പഴയങ്ങാടിയില്‍ സിപിഎം-ലീഗ് സംഘര്‍ഷം; ഓഫിസുകള്‍ തകര്‍ത്തു

പഴയങ്ങാടി: ഫുട്‌ബോള്‍ കളിക്കിടെയുണ്ടായ വാക്തര്‍ക്കത്തെ തുടര്‍ന്ന് പഴയങ്ങാടിയില്‍ സിപിഎം-മുസ്‌ലിം ലീഗ് സംഘര്‍ഷം. ഇരുവിഭാഗം പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റു. പാര്‍ട്ടി ഓഫിസുകള്‍ക്കുനേരെയും ആക്രമണമുണ്ടായി. കഴിഞ്ഞ ദിവസം ഡിവൈഎഫ്‌ഐ നേതൃത്വം യുവധാര ക്ലബിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ വാക്കേറ്റമുണ്ടായിരുന്നു. തുടര്‍ന്ന് ബുധനാഴ്ച രാത്രിയോടെയാണ് അക്രമത്തിന് തുടക്കം.
ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ റെയില്‍വേ സ്‌റ്റേഷന് സമീപം താമസിക്കുന്ന എം എ റിഷാദി(21)നെ ഒരുസംഘം മര്‍ദിച്ചു. യൂത്ത് ലീഗ് പ്രവര്‍ത്തകരായ ഫസല്‍, റാഷിദ്, സഫ്‌വാന്‍, നിഹാല്‍, സാഹിദ് എന്നിവരുടെ നേതൃത്വത്തിലാണ് അക്രമമെന്നാണ് പരാതി. പരിക്കേറ്റ റിഷാദിനെ പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് ബീവി റോഡിന് സമീപം സദ്ദാം റോഡില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ റാഷിദിന്റെ വാടകവീട്ടില്‍ കയറി ഒരുസംഘം അക്രമം നടത്തുകയായിരുന്നു. ജനല്‍ചില്ലുകളും ഫൈബര്‍ കസേരകളും അടിച്ചു തകര്‍ത്തു. റാഷിദിന്റെ ബൈക്ക് തൊട്ടടുത്ത ഓവുചാലില്‍ തള്ളിയിട്ടു. പരിക്കേറ്റ റാഷിദ് (23), മാതാവ് ഹഫ്‌സത്ത്് എന്നിവരെ തളിപ്പറമ്പ് ലൂര്‍ദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ റഷീദ്, സഫീര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ അക്രമം നടത്തിയതെന്നാണ് പരാതി. ഇതോടെ സംഘടിച്ചെത്തിയ ലീഗ് പ്രവര്‍ത്തകര്‍ പഴയങ്ങാടി പ്രതിഭാ തിയേറ്ററിന് സമീപത്തെ സിപിഎം ഓഫീസ് തകര്‍ത്തു. ഡിവൈഎഫ്‌ഐ മേഖലാ കമ്മിറ്റി ഓഫിസ്, യുവധാര ക്ലബ് എന്നിവ പ്രവര്‍ത്തിക്കുന്നത് ഈ കെട്ടിടത്തിലാണ്. തുടര്‍ന്ന് സിപിഎം പ്രവര്‍ത്തകര്‍ ബീവി റോഡിലെ ലീഗ് ഓഫിസിനുനേരെ അക്രമം നടത്തി. ഇതോടെ പഴയങ്ങാടി മേഖലയില്‍ സംഘര്‍ഷാവസ്ഥ ഉടലെടുത്തു. സ്ഥലത്തെത്തിയ പഴയങ്ങാടി എസ്‌ഐയും സംഘവും ഇരുവിഭാഗം പ്രവര്‍ത്തകരെ വിരട്ടിയോടിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പോലിസ് നാലു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

RELATED STORIES

Share it
Top