പാകിസ്താനുള്ള സൈനിക സഹായം അമേരിക്ക നിര്‍ത്തലാക്കി

വാഷിങ്ടണ്‍: പാകിസ്താന് നല്‍കിക്കൊണ്ടിരുന്ന സാമ്പത്തിക, സൈനിക സഹായം അമേരിക്ക നിര്‍ത്തലാക്കി. ഭീകരതയ്‌ക്കെതിരേയുള്ള പോരാട്ടത്തിനു നല്‍കിവന്ന ധനസഹായം നിര്‍ത്തുകയാണെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ട്വിറ്ററിലൂടെ അറിയിച്ചത്. 15 വര്‍ഷത്തിനിടെ ഈ ആവശ്യത്തിനു പാകിസ്താന് നല്‍കിയത് 33 ബില്യണ്‍ ഡോളര്‍ സഹായമാണ്. എന്നാല്‍ കുറേ നുണകളും തട്ടിപ്പുമല്ലാതെ മറ്റൊന്നും അവര്‍ തിരിച്ചുതന്നില്ല. അമേരിക്കക്കാര്‍ മണ്ടന്മാരാണെന്നാണ് പാകിസ്താന്റെ വിചാരം. അഫ്ഗാനിസ്താനില്‍ അമേരിക്കന്‍ സൈന്യം ഭീകരര്‍ക്കെതിരേ പോരാടുമ്പോള്‍ ഭീകരര്‍ക്ക് സുരക്ഷിത താവളമൊരുക്കുകയാണ് പാകിസ്താന്‍ ചെയ്തത്. ഈ മണ്ടത്തരം അവസാനിപ്പിക്കുകയാണെന്നും ട്രംപ് ട്വിറ്ററിലൂടെ അറിയിച്ചു.നേരത്തേ, പാകിസ്താന് നല്‍കിവരുന്ന ധനസഹായം നിര്‍ത്താന്‍ ആലോചിക്കുന്നതായി ട്രംപ് നേരത്തെ അറിയിച്ചിരുന്നു. ഭീകരര്‍ക്കു സഹായം നല്‍കുന്നത് തുടരുകയാണെങ്കില്‍ നാറ്റോ ഇതര സഖ്യകക്ഷിയെന്ന നിലയിലുള്ള പാകിസ്താന്റെ സഖ്യകക്ഷി സ്ഥാനം പുനപ്പരിശോധിക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു. അമേരിക്കയുടെ പുതിയ അഫ്ഗാന്‍ നയവുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം നേരത്തേ തന്നെ വഷളായിത്തുടങ്ങിയിരുന്നു. അമേരിക്കന്‍ പൗരന്‍മാരെ ബന്ദികളാക്കിയ അക്രമികളെ കൈമാറുന്നതില്‍ പാകിസ്താന്‍ കാണിച്ച നിഷേധാത്മക സമീപനവും ഇരുരാജ്യങ്ങള്‍ക്കിടയില്‍ വിള്ളലുണ്ടാവുന്നതിനു കാരണമായിട്ടുണ്ട്. കനേഡിയന്‍-അമേരിക്കന്‍ കുടുംബത്തെയാണ് താലിബാന്‍ ബന്ധമുള്ള ഹഖാനി ഗ്രൂപ്പ് ബന്ദികളാക്കിയിരുന്നത്. ഇവരെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ ഒരാളെ പാക് സേന പിടികൂടിയിരുന്നു. ഇയാളെ കൈമാറാനാണ് പാകിസ്താന്‍ തയ്യാറാവാതിരുന്നത്. ഇതിനെ തുടര്‍ന്നാണ് നേരത്തേ തന്നെ തടഞ്ഞുവച്ചിരുന്ന 255 ദശലക്ഷം ഡോളറിന്റെ സഹായം നിര്‍ത്തലാക്കുന്ന കാര്യം അമേരിക്ക പരിഗണിച്ചത്. എന്നാല്‍, ധനസഹായം പുനസ്ഥാപിച്ചുകിട്ടുന്നതിന് അമേരിക്ക പ്രത്യേക ആവശ്യങ്ങളൊന്നും ഉന്നയിച്ചിട്ടില്ലെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപോര്‍ട്ട് ചെയ്തു.

RELATED STORIES

Share it
Top