പാക് തിരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നു; വീണ്ടും തിരഞ്ഞെടുപ്പ് വേണം: പ്രതിപക്ഷം പ്രക്ഷോഭത്തിന്

ഇസ്‌ലാമാബാദ്: സര്‍ക്കാര്‍ രൂപീകരണ ശ്രമവുമായി മുന്നോട്ടുപോകുന്ന പാകിസ്താന്‍ തഹ്‌രീകെ ഇന്‍സാഫ് (പിടിഐ) പാര്‍ട്ടി നേതാവ് ഇംറാന്‍ ഖാന് അപ്രതീക്ഷിത തിരിച്ചടി നല്‍കി പ്രതിപക്ഷ പാര്‍ട്ടികള്‍. തിരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നെന്ന് ആരോപിച്ച വിവിധ പാര്‍ട്ടികളുടെ സംയുക്ത യോഗം ഫലം തള്ളിക്കളയുകയും രാജ്യത്ത് വീണ്ടും സുതാര്യമായ തിരഞ്ഞെടുപ്പ് നടത്തണമെന്നും ആവശ്യപ്പെട്ടിരിക്കുകയാണ്.
അതുവരെ പ്രക്ഷോഭങ്ങളുമായി തെരുവിലിറങ്ങുമെന്നും പ്രഖ്യാപനമുണ്ട്. തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായ പിടിഐ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ഇംറാന്‍ ഖാന്‍ പ്രധാനമന്ത്രിയായി സര്‍ക്കാര്‍ രൂപീകരിക്കാനിരിക്കെയാണ് വിവിധ പാര്‍ട്ടികള്‍ തുറന്ന യുദ്ധം പ്രഖ്യാപിച്ചത്. പിഎംഎല്‍-എന്‍ അധ്യക്ഷന്‍ ശഹ്ബാസ് ശരീഫ്, മുത്തഹിദെ മജ്‌ലിസെ അമല്‍ (എംഎംഎ) അധ്യക്ഷന്‍ മൗലാനാ ഫസ്‌ലുര്‍റഹ്മാന്‍ എന്നിവരുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ ജമാഅത്തെ ഇസ്‌ലാമി, അവാമി നാഷനല്‍ പാര്‍ട്ടി, ഖൗമി വത്വന്‍ പാര്‍ട്ടി, നാഷനല്‍ പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുത്തു. ജനങ്ങളുടെ താല്‍പര്യത്തിനു വിരുദ്ധമായാണ് തിരഞ്ഞെടുപ്പ് നടന്നതെന്നു സര്‍വകക്ഷി യോഗവും അഭിപ്രായപ്പെട്ടു.
തിരഞ്ഞെടുപ്പു ഫലം അംഗീകരിക്കില്ലെന്നു തുടക്കത്തില്‍ പ്രഖ്യാപിച്ച മുന്‍ പ്രധാനമന്ത്രി നവാസ് ശരീഫിന്റെ പിഎംഎല്‍-എന്‍ പിന്നീട് നിലപാട് മയപ്പെടുത്തി, എതിര്‍പ്പുകളുണ്ടെങ്കിലും പ്രതിപക്ഷത്ത് ഇരിക്കാനാണ് ആഗ്രഹമെന്നു പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, പാര്‍ട്ടി മുന്‍ നിലപാടില്‍ നിന്ന് വീണ്ടും മലക്കംമറിയുകയായിരുന്നു. തിരഞ്ഞെടുപ്പു പ്രക്രിയ ജനങ്ങളില്‍ നിന്ന് 'തട്ടിയെടുക്കുക'യാണ് ഇത്തവണ ചെയ്തിരിക്കുന്നതെന്നു നവാസ് ശരീഫ് ആരോപിച്ചു. സംശയം നിറഞ്ഞ ഫലങ്ങള്‍ രാജ്യത്തെ രാഷ്ട്രീയ വ്യവസ്ഥയ്ക്കു കളങ്കം ചാര്‍ത്തുന്നതാണെന്നും റാവല്‍പിണ്ടിയിലെ ജയിലില്‍ തന്നെ സന്ദര്‍ശിച്ച അണികളോട് ശരീഫ് പറഞ്ഞു.
തിരഞ്ഞെടുപ്പിലെ മുഴുവന്‍ വോട്ടുകളും എണ്ണിത്തീര്‍ന്നപ്പോള്‍ ആകെ പോള്‍ ചെയ്തതില്‍ 16.86 കോടി വോട്ടുകള്‍ നേടിയ പിടിഐ 116 സീറ്റുകളുമായി ഏറ്റവും വലിയ ഒറ്റകക്ഷിയായി. 12.89 കോടി വോട്ടുകള്‍ ലഭിച്ച പിഎംഎല്‍-എന്‍ 64 സീറ്റുകള്‍ നേടി. മുന്‍ പ്രസിഡന്റ് ആസിഫലി സര്‍ദാരിയുടെ പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി (പിപിപി)ക്ക് 43 സീറ്റ് ലഭിച്ചു. 13 സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ ജയിച്ചു. 342 അംഗങ്ങളാണ് ദേശീയ അസംബ്ലിയിലുള്ളത്. ഇതില്‍ 272 പേരെ ജനങ്ങള്‍ നേരിട്ടു തിരഞ്ഞെടുക്കും. തിരഞ്ഞെടുക്കപ്പെട്ടവരും നോമിനേറ്റ് ചെയ്യപ്പെട്ടതുമായി 172 സീറ്റുകള്‍ ലഭിച്ചാല്‍ മാത്രമേ ഒരു പാര്‍ട്ടിക്കു സര്‍ക്കാര്‍ രൂപീകരിക്കാനാകൂ.
മുന്‍ പഞ്ചാബ് മുഖ്യമന്ത്രി പര്‍വേസ് ഇലാഹിയുടെ പാകിസ്താന്‍ മുസ്‌ലിം ലീഗാണ് മറ്റൊരു പ്രതീക്ഷ. നാലു സീറ്റുകളാണ് പാര്‍ട്ടി നേടിയത്. മുത്തഹിദെ മജ്‌ലിസെ അമല്‍ പാകിസ്താന്‍ (എംഎംഎപി) പാര്‍ട്ടിയിലേക്കും കണ്ണുണ്ട്. ഇവര്‍ക്ക് 13 സീറ്റുകളാണ് ലഭിച്ചത്. എന്നാല്‍, എംഎംഎപിക്കു ബന്ധം ജമാഅത്തെ ഇസ്‌ലാമി, ജംഇയ്യത്തെ ഉലമാ ഇസ്‌ലാം ഫസല്‍ തുടങ്ങിയ പാര്‍ട്ടികളോടാണ്. ഇവരാകട്ടെ പ്രതിപക്ഷത്തു നില്‍ക്കാനാണ് ആഗ്രഹിക്കുന്നത്.
വനിതകള്‍ക്കായുള്ള 29 സംവരണ സീറ്റുകളും അഞ്ചോളം ന്യൂനപക്ഷ സംവരണ സീറ്റുകളും ഉള്‍പ്പെടെ ലഭിക്കുന്നതോടെ പിടിഐയുടെ സീറ്റുനില 160ലെത്തും. പിടിഐയുടെ സഖ്യകക്ഷിയായ പിഎംഎല്‍-ക്യൂവിന് അഞ്ചു സീറ്റുണ്ട്. വനിതകള്‍ക്കായി സംവരണം ചെയ്ത സീറ്റുകളിലൊന്നിനും പാര്‍ട്ടിക്ക് അവകാശമുണ്ട്. അവാമി മുസ്‌ലിം ലീഗിന്റെയും ഏതാനും സ്വതന്ത്ര സ്ഥാനാര്‍ഥികളുടെയും പിന്തുണയുമുണ്ട്. ഇതെല്ലാം ചേരുമ്പോള്‍ 173 സീറ്റെങ്കിലും സ്വന്തമാക്കാനാകുമെന്നാണ് കണക്കുകൂട്ടല്‍. ബലൂചിസ്താനിലെ ചില ചെറുപാര്‍ട്ടികളും ഇംറാനെ പിന്തുണയ്ക്കാനുണ്ടാകും.
സ്വതന്ത്രരുടെയും ചെറുപാര്‍ട്ടികളുടെയും പിന്തുണ ഉറപ്പാക്കി കേവല ഭൂരിപക്ഷത്തിന് ആവശ്യമായ സീറ്റുകള്‍ നേടിയെടുക്കാമെന്നാണ് ഇംറാന്‍ ഖാന്‍ കണക്കുകൂട്ടുന്നത്. എന്നാല്‍, പിടിഐ പാര്‍ട്ടിക്കെതിരേ ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ ചെറുപാര്‍ട്ടികളുടെ പ്രതിനിധികള്‍ ഉള്‍പ്പെടെ എത്തിയത് ആശങ്ക ഉയര്‍ത്തുന്നുണ്ട്. അതിനിടെ, തിരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നെന്ന വാദം ഗൗരവമേറിയതാണെന്ന് ഇംറാന്‍ ഖാന്‍ വ്യക്തമാക്കി. താന്‍ അധികാരത്തിലെത്തിയാല്‍ ഇക്കാര്യം അന്വേഷിക്കും. ഇപ്പോള്‍ രാജ്യം മുഴുവന്‍ തന്റെ ഭരണത്തിനു കീഴില്‍ അണിനിരക്കണമെന്നും ഇംറാന്‍ ഖാന്‍ ആവശ്യപ്പെട്ടു.
അതേസമയം, രാജ്യത്തെ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള സംഭവവികാസങ്ങളില്‍ യുഎസ് ഇതാദ്യമായി ആശങ്ക പ്രകടിപ്പിച്ചു. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്മേല്‍ ഉള്‍പ്പെടെ തിരഞ്ഞെടുപ്പിനു മുന്നോടിയായി വിലക്കുകള്‍ ഏര്‍പ്പെടുത്തിയിരുന്നു എന്നായിരുന്നു യൂറോപ്യന്‍ യൂനിയന്‍ ഇലക്ഷന്‍ ഒബ്‌സര്‍വേഷന്‍ മിഷന്‍ റിപോര്‍ട്ട്. പ്രചാരണത്തിന് എല്ലാവര്‍ക്കും തുല്യ അവസരം നല്‍കിയില്ലെന്നും രാജ്യവ്യാപകമായി അക്രമങ്ങള്‍ നടന്നെന്നും റിപോര്‍ട്ട് ചൂണ്ടിക്കാട്ടി.
എന്നാല്‍, പാകിസ്താനിലെ തിരഞ്ഞെടുപ്പ് വിജയകരമായി നടത്തിയതിനു തിരഞ്ഞെടുപ്പ് കമ്മീഷനെ യുഎന്‍ അഭിനന്ദിച്ചു. എന്തൊക്കെ ആരോപണങ്ങള്‍ ഉണ്ടായാലും കമ്മീഷനൊപ്പം നിലയുറപ്പിക്കുമെന്നു യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുത്തേറഷ് വ്യക്തമാക്കി.

RELATED STORIES

Share it
Top