പഴയങ്ങാടി ജ്വല്ലറി കവര്‍ച്ച; രണ്ടു പേര്‍ അറസ്റ്റില്‍

പഴയങ്ങാടി (കണ്ണൂര്‍): പട്ടാപ്പകല്‍ പഴയങ്ങാടി ബസ്‌സ്റ്റാന്റിലെ അല്‍ ഫത്തീബി ജ്വല്ലറിയില്‍ നിന്ന് 3.7 കിലോ സ്വര്‍ണാഭരണങ്ങളും രണ്ടു ലക്ഷം രൂപയും കവര്‍ന്ന കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍. മുഖ്യസൂത്രധാരനും റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകാരനുമായ പുതിയങ്ങാടി മൊട്ടാമ്പ്രത്തെ ഛോട്ടാ റഫീഖ് എന്ന എ പി റഫീഖ് (41), പുതിയങ്ങാടി പോസ്റ്റ് ഓഫിസിനു സമീപത്തെ കെ വി എന്‍ ഡെക്കറേഷന്‍ ഉടമ കെ വി നൗഷാദ് (36) എന്നിവരെയാണ് തളിപ്പറമ്പ് ഡിവൈഎസ്പി കെ വി വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.
റഫീഖിനെ പുതിയവളപ്പിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍നിന്നും നൗഷാദിനെ മാട്ടൂലിലെ ഭാര്യവീട്ടില്‍ നിന്നുമാണ് രണ്ടു ദിവസം മുമ്പ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് ഇവരെ വിശദമായി ചോദ്യംചെയ്തുവരുകയായിരുന്നു. പ്രതികള്‍ ഉപയോഗിച്ച ആയുധങ്ങളും കവര്‍ന്ന സ്വര്‍ണാഭരണവും പണവും പുതിയവളപ്പിലെ ക്വാര്‍ട്ടേഴ്‌സില്‍ നിന്നും നൗഷാദിന്റെ ഭാര്യവീട്ടിലെ ഓവുചാലിനു സമീപം കുഴിച്ചിട്ട നിലയിലും കണ്ടെടുത്തു.
ഇക്കഴിഞ്ഞ 8നാണ് നാടിനെ ഞെട്ടിച്ച കവര്‍ച്ച നടന്നത്. റമദാനിലെ അവസാന വെള്ളിയാഴ്ച ജീവനക്കാര്‍ ജുമുഅയ്ക്ക് പോയ സമയം ജ്വല്ലറിയുടെ ഷട്ടര്‍ കുത്തിത്തുറന്ന പ്രതികള്‍ സിസിടിവി കാമറ കേടാക്കിയാണ് മോഷണം നടത്തിയത്. ചോദ്യം ചെയ്യലിനിടെ പ്രതി റഫീഖിന്റെ നേതൃത്വത്തില്‍ നടത്തിയ മറ്റ് ആറു വന്‍ കവര്‍ച്ചകളുടെ കൂടി ചുരുളഴിഞ്ഞു. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

RELATED STORIES

Share it
Top