പശ്ചിമേഷ്യന്‍ സമാധാനംഅന്താരാഷ്ട്ര യോഗം വിളിക്കണം: മഹ്മൂദ് അബ്ബാസ്‌

ന്യൂയോര്‍ക്ക്: പശ്ചിമേഷ്യയില്‍ സമാധാനം പുനസ്ഥാപിക്കാനും ഫലസ്തീന്‍ രാഷ്ട്ര രൂപീകരണത്തിനും അന്താരാഷ്ട സമാധാനയോഗം വിളിക്കണമെന്ന് ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് യുഎന്‍ രക്ഷാസമിതിയില്‍ ആവശ്യപ്പെട്ടു.
സമാധാന ചര്‍ച്ചകള്‍ പുനരാരംഭിക്കാനും മധ്യസ്ഥം വഹിക്കാനും ലോക രാജ്യങ്ങള്‍ മുന്നോട്ടു വരണം. ഫലസ്തീന്‍ പ്രശ്‌നത്തിനു പരിഹാരം കാണണമെങ്കില്‍ അന്താരാഷ്ട്ര തലത്തില്‍ രൂപീകരിക്കപ്പെടുന്ന ബഹുമുഖ സംവിധാനം അത്യാവശ്യമാണ്്. ഇസ്രായേല്‍ ഭരണകൂടമാണ് സമാധാന ശ്രമങ്ങളുടെ പരാജയത്തിന് മുഖ്യ കാരണം. നിയമവിരുദ്ധമായാണ് ഇസ്രായേല്‍ പ്രവര്‍ത്തിക്കുന്നത്.  അധിനിവേശത്തെ സ്ഥിരപ്പെടുത്തി കോളനിവല്‍ക്കരണത്തിലേക്ക് മാറ്റാനാണ് ഇസ്രായേലിന്റെ ശ്രമം. ഫലസ്തീന്‍ രാഷ്ട്രത്തെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന ഇസ്രായേല്‍ വര്‍ണവിവേചനം അടിച്ചേല്‍പ്പിക്കുകയാണെന്നും അബ്ബാസ് ആരോപിച്ചു.
1948ന് മുതല്‍ ഫലസ്തീനുമായി ബന്ധപ്പെട്ട് 86  പ്രമേയങ്ങള്‍ യുഎന്‍  പാസാക്കിയിട്ടുണ്ട്. എന്നാല്‍, ഒന്നുപോലും നടപ്പാക്കിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 2014 ഏപ്രിലില്‍ തുടങ്ങിയ ഇസ്രായേല്‍ ഫലസ്തീന്‍ സമാധാന ചര്‍ച്ച ഇപ്പോഴും അഴിയാക്കുരുക്കായി തുടരുകയാണ്. 2009ന് ശേഷം ആദ്യമായാണ് ഫലസ്തീന്‍ പ്രതിനിധി യുഎസ് രക്ഷാ സമിതിയില്‍ സംസാരിക്കുന്നത്.

RELATED STORIES

Share it
Top