പഴകിയ ബ്രാന്‍ഡഡ് ഉല്‍പന്നങ്ങള്‍ റീപാക്ക് ചെയ്ത് വിപണിയില്‍, ഭക്ഷ്യവസ്തുക്കള്‍ പരിശോധനയ്ക്ക് അയച്ചു

മരട് (കൊച്ചി): പഴകിയ ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിച്ചതിന് സീല്‍ വച്ച മരടിലെ ഗോഡൗണ്‍ ഉന്നത ഉദ്യോഗസ്ഥര്‍ വീണ്ടും തുറന്ന് വിശദമായ പരിശോധന നടത്തി. ഒപ്പം ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്ത് പരിശോധനയ്ക്ക് അയക്കുകയും ചെയ്തു.
ജില്ലാ ഭക്ഷ്യസുരക്ഷ അസി. കമ്മീഷണര്‍ കെ ബി ഷിബുവിന്റെ നേതൃത്വത്തില്‍ എത്തിയ സംഘമാണ് ഭക്ഷ്യവസ്തുക്കളുടെ വിശദമായ പരിശോധന നടത്തിയത്. 20ല്‍പരം പ്രമുഖ കമ്പനികളുടെ ഉല്‍പന്നങ്ങളാണ് ഗോഡൗണില്‍ സൂക്ഷിച്ചിരുന്നത്. നെസ് കഫേ, ചോക്കോമാള്‍ട്ട്, കിറ്റ്കാറ്റ്, എലൈറ്റ്, മെയ്ജി ഹലോ പാണ്ട, യാന്‍ യാന്‍, സണ്‍ പ്യൂവര്‍ ഓയില്‍, മാള്‍ട്ടോവിറ്റ, ബട്ടര്‍ കോംപോ തുടങ്ങിയ വന്‍കിട കമ്പനികളുടെ കാലാവധി കഴിഞ്ഞ ഉല്‍പന്നങ്ങളാണ് ഇവിടെ സൂക്ഷിച്ചിരുന്നത്.
ഇവ ഇവിടെ നിന്ന് റീപാക്ക് ചെയ്തു വീണ്ടും വിപണിയിലെത്തിച്ചു കൊള്ളലാഭം നേടുകയായിരുന്നുവത്രേ. ഇത്തരത്തിലുള്ള ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്കു വഴിതെളിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ ആറു വര്‍ഷമായി ഈ ഗോഡൗണ്‍ ഇവിടെ പ്രവര്‍ത്തിച്ചുവരുകയായിരുന്നു.
കാലാവധി കഴിഞ്ഞ് തിരിച്ചെടുത്ത സാധനങ്ങളാണ് പുതിയ പാക്കറ്റുകളില്‍ നിറയ്ക്കുന്നതെന്ന് തങ്ങള്‍ക്ക് അറിയില്ലായിരുന്നുവെന്നും പുതിയ സീല്‍ ചെയ്തുകഴിഞ്ഞാല്‍ അപ്പോള്‍ തന്നെ അവ മാറ്റിക്കൊണ്ടുപോവുമായിരുന്നു എന്നും തൊഴിലാളികള്‍ പറഞ്ഞു.
ഇതിനിടെ, പരിശോധന നടക്കുന്നതിനിടയില്‍ തന്നെ ദൃശ്യമാധ്യമങ്ങളോട് സംസാരിച്ച മരട് നഗരസഭാ അധ്യക്ഷ സുനില സിബിക്ക് എതിരേ ചില കമ്പനികള്‍ ഭീഷണി മുഴക്കിയതായും ആരോപണമുണ്ട്.

RELATED STORIES

Share it
Top