പഴി കര്‍ഷകര്‍ക്ക്‌

ശൈത്യം വന്നതോടെ ഡല്‍ഹിയില്‍ വായുമലിനീകരണം ശക്തമായി. കുറേ വര്‍ഷങ്ങളായി തലസ്ഥാന നഗരി ഏറ്റവും മലിനമായ വായുവുള്ള നഗരങ്ങളില്‍ ഒന്നാംസ്ഥാനത്താണ്. പ്രശ്‌നം രൂക്ഷമാവുമ്പോഴൊക്കെ, ഹരിയാനയിലെ ഗോതമ്പുപാടങ്ങളില്‍ കൊയ്ത്തിന് ശേഷം തീയിടുന്നതാണു കാരണമെന്ന പരാതി ഉയരാറുണ്ട്. നഗരവാസികള്‍ അതു പ്രചരിപ്പിക്കുകയും ചെയ്യും. കാണ്‍പൂര്‍ ഐഐടി 2016ല്‍ തയ്യാറാക്കിയ റിപോര്‍ട്ട് നഗരമാലിന്യം കത്തിക്കുന്നതും വാഹനങ്ങളില്‍ നിന്നുള്ള പുകയും അതുപോലെ വായു അശുദ്ധമാക്കുന്നു എന്നു വെളിപ്പെടുത്തുന്നു. നഗരസഭകള്‍ മാലിന്യസംസ്‌കരണം ആധുനികമാക്കിയാല്‍ തന്നെ മലിനീകരണം കുറയും. സ്വകാര്യ വാഹനങ്ങള്‍ നിയന്ത്രിക്കുമ്പോള്‍ ഉണ്ടാവുന്ന മെച്ചവും പ്രധാനമാണ്. 186 ലക്ഷം ജനങ്ങള്‍ താമസിക്കുന്ന നഗരത്തില്‍ ഒരുകോടി വാഹനങ്ങളുണ്ട്. നഗരവാസികളില്‍ 15-20 ശതമാനമാണ് വാഹനയുടമകള്‍. കോടതി ഉത്തരവുപ്രകാരം വലിയ വാഹനങ്ങളില്‍ പ്രകൃതിവാതകം ഉപയോഗിക്കുന്നതിന്റെ ഗുണഫലങ്ങളെല്ലാം സ്വകാര്യ വാഹനങ്ങളുടെ മലിനീകരണം ഇല്ലാതാക്കുന്നു.
മാലിന്യങ്ങള്‍ വലിച്ചെറിയുന്നതില്‍ കുറച്ചു വിവേകം കാണിച്ചാല്‍ തന്നെ മലിനീകരണം കുറയ്ക്കാം. പകരം അവര്‍ കര്‍ഷകരെ കുറ്റം പറഞ്ഞുകൊണ്ട് വായു ശുദ്ധമാക്കുന്ന ഉപകരണങ്ങളും മാസ്‌ക്കുകളും വാങ്ങി പരോക്ഷമായി കാര്‍ബണ്‍ പുറത്തേക്കു വിടുന്നതിനെ സഹായിക്കുന്നു. ഡല്‍ഹി ഭരണകൂടമാവട്ടെ, മേഘങ്ങളില്‍ സില്‍വര്‍ അയഡൈഡ് വിതറി മഴയുണ്ടാക്കാനാണു ശ്രമിക്കുന്നത്.

RELATED STORIES

Share it
Top