പാകിസ്താന്‍ വീണ്ടും സൈനിക ആധിപത്യത്തിലേക്ക്?

ഇസ്‌ലാമാബാദ് പാകിസ്താനില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയ ഇമ്രാന്‍ ഖാന്റെ തഹ്‌രീകെ ഇന്‍സാഫ് പാര്‍ട്ടി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ പാക് രാഷ്ട്രീയത്തില്‍ വീണ്ടും സൈന്യത്തിന് ആധിപത്യം വര്‍ധിക്കുന്നതായി നിരീക്ഷകര്‍. അധികാരത്തിലിരിക്കെ തങ്ങളെ നിയന്ത്രിക്കാന്‍ ശ്രമിച്ച നവാസ് ശരീഫും ബേനസീര്‍ ഭൂട്ടോയുടെ പാര്‍ട്ടിയായ പിപിപിയും അധികാരത്തില്‍ വരുന്നതിനേക്കാള്‍, താരതമ്യേന രാഷ്ട്രീയത്തില്‍ പുതുമുഖമായ ഇമ്രാനോടായിരുന്നു  സൈന്യത്തിന് താല്‍പ്പര്യം.   ഇമ്രാന് ആവശ്യമായ പിന്തുണ സംഘടിപ്പിച്ചു നല്‍കാന്‍ സൈന്യം തയ്യാറായേക്കുമെന്നും ഇതിനായി സമ്മര്‍ദം ചെലുത്താന്‍ സൈന്യം ഒരുങ്ങിയെന്നുമാണു റിപോര്‍ട്ടുകള്‍.
തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് 37,13,888 സുരക്ഷാ ഭടന്‍മാരെയായിരുന്നു രാജ്യത്തെ പോളിങ് ബൂത്തുകളില്‍  വിന്യസിച്ചിരുന്നത്. പോളിങ് സ്‌റ്റേഷന്റെ അകത്തും പുറത്തും സായുധസൈന്യം കാവലുണ്ടായിരുന്നു.  പാക് തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ ആദ്യമായായിരുന്നു  ഇത്രയും ശക്തമായ സൈനിക വ്യന്യാസം. ഇതിനെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അടക്കം രൂക്ഷമായി വിമര്‍ശിച്ചു.
ഏഴരപ്പതിറ്റാണ്ട് നീണ്ട രാഷ്ട്രീയ ചരിത്രത്തില്‍ പകുതിയോളം കാലം പാകിസ്താന്‍ സൈനിക ഭരണത്തിന് കീഴിലായിരുന്നു. രാജ്യത്തിന്റെ ഭരണത്തില്‍ അമിതാധികാരങ്ങളുള്ള സൈന്യം നാലു തവണയാണ് ജനാധിപത്യ സര്‍ക്കാരുകളെ അട്ടിമറിച്ചത്. 1947ല്‍ രൂപീകൃതമായ പാകിസ്താനില്‍ 2008ല്‍ അധികാരത്തിലേറിയ പിപിപി സര്‍ക്കാരായിരുന്നു ആദ്യമായി കാലാവധി പൂര്‍ത്തിയാക്കിയത്. 2013ല്‍ നടന്ന പൊതുതിരഞ്ഞെടുപ്പില്‍ നവാസ് ശരീഫ് സര്‍ക്കാര്‍ രൂപീകരിച്ചതോടെ ആ ജനാധിപത്യ പരീക്ഷണത്തിന് തുടര്‍ച്ചയുണ്ടായി. 2017ല്‍ അഴിമതിക്കേസില്‍ നവാസ് ശരീഫ് പുറത്തായെങ്കിലും പാകിസ്താന്‍ മുസ്‌ലിംലീഗ് സര്‍ക്കാര്‍ കാലാവധി തികച്ചു. ഏറെ വിവാദങ്ങള്‍ക്കും അക്രമങ്ങള്‍ക്കും സാക്ഷ്യംവഹിച്ച തിരഞ്ഞെടുപ്പില്‍ തീവ്ര യാഥാസ്ഥിതിക സംഘടനകള്‍ക്കു നേട്ടമുണ്ടാക്കാനായില്ലെന്നതും ശ്രദ്ധേയമാണ്്.

RELATED STORIES

Share it
Top