പാകിസ്താന്‍: എല്ലാ വഴികളും പരിഗണിക്കുമെന്ന് യുഎസ്

വാഷിങ്ടണ്‍: സായുധ സംഘടനകളായ ഹഖാനി ശൃംഖലയ്ക്കും താലിബാനുമെതിരേ കര്‍ശന നടപടി സ്വീകരിച്ചില്ലെങ്കില്‍ പാകിസ്താനെതിരേ എല്ലാ വഴികളും പരിഗണിക്കുമെന്നു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. താലിബാന്‍, ഹഖാനി സംഘടനകളെയും അവരുടെ സുരക്ഷിത താവളങ്ങളെയും പാകിസ്താന്‍ ഇല്ലാതാക്കണമെന്നും യുഎസ് ആവശ്യപ്പെട്ടു. സുരക്ഷാ സഹായമായി പാകിസ്താനു വര്‍ഷംതോറും നല്‍കിവരുന്ന 200 കോടിയിലധികം യുഎസ് ഡോളറിന്റെ സഹായം വെട്ടിക്കുറച്ചതിനു പിന്നാലെയാണ് ട്രംപിന്റെ പുതിയ പ്രസ്താവന. ഭീഷണികളെ എങ്ങനെ ഇല്ലാതാക്കണമെന്നു യുഎസിന് അറിയാമെന്നും ഈ പ്രശ്‌നത്തെ അഭിമുഖീകരിക്കുന്നതിനുള്ള എല്ലാ വഴികളും തന്റെ മുന്നിലുണ്ടെന്നും ട്രംപ് പറഞ്ഞതായി ഒരു യുഎസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. പാകിസ്താനെ സമ്മര്‍ദത്തിലാക്കാന്‍ എന്തെല്ലാം നടപടികളാവും അമേരിക്ക സ്വീകരിക്കുകയെന്നു വ്യക്തമാക്കാന്‍ ഉദ്യോഗസ്ഥന്‍ തയ്യാറായില്ല. യുഎസിന്റെ ആവശ്യം പരിഗണിക്കാന്‍ പാകിസ്താന് ആവശ്യമായ സമയം നല്‍കും. എന്നാല്‍, ആവശ്യം പാകിസ്താന്‍ ഗൗരവമായി എടുത്തതിന്റെ യാതൊരു സൂചനകളും ഇതുവരെ ലഭിച്ചിട്ടില്ലെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു. പാകിസ്താന്റെ നാറ്റോ സഖ്യകക്ഷി പദവി എടുത്തുമാറ്റണമെന്നു ചില യുഎസ് ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചു. ഐഎംഎഫ്, യുഎന്‍ തുടങ്ങിയ അന്താരാഷ്ട്ര ഏജന്‍സികള്‍ വഴി പാകിസ്താനെതിരേ നടപടിയെടുക്കണമെന്നും അവര്‍ ശുപാര്‍ശ ചെയ്യുന്നു. 15 വര്‍ഷമായി സ്വീകരിച്ച സൈനിക സഹായത്തിനു പകരമായി വഞ്ചന മാത്രമാണ് പാകിസ്താന്‍ തിരിച്ചുനല്‍കിയതെന്ന്  പുതുവല്‍സരദിനത്തില്‍ ട്രംപ് ട്വീറ്റ് ചെയ്തിരുന്നു. തൊട്ടുപിറകെയാണ് പാകിസ്താനുള്ള സൈനിക സഹായം യുഎസ് നിര്‍ത്തിയത്. മതസ്വാതന്ത്ര്യം ഹനിക്കപ്പെടുന്ന രാജ്യങ്ങളുടെ  പട്ടികയില്‍ യുഎസ് പാകിസ്താനെ ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു.

RELATED STORIES

Share it
Top