പഴയ റാങ്ക്‌ലിസ്റ്റിലുള്ളവര്‍ക്ക് താല്‍ക്കാലിക നിയമനം

പത്തനംതിട്ട: കെഎസ്ആര്‍ടിസിയില്‍ ഡ്രൈവര്‍ തസ്തികയിലേക്ക് പിഎസ്‌സി അസാധുവാക്കിയ റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികളെ താല്‍ക്കാലിക ഒഴിവുകളില്‍ നിയോഗിക്കും. അസാധുവാക്കിയ റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെട്ടവരെ താല്‍ക്കാലിക ഒഴിവുകളിലേക്ക് പരിഗണിക്കണമെന്ന ഹൈക്കോടതി പരാമര്‍ശത്തിന്റെ പശ്ചാത്തലത്തിലാണ് കാലാവധി അവസാനിച്ച റാങ്ക് ലിസ്റ്റില്‍ നിന്നു നിയമനത്തിന് നടപടി സ്വീകരിച്ചത്. താല്‍ക്കാലിക അടിസ്ഥാനത്തില്‍ ജോലിയില്‍ പ്രവേശിക്കാന്‍ താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ഈമാസം ആറിനു മുമ്പ് കെഎസ്ആര്‍ടിസി യൂനിറ്റുകളില്‍ അപേക്ഷ നല്‍കണം. അപേക്ഷയോടൊപ്പം വയസ്സ്, യോഗ്യത, മേല്‍വിലാസം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ഡ്രൈവിങ് ലൈസന്‍സിന്റെ പകര്‍പ്പ് എന്നിവയും ഹാജരാക്കണം. കാലാവധി അവസാനിച്ച റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരുടെ അപേക്ഷകള്‍ മാത്രമാവും സ്വീകരിക്കുക. ഇതിനായി അപേക്ഷയില്‍ റാങ്ക് നമ്പര്‍ വ്യക്തമായി രേഖപ്പെടുത്തണം. നിയമനം താല്‍ക്കാലികമായതിനാല്‍ സ്ഥിരം ജീവനക്കാര്‍ ജോലിക്ക് വരാത്ത ദിവസങ്ങളിലാവും ജോലി ചെയ്യേണ്ടിവരിക. ലഭിച്ച അപേക്ഷകള്‍ യൂനിറ്റ് ഓഫിസര്‍മാര്‍ പരിശോധിച്ച് റാങ്ക് ക്രമത്തില്‍ പട്ടിക തയ്യാറാക്കി ഒമ്പതിനു മുമ്പായി ചീഫ് ഓഫിസിലേക്ക് കൈമാറണം. അപേക്ഷകരില്‍ പ്രായോഗിക പരീക്ഷ (ഡ്രൈവിങ് ടെസ്റ്റ്) വിജയിക്കുന്നവരെ വ്യവസ്ഥകള്‍ക്ക് വിധേയമായി എംപാനല്‍ പട്ടികയില്‍ ഉള്‍പ്പെടുത്തി ചീഫ് ഓഫിസില്‍ നിന്നും ഉത്തരവു നല്‍കും. കഴിഞ്ഞ 13 വരെയുള്ള കണക്കുകള്‍ പ്രകാരം കോര്‍പറേഷനില്‍ 5,800 ബസ്സുകളാണ് ഉപയോഗക്ഷമതയുള്ളത്. നിലവില്‍ 12,699 ഡ്രൈവര്‍മാരാണു ജോലിചെയ്യുന്നത്. കഴിഞ്ഞ ഏപ്രിലില്‍ 75 ഡ്രൈവര്‍മാരും മെയ് മാസം 215 ഡ്രൈവര്‍മാരും വിരമിച്ചു. ഈ ഒഴിവുകള്‍ നികത്തിയിട്ടില്ല. ഇത്രയേറെ ഡ്രൈവര്‍മാര്‍ വിരമിച്ചത് ചില യൂനിറ്റുകളുടെ സര്‍വീസുകളെ ബാധിച്ചിട്ടുണ്ട്. പലയിടത്തും സര്‍വീസുകള്‍ റദ്ദാക്കുന്നതിനാല്‍ കോര്‍പറേഷന് വരുമാന നഷ്ടവും നേരിടുന്നു. ഈയൊരു സാഹചര്യവും കൂടി കണക്കിലെടുത്താണു താല്‍ക്കാലികാടിസ്ഥാനത്തില്‍ ഡ്രൈവര്‍മാരെ നിയോഗിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കിയത്. അതേസമയം, പ്രഫ. സുശീല്‍ ഖന്നയുടെ പുനരുദ്ധാരണ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാത്രമേ ഡ്രൈവര്‍ തസ്തികയിലെ ഒഴിവുകള്‍ നിര്‍ണയിച്ച് നികത്താന്‍ നടപടി സ്വീകരിക്കൂവെന്നാണ് കോര്‍പറേഷന്റെ നിലപാട്. എന്നാല്‍, നിലവിലെ സാഹചര്യം പരിശോധിച്ചാല്‍ അതിനുള്ള സാധ്യതകള്‍ വിദൂരമാണ്. കെഎസ്ആര്‍ടിസിയിലെ കണ്ടക്ടര്‍ നിയമനം അടുത്തിടെ മരവിപ്പിച്ചിരുന്നു. കണ്ടക്ടര്‍ നിയമനത്തിന് അഡൈ്വസ് മെമ്മോ ലഭിച്ചവര്‍ക്കുപോലും നിയമനം നല്‍കാന്‍ സാധിക്കില്ലെന്നാണ് ഗതാഗതമന്ത്രി അറിയിച്ചത്. 4,051 ഉദ്യോഗാര്‍ഥികള്‍ക്കാണ് ഈ തീരുമാനം തിരിച്ചടിയായത്. കണ്ടക്ടര്‍മാരുടെ എണ്ണം ദേശീയ ശരാശരിയേക്കാള്‍ കൂടുതലാണെന്നാണ് സുശീല്‍ ഖന്ന റിപോര്‍ട്ട് പറയുന്നത്. അതുകൊണ്ട് കണ്ടക്ടര്‍മാരുടെ എണ്ണം കുറച്ചുകൊണ്ടുവരാനാണ് കോര്‍പറേഷന്റെ ശ്രമം.

RELATED STORIES

Share it
Top