പശുഭീകരതയെ ചെറുക്കാന്‍ പൊതുസമൂഹം രംഗത്തുവരണം: പോപുലര്‍ ഫ്രണ്ട്‌

കോഴിക്കോട്: ഗോരക്ഷയുടെ പേരില്‍ കൊട്ടാരക്കരയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കാലിക്കച്ചവടക്കാരെ ആക്രമിച്ച സംഭവത്തെ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സെക്രട്ടറി പി കെ അബ്ദുല്‍ ലത്തീഫ് ശക്തമായി അപലപിച്ചു.
ഉത്തരേന്ത്യയില്‍ വ്യാപകമായ സംഘപരിവാര പശുഭീകരത കേരളത്തിലും നടപ്പാക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ് കൊട്ടാരക്കരയില്‍ കണ്ടത്. ഇതിനെ ശക്തമായി ചെറുക്കാന്‍ പൊതുസമൂഹം രംഗത്തുവരണമെന്നും അദ്ദേഹം പറഞ്ഞു. കൊട്ടാരക്കരയില്‍ നടന്ന ആക്രമണത്തെ ഒറ്റപ്പെട്ട സംഭവമായി കാണാനാവില്ല.
ആള്‍ക്കൂട്ട ആക്രമണങ്ങള്‍പോലുള്ള തീവ്രഹിന്ദുത്വ അജണ്ട പ്രാവര്‍ത്തികമാക്കാനുള്ള നീക്കങ്ങളുടെ തുടര്‍ച്ചയാണിത്. ആര്‍എസ്എസ് നേതൃത്വത്തിന്റെ ഉന്നതതല ഗൂഢാലോചന ഇത്തരം സംഭവങ്ങള്‍ക്കു പിന്നിലുണ്ട്. പറവൂരില്‍ ഇസ്‌ലാമിക പ്രബോധകര്‍ക്കു നേരെ നടന്ന ആക്രമണവും തിരുവനന്തപുരത്ത് മിശ്രവിവാഹത്തെ സഹായിച്ചതിന്റെ പേരില്‍ ദമ്പതികള്‍ ആക്രമിക്കപ്പെട്ടതും മലപ്പുറത്ത് പ്രസ്‌ക്ലബ്ബിനു നേരെ നടന്ന ആക്രമണവുമെല്ലാം ഇതിന്റെ ഭാഗമാണ്. ഇത്തരം സംഭവങ്ങളില്‍ പോലിസും സര്‍ക്കാരും പുലര്‍ത്തിയ നിസ്സംഗതയാണ് തീവ്രഹിന്ദുത്വര്‍ക്ക് പ്രോല്‍സാഹനമായിരിക്കുന്നത്.
കൊട്ടാരക്കര ആക്രമണത്തില്‍ പോലിസ് നടപടി രണ്ട് ആര്‍എസ്എസുകാരുടെ അറസ്റ്റില്‍ ഒതുക്കാതെ സംഭവത്തിനു പിന്നിലെ ബുദ്ധികേന്ദ്രങ്ങളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാനുള്ള ശക്തമായ അന്വേഷണം നടത്തണം. വര്‍ഗീയഭ്രാന്ത് മൂത്ത ഇത്തരം അക്രമികളെ സ്വയംപ്രതിരോധിക്കാന്‍ കേരളത്തിലെ കാലിക്കച്ചവടക്കാര്‍ മുന്നോട്ടുവരണമെന്നും അബ്ദുല്‍ ലത്തീഫ് പറഞ്ഞു.

RELATED STORIES

Share it
Top