പഴയങ്ങാടി ജ്വല്ലറി കവര്‍ച്ച; രണ്ടുപേര്‍ കസ്റ്റഡിയില്‍

പഴയങ്ങാടി: പട്ടാപ്പകല്‍ പഴയങ്ങാടി ബസ്സ്റ്റാന്റിന് സമീപത്തെ അല്‍ ഫത്തീബി ജ്വല്ലറിയില്‍ നിന്ന് 3.7 കിലോ സ്വര്‍ണാഭരണങ്ങളും രണ്ടുലക്ഷം രൂപയും കവര്‍ന്ന കേസില്‍ രണ്ടുപേര്‍ പോലിസ് കസ്റ്റഡിയില്‍. കഴിഞ്ഞ ദിവസം ഉച്ചയോടെ  കസ്റ്റഡിയിലെടുത്ത ഇവരെ അജ്ഞാതകേന്ദ്രത്തില്‍ ചോദ്യം ചെയ്തു വരികയാണ്. എന്നാല്‍ ഇരുവരും കുറ്റം സമ്മതിക്കുകയോ തൊണ്ടിമുതല്‍ സംബന്ധിച്ച് എന്തെങ്കിലും വിവരങ്ങള്‍ നല്‍കുകയോ ചെയ്തിട്ടില്ലെന്നാണ് വിവരം.
കവര്‍ച്ചയ്ക്ക് ശേഷം പുതിയങ്ങാടി, പഴയങ്ങാടി, മാട്ടൂല്‍ ഭാഗങ്ങളിലെ നിരവധി ഫോണ്‍ കോളുകള്‍ സൈബര്‍ സെല്‍ പരിശോധിച്ചിരുന്നു. ഇതില്‍നിന്നാണ് കസ്റ്റഡിയിലുള്ളവരെ കുറിച്ച് സൂചനകള്‍ ലഭിച്ചത്. സാഹചര്യ തെളിവുകളും നിര്‍ണായകമായി. റമദാനിലെ അവസാന വെള്ളിയാഴ്ച ജ്വല്ലറിയിലെ ജീവനക്കാര്‍ ജുമുഅ നമസ്‌കരിക്കാന്‍ പോയ സമയത്തായിരുന്നു കവര്‍ച്ച.
എന്നാല്‍, കസ്റ്റഡിയിലുള്ള രണ്ടുപേരും അന്ന് ജുമുഅക്ക് പോയിരുന്നില്ലെന്ന് ചോദ്യംചെയ്യലില്‍ വ്യക്തമായി. ആദ്യം സിസിടിവി ഇല്ലാത്ത ഒരു പള്ളിയില്‍ ചെന്നതായി ഇരുവരും മൊഴി നല്‍കിയിരുന്നു. എന്നാല്‍, ഈ സമയത്തെ ഇവരുടെ മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചപ്പോള്‍ പഴയങ്ങാടി റെയില്‍വേ സ്റ്റേഷന്‍ പരിസരത്താണെന്ന് തെളിഞ്ഞു. ഇതോടെയാണ് ഇരുവരും മൊഴി മാറ്റിയത്. പഴയങ്ങാടിയിലും പരിസരത്തും അടുത്തിടെ നടന്ന ചില കവര്‍ച്ചകളില്‍ പര്‍ദ ധരിച്ച സ്ത്രീയുടെ സാന്നിധ്യം പോലിസ് തിരിച്ചറിഞ്ഞിരുന്നു. അല്‍ ഫത്തീബി ജ്വല്ലറിയില്‍ നടന്ന കവര്‍ച്ചയിലും ഇത്തരമൊരു സ്ത്രീയുടെ സാന്നിധ്യം സംശയിക്കുന്നുണ്ട്.
ഇതിനകം ഇരുപതിലേറെ പേരെ അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു. പഴയങ്ങാടിയിലെ ഒരു കടക്കാരനെയും പുതിയങ്ങാടിയിലെ ഒരു യുവാവിനെയും മാറിമാറി ചോദ്യം ചെയ്തതില്‍ നിന്നാണ് ചില സൂചനകള്‍ ലഭിച്ചത്. മോഷ്ടാക്കളെ നേരില്‍ കണ്ടതായി സംശയിക്കുന്ന ഗുഡ്‌സ് ഓട്ടോറിക്ഷാ ഡ്രൈവറുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ രേഖാചിത്രവും അന്വേഷണത്തിന് സഹായകമായി. കവര്‍ച്ചാസംഘത്തിലെ രണ്ടുപേര്‍ മോഷണമുതലുമായി കറുത്ത സ്‌കൂട്ടറില്‍ പോവുന്ന ദൃശ്യം പോലിസ് പുറത്തുവിട്ടിരുന്നു. പിന്നാലെ, കവര്‍ച്ചക്കാര്‍ പഴയങ്ങാടിയിലെത്തിയ ദൃശ്യവും ലഭിച്ചു.
മൂന്നംഗ സംഘമാണ് കവര്‍ച്ച ആസൂത്രണം ചെയ്തതെന്നും ഇതിലൊരാള്‍ പെരുന്നാളിന് ശേഷം സ്വര്‍ണവുമായി ബംഗളൂരുവിലേക്ക് കടന്നതായും പോലിസ് സംശയിക്കുന്നു. ഇക്കഴിഞ്ഞ എട്ടിന് ഉച്ചയ്ക്കാണ് നാടിനെ ഞെട്ടിച്ച കവര്‍ച്ച നടന്നത്. തളിപ്പറമ്പ് ഡിവൈഎസ്പി കെ വി വേണുഗോപാലിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

RELATED STORIES

Share it
Top