പശ്ചിമഘട്ട സംരക്ഷണ പോരാട്ടം തുടരും: മേധാ പട്കര്‍

കൊച്ചി: പശ്ചിമഘട്ട സംരക്ഷണസമരം രാജ്യാന്തരതലത്തി ല്‍ വ്യാപിപ്പിക്കണമെന്ന് പരിസ്ഥിതി പ്രവര്‍ത്തക മേധാ പട്കര്‍. പശ്ചിമഘട്ട സംരക്ഷണത്തിന് ആഗോള പ്രസക്തിയുണ്ടെന്നും അതിനാല്‍ ചില സംസ്ഥാനങ്ങളില്‍ മാത്രം സമരത്തെ തളച്ചിടരുതെന്നും മേധാ പട്കര്‍ ആവശ്യപ്പെട്ടു.
പശ്ചിമഘട്ട സംരക്ഷണ യാത്രയുടെ 30ാം വാര്‍ഷികവും ദേശീയ പരിസ്ഥിതി സമ്മേളനത്തിന്റെ അന്തര്‍ദേശീയ പ്രചാരണ പരിപാടിയും എറണാകുളം മഹാരാജാസ് കോളജില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. പശ്ചിമഘട്ടം കടന്നുപോവുന്ന സംസ്ഥാനങ്ങളില്‍ മാത്രമാണ് സമരത്തിന്റെ അലയൊലികള്‍ ഉയരുന്നത്. പരിസ്ഥിതി ചൂഷണംചെയ്യപ്പെടുന്ന മേഖലകളിലെല്ലാം പശ്ചിമഘട്ട സംരക്ഷണ സന്ദേശം ഉയരണമെന്ന് മേധാ പട്കര്‍ പറഞ്ഞു. പശ്ചിമഘട്ടം അവസാനിക്കുന്ന ഗുജറാത്തിലാണ് ഇനി സമരം കേന്ദ്രീകരിക്കേണ്ടത്. പ്രകൃതിയെ വന്‍തോതില്‍ ചൂഷണം ചെയ്യുന്ന പ്രവൃത്തികളാണ് ഗുജറാത്തില്‍ ദിനംപ്രതി അരങ്ങേറുന്നത്. നര്‍മദ നദിയില്‍ കെട്ടിപ്പൊക്കിയ സര്‍ദാര്‍ സരോവര്‍ അണക്കെട്ട് വന്‍ പരിസ്ഥിതി ആഘാതമാണ് സൃഷ്ടിക്കുന്നത്. മാധവ് ഗാഡ്ഗില്‍ കമ്മിറ്റി റിപോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവരാത്തത് ഖേദകരമാണ്- അവര്‍ പറഞ്ഞു.
മൂലമ്പള്ളിയില്‍ കുടിയിറക്കപ്പെട്ടവര്‍ക്ക് കയറിക്കിടക്കാനൊരു വീട് നല്‍കാന്‍ കഴിയാത്തവരാണ് പുതിയ പദ്ധതികളും പാക്കേജുകളുമായി മുന്നോട്ടുവരുന്നത്. ആതിരപ്പിള്ളി, പുതുവൈപ്പ് പദ്ധതികള്‍ നടപ്പാക്കാന്‍ അധികാരികള്‍ ശ്രമിക്കരുത്. പ്രകൃതിസംരക്ഷണത്തിനായി സ്ത്രീകളും കുട്ടികളും മുന്നോട്ടുവരണം. ഇതിനായി പുതിയ സമരപരിപാടികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കണം. പശ്ചിമഘട്ടത്തിന്റെ സംരക്ഷണത്തിന് ഗാഡ്ഗില്‍ റിപോര്‍ട്ട് നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് മേധാ പട്കര്‍ പറഞ്ഞു. ഇതിനായി ജനകീയസമരം ആരംഭിക്കണം.ഗോവയില്‍ നിന്നുള്ള പരിസ്ഥിതി പ്രവര്‍ത്തകന്‍ ക്ലോഡ് അല്‍വാരിസ് മുഖ്യപ്രഭാഷണം നടത്തി.

RELATED STORIES

Share it
Top