പഴയങ്ങാടി ജ്വല്ലറി കവര്‍ച്ച; അന്വേഷണം മന്ദഗതിയില്‍

പഴയങ്ങാടി: പഴയങ്ങാടി ബസ്സ്റ്റാന്റ് പരിസരത്തെ അല്‍ ഫത്തീബി ജ്വല്ലറിയില്‍നിന്ന് പട്ടാപ്പകല്‍ 3.4 കിലോ സ്വര്‍ണവും രണ്ടുലക്ഷം രൂപയും കവര്‍ന്നിട്ട് ഒരാഴ്ച കഴിഞ്ഞിട്ടും പ്രതികളെക്കുറിച്ച് നിര്‍ണായക തെളിവുകള്‍ ലഭിക്കാതെ പോലിസ് ഇരുട്ടില്‍ തപ്പുന്നു.
മോഷ്ടാക്കളെത്തിയത് ഇരുചക്രവാഹനത്തിലാണെന്ന് നാല്‍പതോളം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ബോധ്യപ്പെട്ടിരുന്നു. പിന്നീട് ഈ വാഹനം എങ്ങോട്ട് പോയെന്ന് വ്യക്തമല്ല. സ്വര്‍ണവും പണവും കവര്‍ച്ചയ്ക്ക് ഉപയോഗിച്ച ആയുധങ്ങളുമായി പഴയങ്ങാടി റെയില്‍വേ സ്‌റ്റേഷന്‍ ഭാഗത്തേക്ക് രക്ഷപ്പെട്ടിരിക്കാമെന്ന നിഗമനത്തിലാണ് ഇപ്പോഴും പോലിസ്. മോഷ്ടാക്കള്‍ സഞ്ചരിച്ചെന്നു കരുതുന്ന ഇരുചക്രവാഹനം സ്റ്റാര്‍ട്ടാക്കുമ്പോള്‍ വെളിച്ചം തെളിയുന്ന രീതിയിലുള്ള പുതിയ മോഡലാണ്. എന്നാല്‍, ഇത്തരമൊരു വാഹനം കടന്നുപോയ കാര്യത്തെക്കുറിച്ച് സിസിടിവി ദൃശ്യമല്ലാതെ ദൃക്‌സാക്ഷി മൊഴികളൊന്നും ലഭിച്ചിട്ടില്ല. സിസിടിവി കാമറകള്‍ സ്ഥാപിച്ച ഇടങ്ങളെക്കുറിച്ച് വ്യക്തമായ ധാരണ ഉള്ളവരായിരിക്കും ഇതുവഴി വാഹനം ഓടിച്ചുപോയിട്ടുണ്ടാവാന്‍ സാധ്യത.
കാരണം ഇടവഴിയില്‍ എവിടെയും നിരീക്ഷണ കാമറകള്‍ ഇല്ല. കവര്‍ച്ചയ്ക്ക് ഏതാനും മണിക്കൂര്‍ മുമ്പ് ജ്വല്ലറിയില്‍ സാധനങ്ങള്‍ ഇറക്കാനെത്തിയ ഗുഡ്‌സ് ഓട്ടോ ഡ്രൈവര്‍ പോലിസില്‍ നിര്‍ണായക മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മുഖ്യപ്രതിയെന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രം തയ്യാറാക്കിയത്. എന്നാല്‍, ഇതുവരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ല. പ്രതികള്‍ മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കാതിരുന്നതും തെളിവുകള്‍ നശിപ്പിക്കാന്‍ സിസിടിവി കാമറയുടെ ഡിവിആര്‍ കൊണ്ടുപോയതും പോലിസിനെ കുഴക്കുകയാണ്. ഡിവൈഎസ്പി കെ വി വേണുഗോപാലിന്റെ നേതൃത്വത്തിലാണ് അന്വേഷണം. വെള്ളിയാഴ്ച ഉച്ചയ്ക്ക് കടയുടമയും ജോലിക്കാരും പള്ളിയില്‍ പോയ സമയത്താണ് നാടിനെ ഞെട്ടിച്ച കവര്‍ച്ച അരങ്ങേറിയത്.

RELATED STORIES

Share it
Top