പതാക ഉയര്‍ത്തിയെന്നായിരുന്നു കേസ്. പുതുവല്‍സരാഘോഷത്തിരക്കുകള്‍ക്കിടെ പുലര്‍ച്ചെ മൂന്നോടെയാണു പതാക ഉയര്‍ത്തിയത്. പാക് പതാക ഉയര്‍ത്തിയതില്‍ പ്രതിഷേധവുമായി അടുത്തദിവസം രാവിലെ ഹിന്ദുത്വ സംഘടനകളെയും പ്രവര്‍ത്തകരെയും വിളിച്ചൂകൂട്ടി രംഗത്തിറക്കാനും പ്രതികള്‍ സജീവമായി രംഗത്തുണ്ടായിരുന്നു. സംഭവം മുസ്‌ലിംകളുടെ ചുമലിലിട്ട് വര്‍ഗീയകലാപം സൃഷ്ടിക്കാനായിരുന്നു പദ്ധതിയെങ്കിലും അതു പൊളിഞ്ഞു.
തഹസില്‍ദാര്‍ ഓഫിസില്‍ പെട്ടെന്ന് പാക് പതാക പ്രത്യക്ഷപ്പെട്ടത് മേഖലയില്‍ വര്‍ഗീയ സംഘര്‍ഷത്തിനു കാരണമായിരുന്നു. കന്നട മാധ്യമങ്ങള്‍ ഇത് മുസ്‌ലിം തീവ്രവാദികളുടെ പ്രവൃത്തിയായാണ് അവതരിപ്പിച്ചത്. തുടര്‍ന്നു ശ്രീരാമസേനയും ബജ്‌രംഗ്ദളും ചേര്‍ന്ന് ബന്ദിനും ആഹ്വാനം ചെയ്തിരുന്നു. അക്രമികള്‍ വാഹനങ്ങള്‍ തകര്‍ക്കുകയും കടകള്‍ക്കു നേരെ കല്ലേറ് നടത്തുകയും ചെയ്തു. പ്രതികള്‍ ജനവരി നാലിന് അറസ്റ്റിലായതോടെ ഹിന്ദുത്വ രാഷ്്ട്രീയത്തിന്റെ പൊയ്മുഖം തകര്‍ന്നുവീണു.
ഹിന്ദുത്വ നേതാവ് പ്രമോദ് മുത്താലിക് നയിക്കുന്ന ശ്രീരാമസേനയുടെ വിദ്യാര്‍ഥി വിഭാഗം അംഗങ്ങളാണ് അറസ്റ്റിലായതെന്നു പോലിസ് സൂപ്രണ്ട്് ഡി സി രാജപ്പ സ്ഥിരീകരിച്ചിരുന്നു. ഹിന്ദുത്വശക്തികളുടെ മുസ്‌ലിംവിരുദ്ധ പ്രചാരണം മുന്‍വിധിയോടെ ഏറ്റെടുക്കുന്ന ഇന്ത്യന്‍ മാധ്യമങ്ങളുടെ കണ്ണുതുറപ്പിക്കുന്നതായിരുന്നു കേസ്. എന്നാല്‍ ഹിന്ദുത്വര്‍ പ്രതികളായ മറ്റ് രാജ്യദ്രോഹക്കേസുകളുടെ അതേ ദുര്‍ഗതിയാണ് പാക് പതാക ഉയര്‍ത്തല്‍ കേസിനുമുണ്ടായത്.
വിധി പൂര്‍ണമായി വിലയിരുത്തിയ ശേഷം കുറ്റവിമുക്തരാക്കിയതിനെതിരേ മേല്‍ക്കോടതിയെ സമീപിക്കുന്ന കാര്യം ആലോചിക്കുമെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ കെ കെ കുല്‍ക്കര്‍ണി, പോലിസ് ഐജി (നോര്‍ത്തേണ്‍ റേഞ്ച്) അലോക് കുമാര്‍ എന്നിവര്‍ വെളിപ്പെടുത്തിയിരുന്നുവെങ്കിലും തുടര്‍ നടപടികളെക്കുറിച്ചു വിവരമൊന്നുമില്ല. പോലിസ് അപ്പീല്‍ നല്‍കുന്നില്ലെങ്കില്‍ പൊതുതാല്‍പര്യ ഹരജി മുഖേന മേല്‍ക്കോടതിയെ സമീപിക്കാന്‍ പൗരന്മാര്‍ക്ക് അവകാശമുണ്ടെന്നു നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

RELATED STORIES

Share it
Top