പാക് നയതന്ത്ര പ്രതിനിധിക്കെതിരേ ഇന്റര്‍പോളിനെ സമീപിക്കുമെന്ന് എന്‍ഐഎ

ന്യൂഡല്‍ഹി: പാകിസ്താന്‍ നയതന്ത്ര പ്രതിനിധി അമിര്‍ സുബൈര്‍ സിദ്ദീഖിക്കെതിരേ തിരച്ചില്‍ നോട്ടീസ് പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ട് ഇന്റര്‍പോളിനെ സമീപിക്കുമെന്ന് ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ). ചെന്നൈയിലെ യുഎസ് കോണ്‍സുലേറ്റിനും ബംഗളൂരുവിലെ ഇസ്രായേല്‍ കോണ്‍സുലേറ്റിനും നേര്‍ക്ക് ആക്രമണം നടത്താന്‍ ഗൂഢാലോചന നടത്തി എന്ന് ഇന്ത്യ ആരോപിക്കുന്നയാളാണ് അമിര്‍ സുബൈര്‍ സിദ്ദീഖി. ഈ കേസില്‍ കഴിഞ്ഞ ആഴ്ച സിദ്ദീഖിക്കെതിരേ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് എന്‍ഐഎ നീക്കം.
സിദ്ദീഖിക്കെതിരേ തിരച്ചില്‍ നോട്ടീസ് പുറപ്പെടുവിക്കുന്നതിന് ഫ്രാന്‍സിലെ ഇന്റര്‍പോള്‍ ആസ്ഥാനത്തേക്ക് രേഖകള്‍ ഉടന്‍ അയക്കുമെന്നും എന്‍ഐഎ അധികൃതര്‍ അറിയിച്ചു. 2014ല്‍ ശ്രീലങ്കയില്‍ പാകിസ്താന്‍ ഹൈക്കമ്മീഷണറായി പ്രവര്‍ത്തിക്കുന്ന കാലത്ത് ദക്ഷിണേന്ത്യയില്‍ ആക്രമണങ്ങള്‍ സംഘടിപ്പിക്കാന്‍ ഗൂഢാലോചന നടത്തിയെന്നാണ് സിദ്ദീഖിക്കെതിരായ കേസ്.
സംഭവത്തില്‍ തമിഴ്‌നാട് പോലിസ് അറസ്റ്റ് ചെയ്ത ശ്രീലങ്കന്‍ സ്വദേശി സാകിര്‍ ഹുസയ്‌നാണ് ഗൂഢാലോചനയിലെ സിദ്ദീഖിയുടെ പങ്ക് വെളിപ്പെടുത്തിയതെന്ന് എന്‍ഐഎ പറഞ്ഞു. ഹുസയ്‌നാണ് ചെന്നൈയിലെ യുഎസ് കോണ്‍സുലേറ്റ് പരിസരത്തും ബംഗളൂരുവിലെ ഇസ്രായേല്‍ കോണ്‍സുലേറ്റ് പരിസരത്തും പരിശോധന നടത്തിയത്. മുംബൈ താജ് ഹോട്ടല്‍ മാതൃകയിലെ ആക്രമണമായിരുന്നു ഉദ്ദേശ്യം. ഇതിനായി മാലദ്വീപില്‍ നിന്നും രണ്ട് ഭീകരരെ രാജ്യത്തെത്തിച്ചുവെന്നും എന്‍ഐഎ പറഞ്ഞു. ശ്രീലങ്കയില്‍ വിസാ കൗണ്‍സലറായിരുന്ന സിദ്ദീഖിക്കെതിരേ ഇന്ത്യ നിരന്തരം ആരോപണങ്ങള്‍ ഉന്നയിച്ച പശ്ചാത്തലത്തില്‍ പാകിസ്താന്‍ അദ്ദേഹത്തെ തിരിച്ചുവിളിച്ചിരുന്നു.

RELATED STORIES

Share it
Top