പശ്ചിമേഷ്യയിലെ സമാധാനം സാധ്യമായതെന്തും ചെയ്യും : ഡോണള്‍ഡ് ട്രംപ്‌തെല്‍അവീവ്: ഇസ്രായേല്‍-ഫലസ്തീന്‍ സമാധാനത്തിനായി സാധ്യമായതെന്തും ചെയ്യുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇരു രാജ്യങ്ങള്‍ക്കുമിടയിലെ സമാധാന ചര്‍ച്ച മൂന്നു വര്‍ഷത്തോളമായി നിലച്ച അവസ്ഥയിലാണ്. വിഷയത്തില്‍ ഇടപെടുന്ന ഏതൊരു മധ്യസ്ഥ രാജ്യത്തിന്റെയും പ്രധാന വെല്ലുവിളി ഇതുതന്നെയാണെന്നും ട്രംപ് വ്യക്തമാക്കി. പശ്ചിമേഷ്യന്‍ സന്ദര്‍ശനത്തിന്റെ അവസാന ദിനമായ ഇന്നലെ ഫലസ്തീന്‍ പ്രസിഡന്റ് മഹമുദ് അബ്ബാസുമായും ട്രംപ് കൂടിക്കാഴ്ച നടത്തി. മേഖലയില്‍ ഉയര്‍ന്നുവരുന്ന സായുധ നീക്കങ്ങള്‍ക്കെതിരേ ശക്തമായ നിലപാടെടുക്കാന്‍ ട്രംപ് അബ്ബാസിനോട് ആവശ്യപ്പെട്ടതായി റിപോര്‍ട്ടുണ്ട്. അതേസമയം, ട്രംപിന്റെ സന്ദര്‍ശനത്തില്‍ പ്രതിഷേധിച്ച് ഗസയിലും അധിനിവിഷ്ട വെസ്റ്റ്ബാങ്കിലും പ്രകടനങ്ങള്‍ അരങ്ങേറി. ഇസ്രായേല്‍ ജയിലുകളില്‍ നിരാഹാരമനുഷ്ഠിക്കുന്ന ഫലസ്തീന്‍ തടവുകാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുള്ള സമരത്തിന്റെ ഭാഗമായിരുന്നു പ്രതിഷേധം. ഇസ്രായേല്‍ സൈനിക കാവല്‍പ്പുരകളിലേക്ക് പ്രകടനം നടത്തിയ പ്രതിഷേധക്കാര്‍ കല്ലേറുനടത്തുകയും ട്രംപിന്റെ ചിത്രങ്ങള്‍ തെരുവിലൂടെ വലിച്ചിഴക്കുകയും ചെയ്തു. പ്രതിഷേധക്കാര്‍ക്കു നേരെ സൈന്യം നടത്തിയ റബര്‍ ബുള്ളറ്റ് പ്രയോഗത്തില്‍ ഒരാള്‍ക്കു പരിക്കേറ്റു.അതേസമയം, യുഎസും ഇസ്രായേലും തമ്മില്‍ 'യോജിച്ച ബന്ധം' ഉറപ്പുവരുത്തുമെന്നും മേഖലയിലേക്ക് 'സുരക്ഷിതത്വവും സ്ഥിരതയും സമാധാനവും കൊണ്ടുവരാനുള്ള അപൂര്‍വ അവസരം' ഉണ്ടെന്നും ട്രംപ് തിങ്കളാഴ്ച പ്രതികരിച്ചിരുന്നു. ഇന്ന് റോമില്‍  പോപ്പുമായി കൂടിക്കാഴ്ച നടത്തുന്ന ട്രംപ് ബ്രസല്‍സില്‍ നാറ്റോ നേതാക്കളെയും കാണും.

RELATED STORIES

Share it
Top