പാകിസ്താന്‍ നടത്തിയത് കടുത്ത മനുഷ്യാവകാശ ലംഘനം: മന്ത്രി

ന്യൂഡല്‍ഹി: ഇന്ത്യക്ക് വേണ്ടി ചാരപ്രവര്‍ത്തനം നടത്തി എന്ന് ആരോപിച്ച് പാകിസ്താനില്‍ ജയിലിലായ കുല്‍ഭൂഷന്‍ ജാദവിന്റെ അമ്മയോടും ഭാര്യയോടും കടുത്ത മനുഷ്യാവകാശ ലംഘനമാണു പാകിസ്താന്‍ നടത്തിയതെന്ന് കേന്ദ്രമന്ത്രി സുഷമ സ്വരാജ്. ധരിച്ചിരുന്ന വസ്ത്രങ്ങളും കെട്ടുതാലിയും വളകളും അഴിച്ച് സിന്ദൂരം വരെ മായ്ച്ചു കളഞ്ഞ് വിധവകളെന്ന പോലെയാണ് അവരെ കുല്‍ഭൂഷന്റെ മുന്നിലെത്തിച്ചതെന്ന് പാര്‍ലമെന്റില്‍ നടത്തിയ പ്രസ്താവനയില്‍ മന്ത്രി പറഞ്ഞു. കുല്‍ഭൂഷന്റെ അമ്മയുടെയും ഭാര്യയുടെയും മനുഷ്യാവകാശങ്ങള്‍ പലതവണ പാകിസ്താനില്‍ ലംഘിക്കപ്പെട്ടുവെന്നും പാര്‍ലമെന്റിന്റെ ഇരുസഭകളിലും സുഷമ സ്വരാജ് വ്യക്തമാക്കി. 22 വര്‍ഷം തടവില്‍ കഴിയുന്ന ഒരാള്‍ തന്റെ അമ്മയും ഭാര്യയുമായി നടത്തിയ കൂടിക്കാഴ്ച പാകിസ്താന്‍ തന്ത്രപൂര്‍വം പ്രചാരണ ആയുധമാക്കി മാറ്റുകയായിരുന്നെന്നും സുഷമ ആരോപിച്ചു. രാജ്യസഭയില്‍ പ്രതിപക്ഷ പാര്‍ട്ടികളും സുഷമയുടെ പ്രസ്താവനയെ പിന്തുണച്ചു. ലോക്‌സഭയില്‍ സുഷമയുടെ സംസാരത്തിനിടെ പാകിസ്താ ന്‍ മൂര്‍ദാബാദ് എന്ന മുദ്രാവാക്യങ്ങളും ഉയര്‍ന്നു. പാകിസ്താനില്‍ കൂല്‍ഭൂഷന്റെ ഭാര്യക്കും അമ്മയ്ക്കും നേരിടേണ്ടി വന്ന അപമാനത്തില്‍ പ്രതിപക്ഷ, ഭരണപക്ഷ കക്ഷികള്‍ ഒന്നടങ്കം പ്രതിഷേധം ഉയര്‍ത്തിയതോടെയാണ് ഇന്നലെ സുഷമ സ്വരാജ് രാജ്യസഭയിലും ലോക്‌സഭയിലും പ്രസ്താവന നടത്തിയത്. കൂടിക്കാഴ്ചയ്ക്കു ശേഷം മടങ്ങിയെത്തിയ കുല്‍ഭൂഷന്റെ ബന്ധുക്കളുമായി കണ്ടു സംസാരിച്ചതിനു പിന്നാലെ ഇന്നലെ രാവിലെയും കുല്‍ഭൂഷന്റെ മാതാവുമായി ഫോണില്‍ സംസാരിച്ചിരുന്നുവെന്നും സുഷമ വ്യക്തമാക്കി. 130 കോടി ഇന്ത്യക്കാരെ പാകിസ്താന്‍ അപമാനിച്ചുവെന്ന് രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദ് പറഞ്ഞു. കുല്‍ഭൂഷനെ പാകിസ്താന്‍ അനധികൃത തടങ്കലില്‍ വച്ചിരിക്കുകയാണെന്നു സുഷമ സ്വരാജ് പറഞ്ഞു. സാരി ധരിച്ചിരുന്ന കുല്‍ഭൂഷന്റെ മാതാവിനെക്കൊണ്ട് നിര്‍ബന്ധിപ്പിച്ച് സല്‍വാറും കുര്‍ത്തയും ധരിപ്പിച്ചു. മാതാവിന്റെയും ഭാര്യയുടെയും സിന്ദൂരം നീക്കംചെയ്തു. വളകള്‍ ഊരിമാറ്റി. ഇരുവരുടെയും താലി അഴിച്ചുവപ്പിച്ചു. വിവാഹിതരായ ഇരുവരെയും വിധവകളെപ്പോലെയാക്കി. മംഗല്യസൂത്രമില്ലാതെ തന്റെ മാതാവിനെക്കണ്ട കുല്‍ഭൂഷന്‍ താന്‍ അടുത്തില്ലാത്ത സമയത്ത് കുടുംബത്തിന് എന്തോ ആപത്ത് പറ്റിയെന്നാണു ധരിച്ചത്. അതുകൊണ്ടാണ് അമ്മയെ കണ്ടയുടന്‍ അച്ഛന് എന്തുപറ്റിയെന്ന് ചോദിച്ചത്. പിന്നീട് ഭാര്യയെയും മാതാവിന്റെ അതേ രൂപഭാവത്തില്‍ കണ്ടതോടെയാണ് കുല്‍ഭൂഷന് കാര്യം വ്യക്തമായതെന്നും മന്ത്രി പറഞ്ഞു. കൂടിക്കാഴ്ചയ്ക്കിടെ മാതാവുമായി മാതൃഭാഷയില്‍ സംസാരിക്കാനുള്ള അവസരവും നിഷേധിച്ചു. കുല്‍ഭൂഷന്റെ അമ്മ അവന്തി മറാഠിയില്‍ സംസാരിക്കാന്‍ ശ്രമിച്ചപ്പോഴൊക്കെ ഒപ്പമുണ്ടായിരുന്ന രണ്ടു പാകിസ്താന്‍ ഉദ്യോഗസ്ഥര്‍ ആവര്‍ത്തിച്ചു തടസ്സപ്പെടുത്തി. വീണ്ടും മറാഠിയില്‍ സംസാരിച്ചപ്പോള്‍ ഇന്റര്‍കോം ബന്ധാക്കി. കുല്‍ഭൂഷന്റെ ഭാര്യ ചേതന്‍ കൗളിന്റെ ഷൂസ് സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി അഴിച്ചു വാങ്ങിയത് അങ്ങേയറ്റം യുക്തിരഹിതമായ നടപടിയാണ്. ഷൂസിനുള്ളില്‍ കാമറ ഉള്‍പ്പെടെയുള്ളവ ഘടിപ്പിച്ചു എന്നാണു പാകിസ്താന്റെ ആരോപണം. എന്നാല്‍, രണ്ടു വിമാനങ്ങള്‍ മാറിക്കയറിയാണ് ചേതന കൗള്‍ പാകിസ്താനില്‍ എത്തിയത്. ഇവിടെയൊന്നും നടന്ന സുരക്ഷാ പരിശോധനയില്‍ ഇങ്ങനെയൊരു കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും സുഷമ വ്യക്തമാക്കി. കുല്‍ഭൂഷന്റെ വിഷയത്തില്‍ കഴിഞ്ഞ ഏപ്രിലില്‍ സഭയില്‍ വിശദീകരണം നല്‍കിയതാണ്. അദ്ദേഹത്തിന്റെ മോചനത്തിനു വേണ്ടി എല്ലാ നടപടികളും ചെയ്യുമെന്നും ഉറപ്പുനല്‍കിയതാണ്. തുടര്‍ന്നാണ് കുല്‍ഭൂഷന്റെ വധശിക്ഷ ഒഴിവാക്കുന്നതിനായി അന്താരാഷ്ട്ര കോടതിയെ സമീപിച്ചത്. കുല്‍ഭൂഷന്റെ മോചനത്തിനായി എല്ലാ ശ്രമങ്ങളും നടത്തിവരികയാണെന്നും സുഷമ പറഞ്ഞു.

RELATED STORIES

Share it
Top