പാകിസ്താനില്‍ സൈനികത്താവളം നിര്‍മിക്കാന്‍ ചൈന ഒരുങ്ങുന്നു ; റിപോര്‍ട്ട് പുറത്തുവിട്ടത് പെന്റഗണ്‍വാഷിങ്ടണ്‍: പാകിസ്താന്‍ അടക്കമുള്ള മറ്റു രാജ്യങ്ങളില്‍ കൂടുതല്‍ സൈനികത്താവളങ്ങള്‍ സ്ഥാപിക്കുന്നതിന് ചൈന തയ്യാറെടുക്കുന്നതായി പെന്റഗണ്‍ റിപോര്‍ട്ട്. അടുത്തിടെ ചൈന പ്രഖ്യാപിച്ച 'ഒരു ദേശം ഒരു റോഡ്' പദ്ധതിക്ക് പിന്നാലെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സൈനിക കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ ചൈന ഒരുങ്ങുന്നതായാണ് റിപോര്‍ട്ട് വ്യക്തമാക്കുന്നത്.2016ല്‍ 1,80,000 കോടി ഡോളറിന്റെ നിക്ഷേപമാണ് പ്രതിരോധവുമായി ബന്ധപ്പെട്ട് ചൈന മറ്റു രാജ്യങ്ങളില്‍ നടത്തിയിരിക്കുന്നതെന്നും അമേരിക്കന്‍ കോണ്‍ഗ്രസ്സിനു മുന്നില്‍ സമര്‍പ്പിക്കപ്പെട്ട വാര്‍ഷിക റിപോര്‍ട്ട് വ്യക്തമാക്കുന്നു. ആഫ്രിക്കന്‍ രാജ്യമായ ജിബൂത്തിയിലാണ് ഇതര രാജ്യത്തുള്ള ചൈനയുടെ ആദ്യ സൈനികത്താവളം നിര്‍മിച്ചത്. സൂയസ് കനാലിലേക്കുള്ള പാതയിലാണ് ചൈനയുടെ ഈ സൈനിക ത്താവളം സ്ഥിതിചെയ്യുന്നത്. അറേബ്യന്‍ സമുദ്രത്തിലേക്ക് പ്രവേശനം എളുപ്പമാക്കുന്ന വിധത്തില്‍ സ്ഥിതിചെയ്യുന്ന ഈ സൈനികത്താവളം, ഇന്ത്യക്ക് ആശങ്ക ജനിപ്പിക്കുന്നുണ്ട്. അമേരിക്കയുടെ സൈനികത്താവളവും ജിബൂത്തിയിലുണ്ട്. ചൈനയുമായി ദീര്‍ഘകാല സൗഹൃദവും താല്‍പര്യങ്ങളുമുള്ള രാജ്യങ്ങളില്‍ സൈനികത്താവളങ്ങളും നിര്‍മാണങ്ങളും നടത്താന്‍ ചൈന തയ്യാറെടുക്കുന്നതായാണ് റിപോര്‍ട്ട് വ്യക്തമാക്കുന്നത്. പാകിസ്താന്‍ അക്കൂട്ടത്തിലൊരു രാജ്യമാണ്. ചൈനയില്‍നിന്ന് വന്‍തോതില്‍ ആയുധ ഇറക്കുമതി നടത്തുന്ന രാജ്യവുമാണ് പാകിസ്താന്‍. കഴിഞ്ഞ വര്‍ഷം എട്ട് മുങ്ങിക്കപ്പലുകള്‍ക്ക് ചൈനയുമായി പാകിസ്താന്‍ കരാറുണ്ടാക്കിയിരുന്നതായും റിപോര്‍ട്ട് വ്യക്തമാക്കുന്നു. കൃത്രിമ ഉപഗ്രങ്ങളിലൂടെ സാങ്കേതിക രംഗത്തും ചൈന വലിയ മുന്നേറ്റം ഉണ്ടാക്കി. യുഎസ് സര്‍ക്കാരിന്റെ കീഴിലുള്ള കംപ്യൂട്ടറുകളെ സൈബര്‍ ചാരപ്രവര്‍ത്തനത്തിലൂടെ ചൈന നിരീക്ഷിച്ചതായും വിവരങ്ങള്‍ ചോര്‍ത്തിയതായും റിപോര്‍ട്ടില്‍ ആരോപണമുണ്ട്.

RELATED STORIES

Share it
Top