പശ്ചിമ ബംഗാളില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വ്യാപക അക്രമം; ദമ്പതികളെ ചുട്ടുകൊന്നു: 12 മരണം

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ പഞ്ചായത്ത് വോട്ടെടുപ്പിനിടെ പലയിടങ്ങളിലും വ്യാപക സംഘര്‍ഷം. വോട്ടെടുപ്പ് ആരംഭിച്ച രാവിലെ മുതല്‍ തന്നെ സംസ്ഥാനത്ത് അക്രമസംഭവങ്ങള്‍ റിപോര്‍ട്ട് ചെയ്തു.  വ്യാപകമായി നടന്ന അക്രമപ്രവര്‍ത്തനങ്ങളില്‍ 12 പേര്‍ കൊല്ലപ്പെട്ടതായാണ് റിപോര്‍ട്ട്.  പോലിസ് വാഹനങ്ങള്‍ വരെ അഗ്‌നിക്കിരയാക്കി. സിപിഎം പ്രവര്‍ത്തകനേയും ഭാര്യയേയും തീവച്ചു കൊന്നതാണ് സംസ്ഥാനത്തു നിന്ന് ആദ്യം റിപോര്‍ട്ട് ചെയ്ത പ്രധാന വാര്‍ത്ത. നോര്‍ത്ത് 24 പര്‍ഗാനയില്‍ ദിബു ദാസ്, ഭാര്യ ഉഷ ദാസ് എന്നിവരെയാണ് കൊലപ്പെടുത്തിയത്. കൊലപാതകത്തിനു പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്നു സിപിഎം ആരോപിച്ചു.
തുടര്‍ന്ന്, സിപിഎം പ്രവര്‍ത്തകരെയും ബിജെപി പ്രവര്‍ത്തകരെയും ഒരു സംഘം ആളുകള്‍ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. ബിജെപി, തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ തെഹട്ടയില്‍ ഒരു വോട്ടറും കൊല്ലപ്പെട്ടു.അക്രമസംഭവങ്ങളുടെ പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ്സാണെന്ന് ആരോപിച്ച്  ഇടതു പാര്‍ട്ടികള്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫിസിനു മുമ്പില്‍ പ്രതിഷേധിച്ചു. സമാധാനം പുനസ്ഥാപിക്കാന്‍ നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ടു സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് സിപിഎം പരാതി നല്‍കി.
നന്ദിഗ്രാമില്‍ അപു മനാ, ജോഗേശ്വര്‍ ഘോഷ് എന്നീ സിപിഎം പ്രവര്‍ത്തകരും കൊല്ലപ്പെട്ടു. നേരത്തേ മുര്‍ഷിദാബാദില്‍ സ്വതന്ത്ര സ്ഥാനാര്‍ഥി സൈന്‍ ശെയ്ഖിനെ ബൈക്കിലെത്തിയ സംഘം വെടിവച്ചു കൊന്നത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചിരുന്നു. ബിര്‍പാരയില്‍ സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ എത്തിയ വോട്ടര്‍മാരെ തൃണമൂല്‍ പ്രവര്‍ത്തകര്‍ തടഞ്ഞു. മൂന്നിടങ്ങളില്‍ ബോംബ് സ്‌ഫോടനങ്ങള്‍ നടന്നു. താരകേശ്വറില്‍ രണ്ടു ബിജെപി പ്രവര്‍ത്തകര്‍ക്കു നേരെ ആക്രമണം നടന്നു. പലയിടത്തും ബൂത്ത് പിടിച്ചെടുക്കലുകള്‍ നടന്നു. സംസ്ഥാനത്ത് നടന്ന അക്രമസംഭവങ്ങളെ കുറിച്ച് മമത സര്‍ക്കാരിനോട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപോര്‍ട്ട് തേടി. അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നു കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയ ആവശ്യപ്പെട്ടു. അക്രമസംഭവങ്ങളില്‍ മമത ബാനര്‍ജി സര്‍ക്കാരിനെ വിമര്‍ശിച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി രംഗത്തുവന്നു.
മമത ബാനര്‍ജി ജനാധിപത്യത്തെ കശാപ്പ് ചെയ്യുകയാണെന്ന് അദ്ദേഹം പറഞ്ഞു. നീണ്ട കോടതി നടപടികള്‍ക്കു ശേഷമാണ് ബംഗാളില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്.
എതിര്‍ സ്ഥാനാര്‍ഥികളില്ലാത്തതിനാല്‍ 34 ശതമാനം സീറ്റുകളില്‍ തിരഞ്ഞെടുപ്പ് ആരംഭിക്കും മുമ്പു തന്നെ തൃണമൂല്‍ ജയിച്ചിരുന്നു. തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ജനാധിപത്യത്തെ കശാപ്പു ചെയ്യുകയാണെന്നു സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.

RELATED STORIES

Share it
Top