പാകിസ്താന് മുന്നറിയിപ്പുമായി സൈനിക മേധാവി

ന്യൂഡല്‍ഹി: ഭീകരതയെ പിന്തുണയ്ക്കുന്നത് പാകിസ്താന്‍ തുടര്‍ന്നാല്‍ മറ്റു നടപടികള്‍ സ്വീകരിക്കാന്‍ ഇന്ത്യ നിര്‍ബന്ധിതമാവുമെന്നു കരസേനാ മേധാവി ബിബിന്‍ റാവത്ത്. 72ാമത് ഇന്‍ഫന്ററി ഡേ ആചരണത്തോടനുബന്ധിച്ച് ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു കരസേനാ മേധാവി.
കശ്മീരില്‍ സൈനികര്‍ക്കുനേരെ കല്ലെറിയുന്നവര്‍ ഭീകരവാദികളെപ്പോലുള്ളവരാണെന്നും കരസേനാ മേധാവി പറഞ്ഞു. പട്ടാളക്കാര്‍ക്കുനേര്‍ക്ക് കല്ലെറിയുന്നവര്‍ക്കെതിരേ ശക്തമായ നടപടിയെടുക്കും. കല്ലെറിയുന്നവരെ പാകിസ്താന്‍ പിന്തുണയ്ക്കുന്നുണ്ടെന്നും ജമ്മുകശ്മീരിന്റെ വികസനം തടയാനാണ് പാകിസ്താന്റെ നീക്കമെന്നും റാവത്ത് പറഞ്ഞു.
കശ്മീരിലെ ഇടപെടലില്‍നിന്ന് പാകിസ്താന്‍ പിന്‍വാങ്ങണമെന്നും റാവത്ത് ആവശ്യപ്പെട്ടു. കശ്മീരിനെ രാജ്യത്തിന്റെ ഭാഗമാക്കി നിര്‍ത്താനുള്ള കരുത്ത് ഇന്ത്യക്കുണ്ട്. ബലപ്രയോഗത്തിലൂടെയോ അല്ലാതെയോ ആര്‍ക്കും കശ്മീരിനെ വേര്‍പെടുത്താന്‍ കഴിയില്ല. 1971 യുദ്ധത്തില്‍ ബംഗ്ലാദേശ് സ്വതന്ത്രമായതിലുള്ള പകപോക്കാനായി ഇന്ത്യയോട് നിഴല്‍യുദ്ധം ചെയ്യാനാണ് പാകിസ്താന്‍ ശ്രമിക്കുന്നത്. ഈ നിഴല്‍യുദ്ധത്തില്‍ ഇന്ത്യന്‍ സൈന്യത്തെ കൂടി കൂട്ടിക്കലര്‍ത്താനാണ് പാകിസ്താന്‍ ശ്രമിക്കുന്നത്.
ആര്‍ക്കും ഇന്ത്യയില്‍ നിന്ന് കശ്മീരിനെ വേര്‍പെടുത്താന്‍ കഴിയില്ലെന്നും കാരണം നിയമപരമായും ന്യായമായും ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ് ജമ്മുകശ്മീരെന്നും റാവത്ത് പറഞ്ഞു. നുഴഞ്ഞുകയറ്റം പോലുള്ള കാര്യങ്ങള്‍ തുടരുന്നത് ഗുണകരമാവില്ലെന്നു പാകിസ്താന് അറിയാം. നുഴഞ്ഞുകയറ്റങ്ങള്‍ തടയാനുള്ള ശേഷി നമുക്കുണ്ട്. നുഴഞ്ഞുകയറ്റക്കാര്‍ക്ക് പാകിസ്താന്‍ നല്‍കുന്ന സഹായം തുടര്‍ന്നാല്‍ മറ്റു രീതിയിലുള്ള നടപടികളെ കുറിച്ച് ഇന്ത്യന്‍ സൈന്യത്തിനു ചിന്തിക്കേണ്ടി വരും- റാവത്ത് പറഞ്ഞു.

RELATED STORIES

Share it
Top