പഴയ പ്രതാപത്തിലേക്ക് കനാലിനെ തിരികെയെത്തിക്കാനാവുമോ?

ഫഖ്‌റുദ്ദീന്‍ പന്താവൂര്‍

പൊന്നാനി: പഴയ പ്രതാപമെല്ലാം നഷ്ടപ്പെട്ടിരിക്കുന്നു കനോലി കനാലിന്. മാലിന്യം നിറഞ്ഞ കനോലി കനാലിന്ന് ഓര്‍മകളില്‍ പോലും ദുര്‍ഗന്ധം പേറുന്ന ഒന്നാണ്. തടിയുള്‍പ്പെടെയുള്ള ചരക്കുകളുടെ നീക്കം നടന്നിരുന്ന കനോലി കനാലില്‍ ഇപ്പോള്‍ ഒരു ചെറുവള്ളത്തിനുപോലും പോവാനാകാത്ത സ്ഥിതി. ഉള്‍നാടന്‍ ജലഗതാഗത പദ്ധതിയില്‍ ഉള്‍പ്പെട്ട കനാലിന്റെ സ്ഥിതിയാണിതെന്നോര്‍ക്കണം. കനാല്‍ ഗതാഗതത്തിനു യോജിച്ചതാക്കിയാല്‍ സംസ്ഥാന ജലഗതാഗത വകുപ്പിന് ഉപയോഗപ്പെടുത്താനാവും.
എന്നാല്‍ ജലസേചന വകുപ്പിനു കീഴിലുള്ള കനോലി കനാലിന്റെ ഏതെങ്കിലും തരത്തിലുള്ള നവീകരണത്തിന് ഇപ്പോള്‍ ഭരണാനുമതി ലഭിച്ച പദ്ധതികള്‍ ഒന്നുമില്ല. 2016 ഒക്ടോബറില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ നല്‍കിയൊരു മറുപടിയുണ്ട്. 1100 കോടി രൂപയുടെ വികസനപദ്ധതികള്‍ കനോലി കനാലിനായി കൊണ്ടുവരുന്നുണ്ട് എന്ന്. ജലഗതാഗതം, സൗന്ദര്യവത്കരണം എന്നിവയ്ക്കായിരുന്നു ഈ തുക. പശ്ചിമതീര കനാലുകള്‍ വഴി തുറമുഖങ്ങളെയും വിനോദസഞ്ചാര കേന്ദ്രങ്ങളെയും ബന്ധിപ്പിക്കുന്ന പദ്ധതിയാണിതെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. പക്ഷേ, അതെല്ലാം ഇപ്പോള്‍  കടലാസില്‍ മാത്രം. കഴിഞ്ഞ 16 വര്‍ഷത്തിനുള്ളില്‍ 12 കോടി ചെലവഴിച്ചിട്ടും കനാലിന്റെ സ്ഥിതി ഒട്ടും മെച്ചപ്പെട്ടതില്ല എന്നതാണ് സത്യം.
കനാലിലൂടെ ഇനി ഗതാഗതം സാധ്യമാകുമെന്ന് ജലസേചന വകുപ്പ് അധികൃതര്‍പോലും ഇപ്പോള്‍  വിശ്വസിക്കുന്നില്ല. വീതിക്കുറവ്, ആഴക്കുറവ്, പാര്‍ശ്വഭിത്തി ഇടിയല്‍ എന്നിങ്ങനെയുള്ള വിവിധ കാരണങ്ങളാണ് പറയുന്നത്. എന്നാ ല്‍ ഇതിനുള്ള പരിഹാരങ്ങളെക്കുറിച്ച് പതിറ്റാണ്ടുകളായി വകുപ്പ് മിണ്ടുന്നുമില്ല. കനോലി കനാലിന്റെ ചുമതലയുള്ള ഒരു അസിസ്റ്റന്റ് എന്‍ജിനീയര്‍ വകുപ്പിലുണ്ട്. കനാലിനെ ജലഗതാഗത യോഗ്യമാക്കാനുള്ള എല്ലാ പ്രവൃത്തികളും ഇദ്ദേഹത്തിന്റെ ചുമതലകളാണ്. എ പി ജെ അബ്ദുല്‍ കലാം രാഷ്ട്രപതിയായിരിക്കെ അദ്ദേഹം കൊണ്ടുവന്നൊരു പദ്ധതിയുണ്ട് ഉള്‍നാടന്‍ ജലപാതാനവീകരണം. പൊന്നാനിയിലെ കനോലി കനാലിലാണ് ഇതിന്റെ നവീകരണ പ്രവര്‍ത്തികള്‍ തുടങ്ങിയത്. രണ്ട് റിച്ചില്‍ ആഴവും വീതിയും കൂട്ടി പാര്‍ശ്വഭിത്തികളും കെട്ടി നവീകരിച്ചെങ്കിലും അതും പാതിവഴിയില്‍ മുടങ്ങി. കാരണങ്ങള്‍ പലതും പറയുന്നു. പക്ഷേ, പദ്ധതി തുടങ്ങിയിടത്തു തന്നെ നിന്നു.  കനോലി കനാലിന്റെ വികസനത്തിനായി ഭൂമി ഏറ്റെടുക്കല്‍ പ്രശ്‌നമാണെന്ന് അധികൃതര്‍ പറയുന്നു.  ഗതാഗതത്തിനു യോഗ്യമാക്കാന്‍ ആഴവും വീതിയും കൂട്ടേണ്ടിവരും. കേന്ദ്ര സര്‍ക്കാരിനു സമര്‍പ്പിച്ചിരിക്കുന്ന ജലപാതാ പദ്ധതികളില്‍ രണ്ടാമത്തേതായ കൊച്ചി-കോഴിക്കോടിന്റെ ഭാഗമാണ് കനോലി കനാല്‍. ഇതിന് അംഗീകാരം ലഭിച്ച് ഡിപിആര്‍ തയാറാക്കുമ്പോഴേ കൂടുതല്‍ വിശദാംശങ്ങളിലേക്കു കടക്കാനാകൂ എന്നാണ് ന്ധപ്പെട്ട വകുപ്പിന്റെ വിശദീകരണം.  ജലപാത തയ്യാറായാല്‍ ബോട്ട് ഓടിക്കാന്‍ ഗതാഗതവകുപ്പ് തയാറാണെന്ന് വകുപ്പ് മന്ത്രി നേരത്തെ വാഗ്ദാനം നല്‍കിയിട്ടുണ്ട്.
ചാലിയാര്‍, കല്ലായിപ്പുഴ, മാമ്പുഴ, കനോലി കനാല്‍ എന്നിവയെ യോജിപ്പിച്ചുകൊണ്ടുള്ള 58 കിലോമീറ്റര്‍ ജലപാത നാറ്റ്പാക് ശുപാര്‍ശ ചെയ്തിട്ടുണ്ട്. പക്ഷേ, അതെല്ലാം യാഥാര്‍ഥ്യമാകുമോ എന്ന് കണ്ടറിയണം. ജലപാത നവീകരണത്തിന് മുഖ്യതടസ്സം കനാലിലേക്ക് ഒഴുക്കുന്ന മാലിന്യങ്ങള്‍ തന്നെ. കനാല്‍ ഒഴുകിന്നിടങ്ങളിലെ വീടുകളിലെ സെപ്റ്റിക് ടാങ്കുകളെല്ലാം തുറന്നിടുന്നത് കനാലിലേക്കാണ്. കനാല്‍ മലിനമാക്കുന്നത് ആരൊക്കെയാണെന്ന് അറിയാഞ്ഞിട്ടല്ല അധികൃതര്‍ നടപടിയെടുക്കാത്തത്. ആരോടൊക്കെയോ ഉള്ള വിധേയത്വംകൊണ്ടാണ്. കനാലിനായി ചെലവഴിക്കപ്പെട്ടുവെന്നു പറയുന്ന തുകയുടെ എത്ര ശതമാനം യഥാര്‍ഥത്തില്‍ ചെലവഴിച്ചുവെന്നതും അന്വേഷിക്കണം.
(അവസാനിക്കുന്നില്ല)

RELATED STORIES

Share it
Top