പാകിസ്താന്‍: പ്രതിഷേധത്തിനിടയിലും സഖ്യ ചര്‍ച്ചയുമായി ഇംറാന്‍

ഇസ്‌ലാമാബാദ്: പ്രതിപക്ഷ കക്ഷികളുടെ പ്രതിഷേധത്തിനിടയിലും സര്‍ക്കാര്‍ രൂപീകരണത്തിന് ചെറു പാര്‍ട്ടി നേതാക്കളുമായും സ്വതന്ത്ര അംഗങ്ങളുമായും ചര്‍ച്ച ആരംഭിച്ചതായി തഹ്‌രീകെ ഇന്‍സാഫ് പാര്‍ട്ടി (പിടിഐ) അറിയിച്ചു.
270 പാര്‍ലമെന്റ് സീറ്റുകളിലേക്കുള്ള ഫലപ്രഖ്യാപനം പൂര്‍ത്തിയായപ്പോള്‍ പിടിഐ 116 സീറ്റുമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. മുന്‍ പ്രധാനമന്ത്രി നവാസ് ശരീഫിന്റെ പാകിസ്താന്‍ മുസ്‌ലിംലീഗ് നവാസ് (പിഎംഎല്‍-എന്‍) 64 സീറ്റും അന്തരിച്ച മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ പിപിപി 43 സീറ്റും നേടി. എന്നാല്‍, പാര്‍ലമെന്റില്‍ കേവല ഭൂരിപക്ഷത്തിന് 137 സീറ്റ് ലഭിക്കണം. ഇതോടെയാണ് ഇംറാന്‍ഖാന്‍ സഖ്യ ചര്‍ച്ചകള്‍ക്ക് നീക്കം തുടങ്ങിയത്. രാജ്യം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ആഗസ്ത് 14ന് മുമ്പ് ചെയര്‍മാന്‍ ഇംറാന്‍ഖാന്‍ സത്യപ്രതിജ്ഞ ചെയ്യുമെന്നു പിടിഐ നേതാവ് നസീമുല്‍ ഹഖ് അറിയിച്ചു. മുത്തഹിദെ ഖ്വാമി മൂവ്‌മെന്റ് പാകിസ്താനുമായി (എംക്യൂഎംപി) സഖ്യ ചര്‍ച്ചകള്‍—ക്കായി ഇന്നലെ പിടിഐ നേതാവ് ജഹാംഗീര്‍ തരീന്‍ കറാച്ചിയിലെത്തിയതായും റിപോര്‍ട്ടുണ്ട്.

RELATED STORIES

Share it
Top