പാകിസ്താന്‍: നവാസും കുടുംബവും അപ്പീല്‍ നല്‍കും

ഇസ്‌ലാമാബാദ്: അക്കൗണ്ടബിലിറ്റി കോടതി വിധിക്കെതിരേ ഇസ്‌ലാമാബാദ് ഹൈക്കോടതിയെ സമീപിക്കുമെന്നു പാക് മുന്‍ പ്രസിഡന്റ് നവാസ് ശരീഫിന്റെ കുടുംബം.
അനധികൃത സ്വത്തുസമ്പാദന കേസില്‍ കുറ്റക്കാരനാണെന്നു കണ്ടെത്തിയ നവാസ് ശരീഫിനെ കഴിഞ്ഞ ദിവസം കോടതി 10 വര്‍ഷത്തെ തടവിനു ശിക്ഷിച്ചിരുന്നു.  കൂട്ടുപ്രതികളായ മകള്‍ മറിയം ശരീഫ് ഏഴുവര്‍ഷവും മരുമകന്‍ സഫ്ദര്‍ ഒരു വര്‍ഷവും തടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടിരുന്നു. പാകിസ്താനില്‍ 25നു നടക്കുന്ന തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതില്‍ നിന്ന് മറിയമിനെ വിലക്കിയിട്ടുണ്ട്.
ഇസ്‌ലാമാബാദിലെ അക്കൗണ്ടബിലിറ്റി കോടതിയാണ് ശിക്ഷ വിധിച്ചത്. നവാസ് 80 ലക്ഷം പൗണ്ടും മറിയം 20 ലക്ഷം പൗണ്ടും പിഴ അടയ്ക്കണം. ലണ്ടനിലെ അവെന്‍ഫീല്‍ഡ് ഹൗസിലുള്ള നാലു ഫഌറ്റുകളുടെ ഉടമസ്ഥതയുമായി ബന്ധപ്പെട്ട അഴിമതിക്കേസിലാണ് ശരീഫിനെ കുറ്റക്കാരനായി കണ്ടെത്തിയത്.
അനധികൃത സ്വത്തുക്കളെക്കുറിച്ച് പാനമ പേപ്പര്‍ വിവരം പുറത്തുവിട്ടതിനെ തുടര്‍ന്ന് 2017 ജൂലൈയില്‍ സുപ്രിംകോടതി ശരീഫിനെ അയോഗ്യനാക്കിയിരുന്നു.
അതേസമയം, നവാസ് ശരീഫ് അധികാരത്തിലിരിക്കുമ്പോള്‍ രാജ്യത്തിന്റെ കടം നാലു മടങ്ങ് വര്‍ധിച്ചതായി പ്രതിപക്ഷ നേതാവും തെഹ്‌രീകെ ഇന്‍സാഫ് നേതാവുമായ ഇംറാന്‍ ഖാന്‍ ആരോപിച്ചു.

RELATED STORIES

Share it
Top