പഴയങ്ങാടി ജ്വല്ലറി കവര്‍ച്ച: സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ടു

പഴയങ്ങാടി: ബസ് സ്റ്റാന്റ് പസിരസരത്തെ ഫത്തിബി ജ്വല്ലറി പട്ടാപ്പകല്‍ കുത്തിത്തുറന്ന് 3.50 കിലോ സ്വര്‍ണവും 2 ലക്ഷം രൂപയും കവര്‍ന്ന കേസില്‍ മോഷണസംഘത്തിന്റെ സിസിടിവി കാമറാ ദൃശ്യം പോലിസ് പുറത്തുവിട്ടു. മോഷണ മുതലുമായി രണ്ടംഗസംഘം കറുത്ത സ്‌കൂട്ടറില്‍ കുടപിടിച്ച് പോവുന്നതാണ് ദൃശ്യത്തിലുള്ളത്. പ്രതികളെ കണ്ടെത്താന്‍ ഊര്‍ജിതശ്രമം നടത്തുന്നുണ്ടെങ്കിലും കൃത്യമായ വിവരം ലഭിക്കാതായതോടെയാണ് പോലിസ് സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിടാന്‍ തീരുമാനിച്ചത്. കവര്‍ച്ചയ്ക്കു ശേഷം സ്വര്‍ണവുമായി പുതിയങ്ങാടി ഭാഗത്തേക്ക് രക്ഷപ്പെട്ട ഇരുചക്ര വാഹനം അന്വേഷണ സംഘം തിരിച്ചറിഞ്ഞിട്ടുണ്ട്.
ഇതിന്റെ സിസിടിവി ദൃശ്യങ്ങളാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. ആയിരക്കണക്കിന് ഫോണ്‍ കോളുകള്‍ പരിശോധിച്ചതില്‍ നിന്ന് അന്വേഷണം ഒരു പഴയങ്ങാടി സ്വദേശിയിലേക്ക് കേന്ദ്രീകരിച്ചതായും വിവരമുണ്ട്. ജ്വല്ലറിയിലെ സിസിടിവി കാമറയില്‍ സ്‌പ്രേ പെയിന്റടിച്ച് കേടാക്കിയ ശേഷം ഡിവിആര്‍ ഉള്‍പ്പെടെ അഴിച്ചുകൊണ്ടു പോയത് അന്വേഷണത്തെ ബാധിച്ചിരുന്നു. മാത്രമല്ല, പരിസരത്തെ 40ഓളം കാമറകള്‍ പരിശോധിച്ചെങ്കിലും വ്യക്തമായ ചിത്രങ്ങള്‍ ലഭിക്കാത്തതും തിരിച്ചടിയായി. കവര്‍ച്ച നടന്ന് രണ്ടാഴ്ചയാവാറായിട്ടും കേസിന് തുമ്പില്ലാത്തത് പോലിസിനെ സമ്മര്‍ദത്തിലാക്കിയിട്ടുണ്ട്.
ജില്ലാ പോലിസ് മേധാവിയുടെ െ്രെകം സ്‌ക്വാഡ്, ഡിവൈഎസ്പിയുടെ സ്‌ക്വാഡ്, എസ്‌ഐ പി എ ബിനു മോഹന്‍ എന്നിവരുടെ നേതൃത്വത്തില്‍ മൂന്നു സംഘങ്ങളായി പിരിഞ്ഞാണ് അന്വേഷണം പുരോഗമിക്കുന്നത്. ഇക്കഴിഞ്ഞ അഞ്ചിന് ഉച്ചയ്ക്കു 1.30ഓടെയാണ് പഴയങ്ങാടി ബസ് സ്റ്റാന്റിനു സമീപത്തെ അല്‍ ഫത്തിബി ജ്വല്ലറിയില്‍ കവര്‍ച്ച നടന്നത്. കടയിലുള്ളവര്‍ ജുമുഅ നമസ്‌കാരത്തിനു പോയ സമയം പരിസരവാസികളെ തന്ത്രപൂര്‍വം കബളിപ്പിച്ചാണ് കവര്‍ച്ച നടത്തിയത്.

RELATED STORIES

Share it
Top