പവര്‍ലിഫ്റ്റിങില്‍ റെക്കോഡുകള്‍ ഭേദിച്ച് അമര്‍ത്യയുടെ മുന്നേറ്റം

മാനന്തവാടി: പവര്‍ലിഫ്റ്റിങില്‍ രണ്ടുവീതം ദേശീയ, സംസ്ഥാന റെക്കോഡുകള്‍ കൈപ്പിടിയിലൊതുക്കി എം എസ് അമര്‍ത്യ ജില്ലയുടെ അഭിമാനമായി. കോയമ്പത്തൂരില്‍ നടന്ന ജൂനിയര്‍ നാഷനല്‍ ചാംപ്യന്‍ഷിപ്പില്‍ ഡെഡ് ലിഫ്റ്റ് 115 കിലോഗ്രാം വിഭാഗത്തില്‍ ദേശീയ റെക്കോഡും കൊല്ലത്ത് നടന്ന ജൂനിയര്‍ സ്‌റ്റേറ്റ് ചാംപ്യന്‍ഷിപ്പില്‍ ഡെഡ് ലിഫ്റ്റ് 120 കിലോഗ്രാം വിഭാഗത്തില്‍ സംസ്ഥാന റെക്കോഡും കരസ്ഥമാക്കിയാണ് അമര്‍ത്യ അപൂര്‍വ നേട്ടത്തിന് അര്‍ഹയായത്. പവര്‍ലിഫ്റ്റിങില്‍ 2009ലെ കോമണ്‍വെല്‍ത്ത് ചാംപ്യന്‍ എം എസ് ഐശ്വര്യ, 2012ലെ എഷ്യന്‍ ചാംപ്യന്‍ എം എസ് അക്ഷയ എന്നീ സഹോദരിമാരുടെ പാത പിന്തുടര്‍ന്ന് 2013ലാണ് അമര്‍ത്യ ഈ രംഗത്തേക്ക് കടന്നുവന്നത്. ചുരുങ്ങിയ കാലയളവിനുള്ളില്‍ രണ്ട് അന്തര്‍ദേശീയ മെഡല്‍, രണ്ടു സൗത്ത് ഇന്ത്യന്‍ മെഡലുകള്‍, അഞ്ചു ദേശീയ മെഡലുകള്‍, 11 സംസ്ഥാന മെഡലുകള്‍ എന്നിവയാണ് കഠിനാധ്വാനത്തിലൂടെ ഈ പ്രതിഭ എത്തിപ്പിടിച്ചത്. ജമ്മുവില്‍ നടന്ന ദേശീയ ചാംപ്യന്‍ഷിപ്പില്‍ ഡെഡ് ലിഫ്റ്റ് 105 കിലോഗ്രാം വിഭാഗത്തില്‍ നേടിയ ദേശീയ റെക്കോഡും ചേര്‍ത്തലയില്‍ നടന്ന സ്‌റ്റേറ്റ് സബ് ജൂനിയര്‍ ചാംപ്യന്‍ഷിപ്പില്‍ ഡെഡ് ലിഫ്റ്റ് 110 കിലോഗ്രാം വിഭാഗത്തിലും ലഭിച്ച റെക്കോഡുമാണ് മറ്റു നേട്ടങ്ങള്‍. രണ്ടുതവണ സൗത്ത് ഇന്ത്യ സ്‌ട്രോങ് പട്ടവും ലഭിച്ചിട്ടുണ്ട്. ലോക ചാംപ്യന്‍ഷിപ്പില്‍ ഒരു മെഡല്‍ നേടുകയെന്നതാണ് അമര്‍ത്യയുടെ ഇനിയുള്ള ലക്ഷ്യം. ഇതിനുള്ള തയ്യാറെടുപ്പിലാണ് കോഴിക്കോട് ഗവ. ലോ കോളജ് ഒന്നാംവര്‍ഷ വിദ്യാര്‍ഥിയായ അമര്‍ത്യ. പരീശീലകന്‍ പിതാവും മുന്‍ മിസ്റ്റര്‍ കേരളയും കോഴിക്കോട് മെഡിക്കല്‍ കോളജ് ഫിസിക്കല്‍ എജ്യുക്കേഷന്‍ ഡിപാര്‍ട്ട്‌മെന്റില്‍ നിന്ന് അസോഷ്യേറ്റ് പ്രഫസറായി വിരമിച്ച മാനന്തവാടി മൈത്രിനഗര്‍ വൃന്ദാവനില്‍ എം കെ ശെല്‍വരാജ് ആണ്. മാതാവ് സി ആര്‍ ഇന്ദിര പവര്‍ലിഫ്റ്റിങ് സ്‌റ്റേറ്റ് റഫറിയും ചുണ്ടേല്‍ റീജ്യനല്‍ കോഫി റിസര്‍ച്ച് സെന്ററിലെ ജൂനിയര്‍ ലെയ്‌സണ്‍ ഓഫിസറുമാണ്. കഠിനാധ്വാനത്തിലൂടെയും ആത്മവിശ്വാസത്തോടെയും ഇത്രയേറെ നേട്ടങ്ങള്‍ക്ക് ഉടമയായപ്പോഴും സര്‍ക്കാര്‍ തലത്തില്‍ യാതൊരുവിധ പ്രോല്‍സാഹനവും ഈ മിടുക്കിക്ക് ലഭിച്ചിട്ടില്ല.

RELATED STORIES

Share it
Top