പശ്ചിമ ബംഗാളിന് തകര്‍പ്പന്‍ ജയംകൊല്‍ക്കത്ത: 72ാമത് സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ പശ്ചിമ ബംഗാളിന് തകര്‍പ്പന്‍ ജയം. മഹാരാഷ്ട്രയെ ഒന്നിനെതിരേ അഞ്ച് ഗോളുകള്‍ക്കാണ് ബംഗാള്‍ തകര്‍ത്തത്. മല്‍സരത്തില്‍ ആദ്യ വലകുലുക്കിയത് മഹാരാഷ്ട്രയായിരുന്നെങ്കിലും പിന്നീട് തിരിച്ചടിച്ച ബംഗാള്‍ തകര്‍പ്പന്‍ ജയം അക്കൗണ്ടിലാക്കുകയായിരുന്നു. എട്ടാം മിനിറ്റില്‍ ലിയാന്‍ഡര്‍ ധര്‍മയാണ് മഹാരാഷ്ട്രയുടെ അക്കൗണ്ട് തുറന്നത്. ആദ്യ പകുതിക്ക് പിരിയുമ്പോഴും ഒരു ഗോളിന്റെ ആധിപത്യം നിലനിര്‍ത്തിയാണ് മഹാരാഷ്ട്ര കളം പിരിഞ്ഞത്.എന്നാല്‍ രണ്ടാം പകുതിയില്‍ ഉജ്ജ്വല തിരിച്ചുവരവ് നടത്തിയ ബംഗാള്‍ അഞ്ച് ഗോളുകള്‍ മഹാരാഷ്ട്രയുടെ ഗോള്‍ വലയില്‍ അടിച്ചുകയറ്റുകയായിരുന്നു. 55ാം മിനിറ്റില്‍ മോണോതോഷ് ചക്ലാദറിന്റെ ഗോളിലൂടെ ബംഗാള്‍ മഹാരാഷ്ട്രയുമായി സമനില പിടിച്ചു. ആക്രമണം തുടര്‍ന്ന ബംഗാള്‍ 62ാം മിനിറ്റില്‍ ലീഡെടുത്തു. ഇത്തവണ ജിതേന്‍ മര്‍മുവാണ് ബംഗാളിന് വേണ്ടി ലക്ഷ്യം കണ്ടത്. പിന്നീട് മഹാരാഷ്ട്രയെ ചിത്രത്തിലേ ഇല്ലാതാക്കി മുന്നേറിയ ബംഗാളിന് വേണ്ടി വിദ്യാസാഗര്‍ സിങ് ഇരട്ട ഗോളുകള്‍ നേടി. 79ാം മിനിറ്റിലും 82ാം മിനിറ്റിലുമായിരുന്നു വിദ്യാസാഗറിന്റെ ഗോള്‍ നേട്ടം. വന്‍ തോല്‍വിയെ മുന്നില്‍ക്കണ്ട മഹാരാഷ്ട്രയ്ക്ക് വീണ്ടും ഷോക്ക് നല്‍കി 89ാം മിനിറ്റില്‍ റാജോണ്‍ വര്‍മയും വലകുലുക്കിയതോടെ 5-1ന്റെ തകര്‍പ്പന്‍ ജയവും ബംഗാളിനൊപ്പം നിന്നു.ഗ്രൂപ്പ് എയില്‍ നടന്ന മറ്റൊരു മല്‍സരത്തില്‍ ചണ്ഡിഗഡും മണിപ്പൂരും ഓരോ ഗോളടിച്ച് സമനിലയില്‍ പിരിഞ്ഞു. ആദ്യ പകുതിയുടെ 25ാം മിനിറ്റില്‍ നോച്ചയിലൂടെ മണിപ്പൂര്‍ ആദ്യം മുന്നിലെത്തിയെങ്കിലും രണ്ടാം പകുതിയുടെ 65ാം മിനിറ്റില്‍  വിവേക് റാണയിലൂടെ ചണ്ഡിഗഡ് സമനില പിടിക്കുകയായിരുന്നു.ഇന്ന് നടക്കുന്ന മല്‍സരങ്ങളില്‍ കര്‍ണാടക ഗോവയെയും ഒഡീഷ മിസോറാമിനെയും നേരിടും.

RELATED STORIES

Share it
Top