പാകിസ്താന്‍ വിട്ടയച്ച 144 ഇന്ത്യന്‍ മല്‍സ്യത്തൊഴിലാളികള്‍ ഗുജറാത്തിലെത്തി

വഡോദര: പാകിസ്താന്‍ വിട്ടയച്ച 144 ഇന്ത്യന്‍ മല്‍സ്യത്തൊഴിലാളികള്‍ ഗുജറാത്തിലെത്തി. വിട്ടയച്ചവരില്‍ ഭൂരിഭാഗവും ഗുജറാത്തില്‍ നിന്നുള്ളവരാണ്. വെരാവല്‍ നഗരത്തിലെത്തിയ ഇവര്‍ സ്വന്തം നാട്ടിലേക്കു പോയി. ചിലര്‍ മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാ ണ്. അവര്‍ ഗുജറാത്തിലാണ് ജോലി ചെയ്യുന്നത്. സമുദ്രാതിര്‍ത്തി ലംഘിച്ചു മല്‍സ്യബന്ധനം നടത്തിയതിനെ തുടര്‍ന്നാണ് പാക് അധികൃതര്‍ ഇവരെ പിടികൂടിയത്. ജനുവരി 8നകം രണ്ടു ഘട്ടങ്ങളിലായി 291 ഇന്ത്യന്‍ മല്‍സ്യത്തൊഴിലാളികളെ വിട്ടയക്കുമെന്നു പാകിസ്താന്‍ ഉറപ്പു നല്‍കിയിരുന്നു. വിട്ടയച്ച  മല്‍സ്യത്തൊഴിലാളികളെ വെള്ളിയാഴ്ച വാഗാ അതിര്‍ത്തിയില്‍ ഇന്ത്യന്‍ അധികൃതര്‍ക്കു കൈമാറി. പഞ്ചാബിലെ അമൃത്‌സറിലെ ഗുജറാത്ത് ഫിഷറീസ് ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥരും ഇവരോടൊപ്പം വഡോദരയിലേക്ക് എത്തിയിരുന്നു.അതേസമയം കുല്‍ഭൂഷണ്‍ ജാദവിന്റെയും പാകിസ്താനില്‍ തടവില്‍ കഴിയുന്ന മറ്റ് ഇന്ത്യക്കാരുടെയും കാര്യത്തില്‍ കോണ്‍സുലേറ്റിന്റെ ഇടപെടലിനായി കാത്തിരിക്കുകയാണെന്നു വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പാകിസ്താനില്‍ തടവില്‍ കഴിയുന്ന കുല്‍ഭൂഷണ്‍ ജാദവും ഹാമിദ് നേഹല്‍ അന്‍സാരിയുമടക്കമുള്ളവര്‍ക്ക് കോണ്‍സുലേറ്റിന്റെ സഹായം ലഭ്യമാക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. പാകിസ്താനില്‍ തടവില്‍ കഴിയുന്ന ഇന്ത്യക്കാരുടെയും ഇന്ത്യന്‍ ജയിലുകളിലെ പാകിസ്താന്‍ സ്വദേശികളുടെയും പട്ടിക ഇരുരാജ്യങ്ങളും ഇന്നലെ കൈമാറിയിരുന്നു.

RELATED STORIES

Share it
Top