പഴശ്ശി കനാല്‍ നവീകരണ പ്രവൃത്തി ഇഴഞ്ഞുനീങ്ങുന്നു

മട്ടന്നൂര്‍: ജില്ലയുടെ ഹരിതവിപ്ലവത്തിന് തുടക്കം കുറിച്ച് 40 വര്‍ഷം മുമ്പ് ആരംഭിച്ച പഴശ്ശി കനാല്‍ നവീകരിച്ച് വെള്ളം ഒഴുക്കിവിടാനുള്ള പദ്ധതി ഇഴഞ്ഞുനീങ്ങുന്നു. ഹരിത കേരള മിഷനില്‍ ഉള്‍പ്പെടുത്തി നവീകരിക്കാനുള്ള തീരുമാനമാണ് എങ്ങുമെത്താതെ കിടക്കുന്നത്. ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥര്‍, ഹരിത കേരള മിഷന്‍ പ്രതിനിധികള്‍, കര്‍ഷകസംഘം നേതാക്കള്‍ എന്നിവര്‍ പദ്ധതിപ്രദേശത്ത് നടത്തിയ ചര്‍ച്ചയില്‍ കനാല്‍ നവീകരിക്കാന്‍ തീരുമാനിച്ചിരുന്നു.
ഇതുപ്രകാരം ഡിസംബറിനകം പ്രധാന കനാലും ശാഖാ കനാലുകളും ശുചീകരിച്ച് അടിയന്തര അറ്റകുറ്റപ്പണികള്‍ നടത്താനും പറശ്ശിനിക്കടവ്, മാഹി ഭാഗങ്ങളില്‍ വെള്ളമെത്തിക്കാനും പഴശ്ശി അണക്കെട്ടിനോട് ചേര്‍ന്നുകിടക്കുന്ന കനാലിലേക്കുള്ള ഷട്ടറുകള്‍ നന്നാക്കാനും തീരുമാനിക്കുകയുണ്ടായി. അഞ്ചുകോടിയോളം രൂപ ചെലവഴിച്ച് കനാല്‍ വഴി വെള്ളം ഒഴുക്കിവിടാനുള്ള തീരുമാനമാണ് ഇഴഞ്ഞുനീങ്ങുന്നത്.
നിലവില്‍ പഴശ്ശി അണക്കെട്ടിനോട് ചേര്‍ന്നുകിടക്കുന്ന ചെറിയ ഷട്ടറുകള്‍ വഴിയാണ് കനാലിലേക്ക് വെള്ളം ഒഴുക്കിവിടുന്നത്. നിലവിലുള്ള കനാല്‍ പലയിടങ്ങളിലും പൊട്ടിപൊളിഞ്ഞു കാടുകയറിയ നിലയിലാണ്. വര്‍ഷങ്ങളായി കനാല്‍ ഭാഗങ്ങളില്‍ അറ്റകുറ്റപ്പണി നടത്തിയിട്ടില്ല. ഇതുകാരണം വെള്ളം തുറന്നുവിട്ടാലും പാതിവഴിയില്‍ എത്തുമ്പോള്‍ തന്നെ പല വഴികളിലായി ഒഴുകുകയാണ്.
നിലവിലുള്ള കനാല്‍ നവീകരണം പൂര്‍ത്തികരിക്കണമെങ്കില്‍ മാസങ്ങള്‍ വേണ്ടിവരും. ഇനിയുള്ള രണ്ടു മാസം കൊണ്ട് നവീകരണം പ്രവൃത്തി പൂര്‍ത്തികരിക്കാനുള്ള പ്രയാസമാണ് പദ്ധതിക്ക് പ്രധാന തടസ്സം. ആദ്യഘട്ടത്തില്‍ കനാല്‍ വഴി ജലസേചനം നടത്തിയിരുന്നെങ്കിലും നിര്‍മാണത്തിലെ അപാകത കാരണം വെള്ളം ആവശ്യത്തിന് കൃഷിയിടങ്ങളില്‍ എത്തുന്നത് നിലച്ചതോടെയാണ് പദ്ധതിയെ കൃഷിക്കാര്‍ ഉപേക്ഷിക്കാന്‍ തുടങ്ങിയത്.

RELATED STORIES

Share it
Top