പഴത്തിന്റെ മണം

എന്തിനാണ് പഴങ്ങള്‍ സുഗന്ധവാഹികളാവുന്നത്? എന്തുകൊണ്ടാണ് പഴുത്ത പഴങ്ങള്‍ നല്ല തിളങ്ങുന്ന വര്‍ണങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്? കാരണം, അവയുടെ വംശവര്‍ധനയുടെ അടിത്തറ തന്നെ ഈ പഴങ്ങള്‍ തിന്നുന്ന പക്ഷിമൃഗാദികളെ ആകര്‍ഷിക്കാനുള്ള കഴിവാണെന്നതു തന്നെ. വനങ്ങളില്‍ പച്ചിലകള്‍ക്കിടയിലാണ് ഫലവൃക്ഷങ്ങള്‍ പലതും കായ്ച്ചുനില്‍ക്കുന്നത്. പക്ഷിമൃഗാദികള്‍ അവ ഭക്ഷിച്ച് വിത്തുകള്‍ വിദൂരദേശങ്ങളില്‍ എത്തിച്ചാലേ അവയുടെ വംശവര്‍ധന സാധ്യമാവുകയുള്ളൂ. അതിനാല്‍, പല ചെടികളും തങ്ങളുടെ ഫലമൂലാദികള്‍ ഇഷ്ടപ്പെടുന്ന പക്ഷിമൃഗാദികളുടെ കാഴ്ചയ്ക്കും ഘ്രാണശേഷിക്കും അനുസരിച്ചു ഫലങ്ങള്‍ക്ക് സവിശേഷ മണവും ഗുണവും കൈവരുത്തുന്നുണ്ട്.
ചെടികളും അവയുടെ ഫലം ഭക്ഷിക്കുന്ന പക്ഷിമൃഗാദികളും തമ്മിലുള്ള ഈ സവിശേഷബന്ധത്തെക്കുറിച്ച് സമീപകാലത്തു വലിയ പഠനങ്ങള്‍ നടന്നിട്ടുണ്ട്. ഡ്യൂക്ക് സര്‍വകലാശാലയിലെ ഗവേഷകയായ കിം വാലെന്റ പറയുന്നത്, 'വരൂ, എന്നെ ഭക്ഷിക്കൂ' എന്ന് പ്രിയ കാമുകനോടു പറയുന്ന പല ചെടികളുമുണ്ടെന്നാണ്. കാരണം, അവയുടെ ഫലം എല്ലാ ജീവികളും കഴിക്കില്ല. അത് ഇഷ്ടപ്പെടുന്ന കൂട്ടര്‍ക്ക് അതു കണ്ടെത്താന്‍ കഴിയുന്നില്ലെങ്കില്‍ വംശനാശമാവും ഫലം. അതിനാല്‍, മഡഗാസ്‌കറിലെ ഒരിനം ചെടികളുടെ ഫലങ്ങള്‍ക്ക് ഗംഭീരമായ മണമാണ്. കാരണം, അവ ഭക്ഷിക്കുന്ന ഒരിനം കുരങ്ങന്‍മാര്‍ക്ക് കണ്ണിന് അത്ര കാഴ്ച പോരാ. അതിനാല്‍, മണം പിടിച്ചു മാത്രമേ പുള്ളിക്ക് ഭക്ഷണം കണ്ടെത്താനാവൂ.

RELATED STORIES

Share it
Top